June 14, 2025 |
Share on

ജപ്പാന്‍ കാര്‍ നിര്‍മാതാക്കളുടെ സുരക്ഷ തട്ടിപ്പുകള്‍; ടൊയോട്ട ഉള്‍പ്പെടെ പ്രതികൂട്ടില്‍

ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെട്ട ഡീസല്‍ഗേറ്റിന് സമാനമോ?

ജപ്പാനിലെ കാര്‍ വ്യവസായത്തിനുള്ളില്‍ പലവിധ തട്ടിപ്പുകളും നടക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷ സംവിധാനത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്കെതിരായ പരാതി. ടൊയോട്ട, മസ്ദ, സുസുക്കി, യമഹ എന്നിവര്‍ അവരുടെ വാഹനങ്ങളെ സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ തെറ്റായതോ അല്ലെങ്കില്‍ മാറ്റം വരുത്തിയതോ ആയ പരിശോധന വിവരങ്ങള്‍ സമര്‍പ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ 2015 ല്‍ ഫോക്‌സ്‌വാഗണ്‍ നടത്തിയ കള്ളത്തരത്തിന് സമാനമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.  car testing scandal in japan, toyota, mazda, suzuki and yamaha were found to have submitted incorrect or manipulated test data when they certified their vehicles

ടൊയോട്ടയ്‌ക്കെതിരായ നടപടി
സര്‍ക്കാര്‍ പരിശോധനയ്ക്കു പിന്നാലെ, ലോകത്തില്‍ ഏറ്റവുമധികം കാര്‍ വില്‍പ്പന നടത്തുന്ന ടൊയോട്ട അവരുടെ മൂന്നു മോഡലുകളുടെ ആഭ്യന്തര കയറ്റുമതി നിര്‍ത്തിവച്ചു. പുതിയൊരു മോഡലിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതില്‍ ടൊയോട്ട പരാജയപ്പെട്ടുവെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പനിയുടെ ഹെഡ് ഓഫിസില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞാഴ്ച്ച പരിശോധന നടത്തിയിരുന്നു. ടൊയോട്ടയുടെ എതിരാളികളായ ഹോണ്ട, മസ്ദ, സുസുക്കി, യമഹ എന്നിവരും മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് വ്യാജ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര കാര്‍ വിപണയില്‍ കടുത്ത മത്സരം നടക്കുന്നതിനിടയില്‍, ഇത്തരം അഴിമതികള്‍ ജപ്പാന്‍ കാര്‍ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് വാഹനങ്ങളുടെ വില്‍പ്പന കുതിച്ചുയരുന്നതിന്റെ പിന്‍ബലത്തില്‍, ജപ്പാനെ മറികടന്ന് കാര്‍ കയറ്റുമതിയില്‍ ചൈന ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ അഴിമതി വിവരങ്ങളും പുറത്തു വന്നിരിക്കുന്നത്.

ടൊയോട്ട ഇപ്പോള്‍ നേരിട്ടതിന് സമാന തിരിച്ചടി ഫോക്‌സ്‌വാഗണ്‍ നേരിട്ടിരുന്നു. 2015 ല്‍, പുകപരിശോധന ഫലങ്ങള്‍ വിജയകരമാക്കാനായി വ്യാജ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുവെന്ന് ജര്‍മന്‍ വാഹന നിര്‍മാണ ഭീമന്‍ സമ്മതിച്ചതിനു പിന്നാലെ കമ്പനിയുടെ സത്‌പേരും വില്‍പ്പനയും കുത്തനെ ഇടിഞ്ഞിരുന്നു. ഡീസല്‍ഗേറ്റ് അഥവ എമിഷന്‍ഗേറ്റ് എന്നറിയപ്പെടുന്ന ഈ അഴിമതി വാഹന വിപണയിലെ ഏറ്റവും വലുതും നാണക്കേടായതുമായ സംഭവമായിരുന്നു. 30 ബില്യണ്‍ ഡോളറാണ് ഫോക്‌സ് വാഗണ് പിഴയായി അടയ്‌ക്കേണ്ടി വന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മറ്റ് പല വാഹന നിര്‍മാതാക്കള്‍ക്കും നേരിടേണ്ടി വന്നു.

ടൊയോട്ടയുടെ ഉപകമ്പനിയായ ഡായ്ഹട്‌സുവാണ് കഴിഞ്ഞ ഡിസംബറില്‍ ആദ്യമായി അഴിമതിയാരോപണം നേരിടുന്നത്. ചെറിയ മോഡലുകളിലുള്ള കാറുകളിലൂടെ പ്രശസ്തരായവരാണ് ഡായ്ഹട്‌സു. എഞ്ചിന്‍ പെര്‍ഫോമന്‍സ്, ക്രാഷ് പെര്‍ഫോമന്‍സ് എന്നിവ ഉള്‍പ്പെടെ 1980 കളുടെ അവസാനം മുതലുള്ള പല സുരക്ഷാപരിശോധനകളിലും ഇവര്‍ കൃത്രിമത്തം കാണിച്ചിട്ടുള്ളതായി കമ്പനിക്ക് സമ്മതിക്കേണ്ടി വന്നു. ഡായ്ഹട്‌സുവിന്റെ 64 മോഡലുകള്‍ക്ക് മേല്‍ ഈ ആരോപണം ഉണ്ടായി.

അന്വേഷണങ്ങള്‍ക്ക് പിന്നാലെ മാസങ്ങളോളം ഡായ്ഹട്‌സുവിന്റെ ജപ്പാനിലെ എല്ലാ നിര്‍മാണങ്ങളും നിര്‍ത്തിവെച്ചു, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവിനെ മാറ്റി. ഏപ്രിലോടെ, ജപ്പാന്റെ ഗതാഗത മന്ത്രാലയം ഡായ്ഹട്‌സു നിര്‍മിക്കുന്ന വാഹനങ്ങള്‍ ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് കയറ്റുമതിയില്‍ അവര്‍ക്ക് കല്‍പ്പിച്ചിരുന്ന നിരോധനം നീക്കുന്നത്.

ഡായ്ഹട്‌സു കള്ളത്തരം കാണിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെ ഗതാഗത മന്ത്രാലയം മറ്റ് കാര്‍ നിര്‍മാതാക്കളുടെയും പാര്‍ട്‌സ് വിതരണക്കാരുടെയും മുന്‍ വര്‍ഷങ്ങളിലെ പരിശോധനാ ഫലങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാനും, വാഹനങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. ടൊയോട്ട ഉള്‍പ്പെടെ 85 കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

2014, 2015, 2020 എന്നീ വര്‍ഷങ്ങളില്‍ നടത്തിയ ആറ് മൂല്യനിര്‍ണയങ്ങളില്‍, ജപ്പാനില്‍ വില്‍ക്കുന്ന ഏഴ് മോഡലുകള്‍ക്കായുള്ള സര്‍ട്ടിഫിക്കേഷന്‍ പരിശോധനകളില്‍ വലിയ കബളിപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ടൊയോട്ട കമ്പനി സമ്മതിച്ചിരിക്കുന്നത്.

പരിശോധനയില്‍ പഴയതോ അല്ലെങ്കില്‍ അപര്യാപ്തമായതോ ആയ ഡാറ്റകള്‍ ഉപയോഗിച്ചുവെന്നും, എയര്‍ബാഗ് പ്രവര്‍ത്തനം, കൂട്ടിയിടികളില്‍ പിന്‍ സീറ്റുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ എന്നിവയുടെ പരിശോധനയില്‍ തെറ്റായ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതുമാണ് കമ്പനി കാണിച്ചിരിക്കുന്ന കള്ളത്തരങ്ങള്‍. ഉദ്ദാഹരണത്തിന്, ഒരു മോഡലിന്റെ ബോണെറ്റിന്റെ രണ്ട് ഭാഗത്തെയും ക്ഷതം കാണിക്കേണ്ടിടത്ത് ഒരു ഭാഗത്തെ മാത്രം ക്ഷതം കമ്പനി കാണിച്ചു. അതുപോലെ എമിഷന്‍സ് ടെസ്റ്റുകളിലും ടൊയോട്ട കള്ളത്തരം കാണിച്ചു.

തെറ്റായ പരിശോധന ഫലങ്ങള്‍ കാണിച്ച ഏതാനും മോഡലുകളുടെ ഉത്പാദനവും വിതരണവും ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്. കൊറോള ഫീല്‍ഡര്‍, കൊറോള ആക്‌സിയോ, യാരിസ് ക്രോസ് എന്നീ മോഡലുകളുടെടെ നിര്‍മാണം താത്കാലികമായി നിര്‍ത്തി. എന്നാല്‍ ജപ്പാന് പുറത്തുള്ള കാര്‍ നിര്‍മാണത്തില്‍ ടൊയോട്ടയ്ക്ക് തിരിച്ചടിയുണ്ടായിട്ടില്ല.

സമാന കള്ളത്തരങ്ങളുമായി മറ്റ് നിര്‍മാതാക്കളും
ടൊയോട്ടയുടെ എതിരാളിയായ മസ്ദയും സമാനമായ ക്രമവിരുദ്ധ സര്‍ട്ടിഫിക്കേഷന്‍ പരിശോധനകള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. തെറ്റായ എഞ്ചിന്‍ നിയന്ത്രണ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതും, നിര്‍മാണം അവസാനിപ്പിച്ച മൂന്നു മോഡലുകളുടെ ക്രാഷ് ടെസ്റ്റില്‍ കള്ളത്തരം കാണിച്ചതും അവര്‍ സമ്മതിച്ചു. കബളിപ്പിക്കല്‍ കണ്ടെത്തിയതിനു പിന്നാലെ റോഡ്സ്റ്റര്‍, മാസ്ദ 2 എന്നീ മോഡലുകളുടെ നിര്‍മാണം കമ്പനി നിര്‍ത്തിവച്ചു.

നിര്‍ത്തലാക്കിയ ഡസണ്‍ കണക്കിന് മോഡലുകളില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ നടത്തിയ നോയ്‌സ്, ഔട്ട്പുട്ട് ടെസ്റ്റുകളില്‍ കള്ളത്തരം കാണിച്ചിട്ടുണ്ടെന്ന് ഹോണ്ട സമ്മതിച്ചു. യമഹ അവരുടെ മൂന്ന് ബൈക്ക് മോഡലുകളില്‍ ശബ്ദനില പരിശോധനയില്‍ വ്യാജ ഫലങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സമ്മതിച്ചു.

ഫോക്‌സ് വാഗണും ഡീസല്‍ഗേറ്റും
ടൊയോട്ടയും അവരുടെ മറ്റ് ജാപ്പനീസ് എതിരാളികളും ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏകദേശം ഒരു ദശാബ്ദം മുമ്പ് ഫോക്‌സ് വാഗണ്‍ നേരിട്ട(ഡീസല്‍ഗേറ്റ്) ദുരന്തത്തോട് സമാനമാണെന്നാണ് വ്യവസായ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഡീസല്‍ഗേറ്റ് വിഷയം ഇതിനെക്കാള്‍ വഷളായിരുന്നു.

‘ഡീസല്‍ഗേറ്റ് യുഎസ് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കേസ് ആയിരുന്നു,’ എന്നാണ് ജര്‍മ്മനിയിലെ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് (ഇഅഞ) ഡയറക്ടര്‍ ഫെര്‍ഡിനാന്‍ഡ് ഡുഡെന്‍ഹോഫര്‍ പറയുന്നത്. ‘അതുമായി ജപ്പാനില്‍ നടന്ന സുരക്ഷ തട്ടിപ്പ് താരതമ്യപ്പെടുത്താവുന്നതല്ല എന്നാണ് അദ്ദേഹം പറയുന്നത്.

ലബോറട്ടറി പരിശോധനയ്ക്കിടയില്‍ ഡീസല്‍ എഞ്ചിനുകളുടെ എമിഷന്‍ കണ്‍ട്രോള്‍ സജീവമാക്കാന്‍ വേണ്ടി കൃത്രിമത്വം കാണിക്കുക വഴി ഫോക്‌സ്‌വാഗണ്‍ യുഎസ് ക്ലീന്‍ എയര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

വോക്‌സ്‌വാഗണ്‍ വാഹനങ്ങളെക്കുറിച്ച് ലോകത്ത് പല രാജ്യങ്ങളിലും അന്വേഷണം നടന്നു. വിവിധ സര്‍ക്കാരുകള്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ബില്യണ്‍ ഡോളര്‍ പിഴ വിധിച്ചു. നിയമവിരുദ്ധ ഉപകരണം ഘടിപ്പിച്ചെന്ന് കണ്ടെത്തിയ 11 ദശലക്ഷം വാഹനങ്ങളുടെ ഉടമകള്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടണമെന്ന് വാദിച്ചു.

ഡീസല്‍ഗേറ്റ് വിവാദം വോക്‌സ്‌വാഗണ്‍ വില്‍പ്പനയില്‍ ആദ്യകാലത്ത് കനത്ത നഷ്ടം ഉണ്ടാക്കിയെങ്കിലും പതിയെ ഉപഭോക്താക്കള്‍ അതെല്ലാം മറന്ന് വീണ്ടും കമ്പനിയുടെ ആരാധകരായി മാറിയതോടെ വോക്‌സ് വാഗണ്‍ വില്‍പ്പന വീണ്ടും വളര്‍ന്നു. അതുകൊണ്ട് തന്നെ ജപ്പാന്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വില്‍പ്പന തളര്‍ച്ച താത്കാലികമായിരിക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഓട്ടോ റിസര്‍ച്ച് ഹൗസ് ജാറ്റോ ഡൈനാമിക്‌സിലെ സീനിയര്‍ അനലിസ്റ്റ് ഫിലിപ്പ് മുനോസ് ഡിഡബ്ല്യുവിനോട് പറഞ്ഞത്. ലോകത്തില്‍ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മാതാക്കള്‍ എന്ന നിലയില്‍ ടൊയോട്ട അതിന്റെ സ്വീകാര്യത വളരെ വേഗം തിരിച്ചു പിടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മാപ്പ് പറഞ്ഞ് ടൊയോട്ട, തെറ്റുകള്‍ തിരുത്തും
ജപ്പാന്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത് അവര്‍ ടൊയോട്ടയുടെയും മറ്റ് നാല് പ്രമുഖ നിര്‍മാതാക്കളുടെയും മുഖ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്നാണ്. അന്വേഷണം കുറച്ചു മാസങ്ങള്‍ കൂടി നീളുമെന്നും, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അഴിമതിയുടെ സാമ്പത്തിക ആഘാതം എത്രത്തോളമാണെന്ന് പൂര്‍ണമായി വിലയിരുത്തിയിട്ടില്ലെന്നും പറയുന്നു. ആഘാതം വലുതായി ഉണ്ടാകില്ലെന്ന പ്രത്യാശയാണ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസാ ഹയാഷി പ്രകടിപ്പിച്ചത്. സാമ്പത്തിക നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവിച്ച കാര്യങ്ങളില്‍ ടൊയോട്ട ചെയര്‍മാന്‍ അകിയോ ടൊയോഡോ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ചില സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങള്‍ വളരെ കര്‍ശനമാണെന്നും നിയമലംഘനങ്ങളെ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് ടൊയോഡോ പറഞ്ഞത്. നിരവധി പുതിയ മോഡലുകള്‍ വികസിപ്പിക്കുന്ന സമയത്ത് കമ്പനി അതിന്റെ പരീക്ഷണ പ്രക്രിയയില്‍ ചില കുറുക്കുവഴികള്‍ സ്വീകരിച്ചിട്ടുണ്ടാകാമെന്നും ചെയര്‍മാന്‍ പറഞ്ഞു. ‘ ഞങ്ങള്‍ എല്ലാം തികഞ്ഞവരല്ല, പക്ഷേ ഒരു തെറ്റ് കണ്ടാല്‍ പിന്നോട്ടിറങ്ങി അത് തിരുത്താന്‍ ശ്രമിക്കും’ ടൊയോട്ട ചെയര്‍മാന്‍ തങ്ങളുടെ നയം വ്യക്തമാക്കിയതിങ്ങനെയാണ്.

Content Summary; car testing scandal in japan, toyota, mazda, suzuki and yamaha were found to have submitted incorrect or manipulated test data when they certified their vehicles

Leave a Reply

Your email address will not be published. Required fields are marked *

×