പി.വി അന്‍വര്‍ പിടിച്ചത് ആരുടെ വോട്ട്?

പി.വി.അന്‍വര്‍ ക്ഷീണമുണ്ടാക്കിയിട്ടുള്ളത് ഇടതുപക്ഷത്തിനാണ് എന്നത് വ്യക്തമാണ്. അതെങ്ങനെ?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയ കുതുകികളുടെ പ്രധാന ചോദ്യം പി.വി.അന്‍വര്‍ പിടിച്ചത് ആരുടെ വോട്ട് എന്നുള്ളതാണ്. ഏതാണ്ട് ഇരുപതിനായിരം വോട്ട് പിടിച്ച് ഈ തിരഞ്ഞെടുപ്പിലെ താരമായി പി.വി.അന്‍വര്‍ മാറിയിട്ടും പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് യു.ഡി.എഫ് ജയിച്ചതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. അന്‍വറും യു.ഡി.എഫും പറയുന്നത് ഒരേ കാര്യമായതിനാല്‍ യു.ഡി.എഫിന്റെ വോട്ടായിരിക്കും പിളരുക എന്നതായിരുന്നു പൊതുധാരണ. അന്‍വര്‍ പതിനായിരത്തില്‍ കൂടുതല്‍ വോട്ട് നേടിയാന്‍ യു.ഡി.എഫിന് ക്ഷീണമായിരിക്കും ഇന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പി.വി.അന്‍വര്‍ ക്ഷീണമുണ്ടാക്കിയിട്ടുള്ളത് ഇടതുപക്ഷത്തിനാണ് എന്നത് വ്യക്തമാണ്. അതെങ്ങനെ?

2021-ല്‍ വെറും 2700 വോട്ടുകള്‍ക്ക് വി.വി.പ്രകാശിനെ പി.വി. അന്‍വര്‍ പരാജയപ്പെടുത്തുമ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചവോട്ടുകളേക്കാള്‍ 14,567 വോട്ടുകളുടെ കുറവാണ് ഇത്തവണ ഉള്ളത്. 81, 227 വോട്ടുകളില്‍ നിന്ന് 66660 വോട്ടുകളായി ഇടതു വോട്ടുകള്‍ കുറഞ്ഞു. ഈ കുറവ് യു.ഡി.എഫിനും ഉണ്ടായി. 78527 വോട്ടുകള്‍ 2021-ല്‍ വി.വി പ്രകാശിന് ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ 77737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. അഥവാ വിജയിച്ചപ്പോഴും കോണ്‍ഗ്രസിന് 790 വോട്ടുകള്‍ കുറഞ്ഞു. എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ക്കും ഇടിവുണ്ടായി. 1206 വോട്ടുകളാണ് കുറഞ്ഞത്. ഈ കുറഞ്ഞ വോട്ടുകള്‍ മിക്കവാറും പി.വി.അന്‍വറിന്റെ പോക്കറ്റിലേയ്ക്കാണ് പോയത് എന്നാണ് കണക്ക് കൂട്ടല്‍. കൃത്യമായും അതങ്ങനെ ആകില്ലെങ്കിലും ഏതാണ്ട് ഇതൊരു സൂചകമായി എടുക്കാം.

ഇടതുപക്ഷം ഇതിന് മുമ്പ് പരാജയപ്പെട്ട 2011-ല്‍ ലഭിച്ച വോട്ടുകളുമായി താരതമ്യപ്പെടുത്തി, പി.വി അന്‍വര്‍ രംഗത്ത് വന്നതിന് ശേഷം കൂടുതലായി ലഭിച്ച വോട്ടുകളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായിട്ടുള്ളതെന്നും അഥവാ ‘അന്‍വര്‍ കൊണ്ടുവന്നത് അന്‍വര്‍ കൊണ്ടുപോയി’ എന്ന സമാധാനമാണ് ഇടതു അണികളില്‍ നിന്ന് കാര്യമായി ഉണ്ടാകുന്ന പ്രതികരണം. എന്നാല്‍ അത്രമാത്രം വോട്ട് അന്‍വറിന് യഥാര്‍ത്ഥത്തില്‍ ഈ മണ്ഡലത്തില്‍ ഉണ്ടോ? ഉണ്ടെന്ന് കരുതാനാകില്ല. 2016-ല്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകളും മുസ്ലീം ലീഗ് വോട്ടുകളും യു.ഡി.എഫില്‍ ഉറച്ച് നിന്നില്ല. പി.വി.അന്‍വറിനായി മാത്രമല്ല, അക്കാലത്ത് കോണ്‍ഗ്രസിന് എതിരായിരുന്നു ജനവിധി. 2021-ല്‍ ആകട്ടെ വെറും 2700 വോട്ടുകള്‍ക്കാണ്. സംസ്ഥാനത്തുടനീളം രണ്ടാമതും ആഞ്ഞടിച്ച എല്‍.ഡി.എഫ് തരംഗത്തിന്റെ ഗുണഭോക്താവ് കൂടിയായിരുന്നു പി.വി. അന്‍വറിന് ലഭിച്ച 81,227 വോട്ടുകള്‍ മണ്ഡലത്തിലെ വിവിധ ജനസമൂഹങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ കൂടി ഫലമാണ്. പി.വി.അന്‍വറിന്റേതായി മണ്ഡലത്തില്‍ ഉറച്ച വോട്ടുകള്‍ ഉള്ളത് 7000 മുതല്‍ 8000 വരെയാണ് എന്നാണ് ഇടതുപക്ഷത്തിന്റെ തന്റെ കണക്ക് കൂട്ടല്‍.

2011-ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ എം.തോമസ് മാത്യു 60,733 വോട്ടുകള്‍ മാത്രം നേടിയതുമായല്ല, 2006-ല്‍ സി.പി.ഐ.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ നിലമ്പൂരില്‍ നിന്ന് പി.ശ്രീരാമകൃഷ്ണന്‍ പിടിച്ചിട്ടുള്ള 69452 വോട്ടുകളുമായാണ് ഇത്തവണത്തെ എം.സ്വരാജിന്റെ വോട്ടുകളെ താരതമ്യപ്പെടുത്തേണ്ടത്. അതിന് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.ഐ.എം മത്സരിക്കുന്ന ഈ വേളയില്‍ ഏതാണ്ട് മൂവായിരത്തോളം വോട്ടുകള്‍ സി.പി.ഐ.എമ്മിന് കുറവാണ് ലഭിച്ചിരിക്കുന്നത്. 2006-ല്‍ സംസ്ഥാനത്ത് വി.എസ് തരംഗമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് കേഡര്‍ വോട്ടുകള്‍ മാത്രമല്ല കിട്ടിയത് എന്ന് വാദിക്കാം. പക്ഷേ അറുപതുകള്‍ക്ക് ശേഷം ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ സി.പി.ഐ.എം വോട്ട് ചോദിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

അഥവാ 2006, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിച്ചതിനേക്കാള്‍ കുറവ് വോട്ട് മാത്രമേ ഈ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുള്ളൂ എങ്കില്‍ ഇത്തവണ അവര്‍ക്ക് പ്രതികൂലമായ സാഹചര്യം അഥവാ ഭരണവിരുദ്ധ വികാരം മണ്ഡലത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അര്‍ത്ഥം. പി.വി.അന്‍വര്‍ ചാനലിലൂടെ ഉന്നയിച്ച പല പ്രശ്നങ്ങളും ഈ മൂന്ന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്ത വോട്ടര്‍മാരെ മാറ്റി ചെയ്യാനായി പ്രേരിപ്പിച്ചിട്ടുണ്ട്. അത് പി.വി.അന്‍വര്‍ കൊണ്ടുവന്ന വോട്ടുകളല്ല, ഇടതുപക്ഷം ആകര്‍ഷിച്ച വോട്ടുകളായിരുന്നു. അതാണ് ഇത്തവണ അന്‍വറിലേയ്ക്കും യു.ഡി.എഫിലേയ്ക്കും എത്തിയിട്ടുള്ളത്. അതിനെ എല്ലാം അതിജീവിച്ചും എം.സ്വരാജ് പിടിച്ച 66660 വോട്ടുകളില്‍ അഞ്ച് ശതമാനമെങ്കിലും വ്യക്തിപ്രഭാവത്തിന്റെ അംഗീകാരമായി കണക്കാക്കിയാല്‍ പി.വി.അന്‍വറിലേയ്ക്ക് ഒഴുകിയ വോട്ടുകളില്‍ സിംഹഭാഗവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനൊപ്പം നിന്നവ എന്ന് കണക്ക് കൂട്ടേണ്ടി വരും.  Bye-Election result; Did the Left’s votes go to PV Anwar in Nilambur?

Content Summary; Bye-Election result; Did the Left’s votes go to PV Anwar in Nilambur?

This post was last modified on June 24, 2025 8:00 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment