ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ നീക്കം ഗാസയിലെ ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുകയും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനായിരക്കണക്കിന് റിസർവ് സൈനികരോട് യുദ്ധരംഗത്തേക്കിറങ്ങാൻ ഇസ്രയേൽ സൈനിക നേതാക്കൾ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ തീരുമാനം.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലിന്റെ നിബന്ധനകൾക്ക് വഴങ്ങി വെടിനിർത്തലിന് സമ്മതിക്കുന്നതിനും ഹമാസിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ലക്ഷക്കണക്കിന് പലസ്തീനികളെ തെക്കൻ ഗാസയിലേക്ക് മാറ്റുന്നതിനും ഈ പദ്ധതി കാരണമാകും.
മാർച്ച് പകുതിയോടെ ഇസ്രയേലും ഹമാസും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തൽ പരാജയപ്പെട്ട ശേഷം കനത്ത ആക്രമണമാണ് ഇസ്രയേൽ സൈന്യം ഗാസയിൽ അഴിച്ചുവിട്ടത്. നിരവധി പേരെ കൊല്ലുന്നതിനും വലിയ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനും ഈ ആക്രമണം കാരണമായി. ഗാസയുടെ പകുതിയോളം ഇപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വെടിനിർത്തൽ അവസാനിക്കുന്നതിനു മുമ്പുതന്നെ, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുൾപ്പെടെ എല്ലാ മാനുഷിക സഹായങ്ങളും ഇസ്രയേൽ നിർത്തിവച്ചിരുന്നു. ഇത് ഏകദേശം 19 മാസം നീണ്ടുനിന്ന യുദ്ധത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ്.
ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഭൂമി കൈവശപ്പെടുത്തുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വിതരണം തടയുക, എന്നിവയാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു. സ്വയം ശക്തിപ്പെടുത്തുന്നതിനായി ഹമാസ് ലഭിക്കുന്ന സഹായം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഹമാസിനെതിരെ ശക്തമായ സൈനിക ആക്രമണങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഗാസ പിടിച്ചെടുക്കാനും അവിടുത്തെ ജനങ്ങളെ സ്വമേധയാ ഉള്ള കുടിയേറ്റം എന്ന് ഇസ്രയേൽ വിളിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയത്തെക്കുറിച്ച് ഇസ്രയേൽ നിരവധി രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. യൂറോപ്, അറബ് സഖ്യകക്ഷികൾ തുടങ്ങിയവർ ഈ ആശയത്തെ വ്യാപകമായി അപലപിച്ചു.
വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനുമേൽ ഇസ്രയേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ പുതിയ കരാറിൽ മധ്യസ്ഥത വഹിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഹമാസ് പരാജയപ്പെടുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേൽ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
Content Summary: capture the entire Gaza Strip; Israel cabinet approves the plan