യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി പത്തോളം പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ മധ്യേഷ്യൻ രാഷ്ട്രീയം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കടുത്ത എതിർപ്പ് മറികടന്നുള്ള ഈ നീക്കത്തിന് പ്രതികാരമായി വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പദ്ധയിടുകയാണെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പലസ്തീനിയൻ ഭൂമിയായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച സ്ഥലങ്ങളാണിത്.
യൂറോപ്യൻ രാജ്യങ്ങളുടെ ഈ പ്രഖ്യാപനം വലിയ നയതന്ത്ര നീക്കങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇങ്ങനെ സംഭവിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളുമായി ഇസ്രയേലിന്റെ സംഘർഷം കൂടുതൽ വഷളാക്കുകയും, അറബ് രാഷ്ട്രങ്ങളുമായി വൈരുദ്ധ്യം വർധിപ്പിക്കുകയും, ഗാസയിലെ യുദ്ധത്തിൽ നെതന്യാഹുവിനും ഇസ്രയേലിനും പിന്തുണ നൽകുന്ന ട്രംപ് ഭരണകൂടത്തെ അവരുടെ ആഗോള സഖ്യങ്ങളിൽ നിന്ന് കൂടുതൽ അകറ്റുകയും ചെയ്യും.
പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ ബെഞ്ചമിൻ നെതന്യാഹു പരസ്യമായി രംഗത്തെത്തി. ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന് നെതന്യാഹു തുറന്നുപറഞ്ഞു. രാജ്യങ്ങളുടെ നടപടി ഇസ്രയേലിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് പറഞ്ഞ നെതന്യാഹു, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്നും അറിയിച്ചു.
യുണൈറ്റഡ് കിംഗ്ഡവും മറ്റ് ചില രാജ്യങ്ങളും നടത്തിയ പലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളയുന്നു. അത്തരം അംഗീകാരം സമാധാനം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ഭാവിയിൽ സമാധാനപരമായ പരിഹാരം കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നീക്കങ്ങളെ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വിമർശിച്ചു.
ഇസ്രയേൽ യൂറോപ്യൻ യൂണിയന് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിഷയത്തിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇസ്രായേലും ചില അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള അബ്രഹാം അക്കോർഡ്സ് (Abraham Accords) എന്ന കരാറുകൾക്കും ഇത് ഭീഷണിയാകും. നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ നേതാക്കളായ ഇറ്റമർ ബെൻ-ഗ്വിർ, ബെസാലേൽ സ്മോട്രിച്ച് എന്നിവർ വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ നിർദ്ദേശിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുന്ന E1 പ്രോജക്റ്റ് വിപുലീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനോടൊപ്പം നിൽക്കാൻ തന്നെയാണ് അമേരിക്ക ശ്രമിക്കുകയെന്നതും മധ്യേഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ. നയതന്ത്രപരമായ സംഘർഷങ്ങൾക്കിടയിലും അമേരിക്ക ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ (ഹെലികോപ്റ്ററുകളും വാഹനങ്ങളും ഉൾപ്പെടെ) വിൽക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഇത് സൈനിക പിന്തുണ തുടരുമെന്നതിന്റെ സൂചനയാണ്. പ്രധാന രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് ഒരു നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Content Summary: European nations recognizing Palestine as an independent state, Israel is reportedly planning to retaliate by annexing parts of the West Bank
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.