June 26, 2026 |
Share on

എബോള ഭീഷണിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ

ആഫ്രിക്ക വീണ്ടുമൊരു എബോള വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. രോഗവ്യാപനവും മരണ നിരക്കും കൂടുന്ന സാഹചര്യത്തിൽ ആഗോള ശ്രദ്ധ ആവശ്യപ്പെടുന്ന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് WHO.

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധയും അതിനെ തുടർന്നുള്ള മരണങ്ങളും  ഉയരുകയാണ്. ഈ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന കോംഗോയിലും ഉഗാണ്ടയിലും ആഗോള ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ വൈറസ് ഔട്ട്ബ്രേക്ക് 88-ഓളം പേരുടെ മരണത്തിന് കാരണമായി. 300-ലധികം പേരിലേക്ക് വൈറസ് ബാധ പടർന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഉഗാണ്ടയുമായും ദക്ഷിണ സുഡാനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ കോംഗോയിലെ നഗരങ്ങളിലാണ് വൈറസ് ബാധ ഏറ്റവും കൂടുതൽ  വ്യാപിച്ചത്. ഉഗാണ്ടയിലും രോഗവ്യാപനം നടക്കുന്നുണ്ട്. ലോകത്താദ്യമായി 1976-ൽ എബോള ആദ്യമായി കോംഗോയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിന് ശേഷം കോംഗോയിൽ നടക്കുന്ന പതിനേഴാമത്തെ വ്യാപനമാണ് ഇത്.

ആഫ്രിക്കയിലെ മുൻകാല എബോള വ്യാപനങ്ങൾ picture credit: cdc

സെയർ, സുഡാൻ, ബണ്ടിബുഗ്യോ എന്നീ മൂന്ന് തരം എബോള വൈറസുകളാണ് മനുഷ്യരിൽ രോഗവ്യാപനത്തിന് കാരണമാകുന്നത്. അതിലെ “ബണ്ടിബുഗ്യോ”എന്ന തരം എബോള വൈറസാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. പനി, ഛർദി, വയറിളക്കം, പേശിവേദന, ആന്തരിക-ബാഹ്യ രക്തസ്രാവം എന്നിവയാണു ലക്ഷണങ്ങൾ. മുൻകാലങ്ങളിൽ കോംഗോയിൽ സെയർ(എബോളയുടെ ഒരു സ്ട്രെയിൻ) വൈറസിന്റെ വ്യാപനമായിരുന്നു ഉണ്ടായിരുന്നത്.

ഇതിന് മുൻപ്  ബണ്ടിബുഗ്യോ എന്ന  സ്ട്രെയിൻ വൈറസ് ആഫ്രിക്കയിൽ രണ്ട് രോഗവ്യാപനങ്ങൾക്ക് കാരണമായിട്ടുണ്ട്. കോംഗോയിൽ 2012 ലും ഉഗാണ്ടയിൽ 2007-ലുമായിരുന്നു അത്. എബോളയുടെ ഈ സ്ട്രെയിനിന്  എതിരെ നിലവിൽ ഫലപ്രദമായ വാക്സിനും മരുന്നും ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഏപ്രിൽ 24 നു ഒരു നഴ്സിൽ ആണ് രോഗം ആദ്യം സ്ഥിരീകരിക്കപ്പെട്ടത്. ആഴ്ചകൾക്കുള്ളിൽ പലരിലും രോഗം സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

എബോളയുടെ സെയർ വകഭേദം picture credit: cdc

മരണനിരക്ക് 50 മുതൽ 90 ശതമാനത്തോളമുള്ള ഗുരുതരമായ വൈറസ് ബാധയാണ് എബോളയെങ്കിലും കോവിഡ് 19 പോലെ ഒരു ആഗോള മഹാമാരിയാകാനുള്ള സാധ്യത എബോളയുടെ കാര്യത്തിലില്ല എന്നതാണ് ആശ്വാസ്യകരമായ കാര്യം. അതിന് കാരണം, കൊറോണ വൈറസുകളെ പോലെ എബോള വായുവിലൂടെ പകരില്ല എന്നതാണ്. വൈറസ് ബാധയേറ്റയാളുടെ ശരീര ദ്രവങ്ങളുമായി നേരിട്ടോ അല്ലാതെയോ  സമ്പർക്കത്തിൽ വരുമ്പോഴാണ് എബോള പകരുന്നത്. 

നിലവിലെ രോഗവ്യാപനം തടയാൻ  വാക്സിനോ മരുന്നോ ഇല്ലാത്തത് കൊണ്ടും കോംഗോയുടെ അതിർത്തി കടന്ന് ഉഗാണ്ടയിലേക്ക് വ്യാപിക്കുന്നത് കൊണ്ടുമാണ്, ലോക ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു ആരോഗ്യ അടിയന്തിരാവസ്ഥയായി WHO ഈ എബോള ഔട്ട്ബ്രേക്കിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അത് മാത്രമല്ല, മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളാണ് കോംഗോയും ഉഗാണ്ടയും. ഒരു നിയന്ത്രണവുമില്ലാതെ സാമൂഹിക ജീവിതം തുടരുന്നതും ആശുപത്രികളിലും മറ്റുമുള്ള  സായുധ സംഘങ്ങളുടെ ആക്രമണവുമൊക്കെ വൈറസ് പടരാനുള്ള സാഹചര്യം വർദ്ധിപ്പിക്കുകയാണ്. 2014-നും 2016-നും ഇടയിൽ ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടായ എബോള വ്യാപനം  28,600 പേരിൽ പടർന്നുപിടിക്കുകയും ഒട്ടേറെ പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരുന്നു. ആ സാഹചര്യം ആവർത്തിക്കാതെ രോഗവ്യാപനം തടഞ്ഞുനിർത്താൻ ലോകരാജ്യങ്ങളുടെ സഹായത്തോടെ മാത്രമേ കോംഗോയ്ക്കും ഉഗാണ്ടയ്ക്കും സാധിക്കുകയുള്ളൂ. 

Content Summary: An Ebola outbreak is spreading in the Democratic Republic of the Congo and Uganda, causing dozens of deaths and raising global concern. The World Health Organization has declared it a public health emergency due to cross-border spread and the lack of an effective vaccine for the Bundibugyo strain.

Leave a Reply

Your email address will not be published. Required fields are marked *

×