വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്. പുകവലിക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കിയില്ലെന്ന പരാതിയിൽ പബ്ബ് മാനേജർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസെടുത്തു. കോപ്റ്റ( COPTA) നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. റസ്റ്റോറന്റുകളിൽ പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിന് കോപ്റ്റയുടെ 4, 21 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്.
ഇതിന് മുൻപും താരത്തിന്റെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തിൽ പെട്ടിട്ടുണ്ട്. അനുവദനീയമായ സമയം കഴിഞ്ഞിട്ടും പബ്ബ് പ്രവർത്തിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അർധ രാത്രി ഒരു മണി കഴിഞ്ഞിട്ടും പബ്ബ് അടയ്ക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചതിനെ തുടർന്ന് സമീപവാസികൾ നൽകിയ പരാതിയിലായിരുന്നു അന്ന് കേസെടുത്തിരുന്നത്. എംജി റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8 നെതിരെയും നടപടിയുണ്ടായത്.
രത്‌നം കോംപ്ലക്സിന്റെ മുകളിലത്തെ നിലയിലുള്ള പബ്ബിൽ പുലർച്ചെ ഒരു മണിക്ക് ശേഷവും തിരക്ക് അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും പട്രോളിംഗ് നടത്തുന്നതിനിടെ നിയമലംഘനം കണ്ടെത്തുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
2024 ഡിസംബറിൽ അഗ്നി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് വൺ8 കമ്യൂണിന് നോട്ടീസ് നൽകിയിരുന്നു. സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി.യില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെംഗളൂരു കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍ഒസിയില്ലെന്ന് കണ്ടെത്തിയത്. തുടർന്ന വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് അന്ന് കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ഡൽഹിയിലും മുംബൈയിലും വിജയമായതിനെ തുടർന്നാണ് കോഹ്ലിയുടെ പബ്ബ് 2023 ഡിസംബറിൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കുന്നത്. ബെംഗളൂരു തന്റെ പ്രിയപ്പെട്ട നഗരമാണെന്നും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്നും കോഹ്‌ലി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, അതുകൊണ്ടാണ് റസ്റ്റോറന്റിനായി താൻ ആ നഗരം തിരഞ്ഞെടുത്തതെന്നും കൂട്ടിച്ചേർത്തു.
Content Summary: Case filed against Virat Kohli’s pub in Bengaluru