UPDATES

വിശുദ്ധ പദവിയില്‍ 15 കാരനായ കമ്പ്യൂട്ടര്‍ ജീനിയസ്

കാര്‍ലോ അക്യൂട്ടിസ്; കത്തോലിക്ക സഭയുടെ ‘മൂന്നാം സഹസ്രാബ്ദത്തിലെ പ്രഥമ വിശുദ്ധന്‍

                       

15-മത്തെ വയസില്‍ രക്താര്‍ബുദബാധിതനായി മരണമടഞ്ഞ കാര്‍ലോ അക്യൂട്ടിസ് ഇനി മുതല്‍ കത്തോലിക്ക സഭയിലെ ‘ മൂന്നാം സഹസ്രാബ്ദത്തിലെ പ്രഥമ വിശുദ്ധന്‍’ ( മിലേനിയല്‍ സെയ്ന്റ-1980 കളുടെ ആരംഭം മുതല്‍ 90 കളുടെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ജനിച്ചവരെയാണ് മിലേനിയല്‍ എന്നു വിളിക്കുന്നത്. ഈ കാലഘട്ടത്തില്‍ ജനിച്ച് വിശുദ്ധ പദവിക്ക് അര്‍ഹനാകുന്ന ആദ്യത്തെ വ്യക്തിയാണ് കാര്‍ലോ അക്യൂട്ടിസ്). ആന്‍ഡ്രിയ അക്യൂട്ടിസ്-ആന്റോണിയ സല്‍സാനോ ദമ്പതികളുടെ മകനായി 1991 ല്‍ ലണ്ടനിലാണ് കാര്‍ലോ അക്യൂട്ടിസ് ജനിക്കുന്നത്. കാര്‍ലോയുടെ കുട്ടിക്കാലത്ത് ഇറ്റലിക്കാരായ മാതാപിതാക്കള്‍ മിലാനിലേക്ക് കുടിയേറി. carlo acutis first millennial saint

കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന കാര്‍ലോ, 2016 ല്‍ മരണത്തെ സ്വീകരിക്കുന്നതുവരെ കത്തോലിക്ക സഭയുടെ ആശയപ്രചാരകനായി ഇന്റര്‍നെറ്റ് ലോകത്ത് സജീവമായിരുന്നു. കാര്‍ലോയുടെ രണ്ടാമത്തെ മരണാനന്തര അത്ഭുതത്തിനും വ്യാഴാഴ്ച്ച മാര്‍പാപ്പ അംഗീകരം നല്‍കിയതോടെയാണ് കൗമാരക്കാരനായ കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ഉത്തരവിറങ്ങിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ പദവിയേറ്റശേഷം ഇതുവരെ 912 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരില്‍ എല്ലാവരും തന്നെ 1926 ന് മുമ്പ് ജനിച്ചവരായിരുന്നു.

മൂന്നാം വയസ് മുതല്‍ പള്ളിയില്‍ പോകണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കാര്‍ലോയുടെ അമ്മ അന്റോണിയ ഇറ്റാലിയന്‍ മാധ്യമത്തോട് സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയത്. പോക്കറ്റ് മണിയായി കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് കൊടുക്കാനായിരുന്നു കാര്‍ലോ താത്പര്യപ്പെട്ടിരുന്നതെന്നും അമ്മ പറയുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് ആത്മവിശ്വാസം കൊടുക്കാനും, ശാരീരികപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അവഹേളനങ്ങളില്‍ അവരെ പ്രതിരോധിക്കാനും, നിരാലംബരായ മനുഷ്യര്‍ക്ക് ഭക്ഷണവും സ്ലീപ്പിംഗ് ബാഗുകളും വിതരണം ചെയ്യാനും കാര്‍ലോ എപ്പോഴും താത്പര്യം കാണിച്ചിരുന്നതായും അമ്മ വിവരിക്കുന്നുണ്ട്.

കമ്പ്യൂട്ടര്‍ കോഡിംഗില്‍ പ്രൈമറി സ്‌കൂള്‍ തലത്തില്‍ തന്നെ കാര്‍ലോ വൈദഗ്ധ്യം കാണിച്ചിരുന്നു. കത്തോലിക്ക സംഘടനകള്‍ക്കായി വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച കാര്‍ലോ അതിലൂടെ ലോകമെമ്പാടും നടന്ന അത്ഭുതപ്രവര്‍ത്തികള്‍ അടയാളപ്പെടുത്തുകയും ചെയ്തു. മരണശേഷം സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നുവെന്നു വിശ്വസിക്കുന്നവരെ വിളിച്ച് പ്രാര്‍ത്ഥിക്കുകയെന്നത് കത്തോലിക്ക മതവിശ്വാസത്തിന്റെ ഭാഗമാണ്. സ്വര്‍ഗസ്ഥരായ മനുഷ്യരെ ദൈവത്തോട് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ മധ്യസ്ഥരായാണ് വിശ്വാസികള്‍ കരുതുന്നത്. ഇത്തരത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലമായി രോഗശാന്തിപോലുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ അവയെ അത്ഭുതപ്രവര്‍ത്തിയായി വത്തിക്കാന്‍ പ്രഖ്യാപിക്കും. അത്ഭുതപ്രവര്‍ത്തികള്‍ക്ക് കാരണമായ വ്യക്തിയെ മാര്‍പ്പാപ്പയുടെ അനുമതിയോടെ മരാണനന്തര വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

കന്യാമറിയത്തിന്റെ പ്രതിമ കരഞ്ഞതും, പൊരിച്ച ബ്രഡ്ഡില്‍ ക്രിസ്തുവിനെ കണ്ടതുമൊന്നും കണ്ണടച്ച് വിശ്വസിക്കേണ്ട

അപൂര്‍വമായ പാന്‍ക്രിയാസിസ് രോഗത്താല്‍ വലഞ്ഞിരുന്ന ബ്രസീലില്‍ നിന്നുള്ള ഏഴു വയസുകാരന്‍ കാല്‍ലോയുടെ പടമുള്ള ടീ ഷര്‍ട്ടില്‍ നിന്നുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി രോഗവിമുക്തനായി എന്നാണ് വിശ്വസിക്കുന്നത്. ബാലന്റെ രോഗമുക്തിക്കായി ഒരു കക്കോലിക്ക പുരോഹിതന്‍ കാര്‍ലോയോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഏഴു വയസുകാരന്റെ രോഗവിമുക്തി കാര്‍ലോയുടെ അത്ഭുതപ്രവര്‍ത്തിയായി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെയാണ്, 15 കാരന്റെ ആദ്യ അത്ഭുതപ്രവര്‍ത്തിക്ക് അംഗീകരം കിട്ടുന്നത്.

അത്ഭുത പ്രവര്‍ത്തികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അവയുടെ സാധുത പരിശോധിച്ച് സ്ഥിരീകരിക്കാന്‍ വത്തിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ദ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ സെന്റ് കോസസ് എന്നറിയപ്പെടുന്ന സമതിയുടെ സ്ഥിരീകരണം അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ വിശുദ്ധരെ പ്രഖ്യാപിക്കുന്നത്.

കാര്‍ലോ അക്യൂട്ടിസിന്റെ രണ്ടാമത്തെ അത്ഭുതപ്രവര്‍ത്തി കോസ്റ്റ റിക്കക്കാരിയായ വലേറിയ വല്‍വെര്‍ദയുമായി ബന്ധപ്പെട്ടാണ്. 2022 ല്‍ ഫ്‌ളോറന്‍സില്‍ വച്ചുണ്ടുണ്ടായ ബൈക്ക് അപകടത്തില്‍ 21 കാരിയായ വലേറയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വലേറിയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും അവളുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. അപകടത്തിന്റെ ആറാം നാള്‍ അസീസിയിലെ ഉംബ്രിയന്‍ നഗരത്തില്‍ കാര്‍ലോയെ അടക്കം ചെയ്ത ശവകൂടീരത്തില്‍ വന്ന് വലേറിയയുടെ അമ്മ മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതേ ദിവസം തന്നെ വലേറ വെന്റിലേറ്ററിന്റെ സഹായം കൂടെ ശ്വസിച്ചുവെന്നും കൈകാലുകള്‍ അനക്കിയെന്നുമാണ് സഭ സാക്ഷ്യം പറയുന്നത്. പത്തു ദിവസത്തിനുശേഷം വലേറയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയെന്നും സ്‌കാനിംഗില്‍ അവളുടെ തലച്ചോറിലെ ക്ഷതം സുഖം പ്രാപിച്ചതായി കണ്ടെത്തിയുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഈ ആത്ഭുതപ്രവര്‍ത്തിയും കൂടി അംഗീകരിച്ചാണ് മാര്‍പാപ്പ കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

Content Summary; Carlo Acutis who died aged 15 to become catholic church’s first millennial saint

Share on

മറ്റുവാര്‍ത്തകള്‍