ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായാണ് നാം തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പൗരന്‍ തന്റെ ഭരണാധികാരിയെ സ്വതന്ത്രമായും നിഷ്പക്ഷമായും തിരഞ്ഞെടുക്കുന്ന ഈ പ്രക്രിയയിലാണ് ഒരു രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. എന്നാല്‍, രാഷ്ട്രീയത്തില്‍ വോട്ടര്‍മാരെ പണവും പാരിതോഷികങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യല്ലാണ്.
വളരെ ചെലവുണ്ട് ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും ആ പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കാന്‍ പണം ചെലഴിക്കുമ്പോള്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അവരുടെ പ്രചാരണത്തിനായി അതിലേറേ ചെലവിടുന്നു.
ഇത്തവണ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ ചെലവായി പരമാവധി 40 ലക്ഷം ഉപയോഗിക്കാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ വോട്ടെടുപ്പ് കഴിയും വരെയുള്ള കൃത്യമായ ചെലവ് രേഖപ്പെടുത്തി കമ്മീഷന് സമര്‍പ്പിക്കണം. പ്രചാരണ വാഹനങ്ങള്‍, അനൗണ്‍സ്‌മെന്റ് സാമഗ്രികള്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, തിരഞ്ഞെടുപ്പ് റാലികള്‍ എന്നിവയ്‌ക്കെല്ലാം ചെലവാക്കുന്ന തുക 40 ലക്ഷത്തിന്റെ പരിധിയില്‍ നില്‍ക്കണം. കേരളത്തില്‍ ഇത്തവണ 140 മണ്ഡലങ്ങളില്‍ നിന്നായി 883 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഒരോ ആളും 40 ലക്ഷം എന്ന പരമാവധി തുക ചെലവഴിച്ചാലും ആകെ 353 കോടി രൂപ വരും. പക്ഷേ നമുക്കറിയാം, ഇതെത്രയോ ചെറിയ കണക്കാണെന്ന്. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 40,000 മുതല്‍ 50,000 കോടി വരെ ചെലവഴിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏകദേശം 10,000 കോടി കമ്മീഷനും സര്‍ക്കാരും ചെലവഴിക്കുന്ന പണമാണ്. ബാക്കി അധികാരം പിടിക്കാന്‍ രാഷ്ട്രീയക്കാര്‍ മുടക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കേണ്ടത്, ഒരു നിയമസഭ തിരഞ്ഞെടുപ്പ് കേവലം 353 കോടിക്ക് അവസാനിക്കുമോയെന്നാണ്!
സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണമോ സാരിയോ മറ്റ് ഉപഹാരങ്ങളോ നല്‍കുന്നത് കേവലം ഒരു അഴിമതിയല്ല, മറിച്ച് അത് ജനങ്ങളുടെ ദാരിദ്ര്യത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്യലാണ്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഗൗരവകരമാണ്. വോട്ടര്‍മാര്‍ക്ക് പണവും സാരിയും വിതരണം ചെയ്തു എന്ന ആരോപണം ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. വോട്ട് എന്നത് ഒരു പൗരന്റെ അവകാശമാണ്, അത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നത് ജനവിധി അട്ടിമറിക്കുന്നതിന് തുല്യമാണ്.
ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ വസ്തുതാപരമായി നേരിടുന്നതിന് പകരം, ചോദ്യം ചെയ്യുന്നവരോട് ‘അടിച്ചു നിന്റെ കരണക്കുറ്റി പൊട്ടിക്കും’ എന്ന രീതിയിലുള്ള ഭീഷണികള്‍ ഒരു ജനപ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതല്ല. വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും ജനാധിപത്യപരമായി നേരിടാനുള്ള പക്വതയാണ് രാഷ്ട്രീയ നേതാക്കള്‍ കാണിക്കേണ്ടത്. ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും വോട്ട് നേടാന്‍ ശ്രമിക്കുന്നത് അധികാരത്തോടുള്ള അമിതമോഹത്തിന്റെ ഫലമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴുക്കുന്ന പണത്തിന് പിന്നില്‍ പില്‍ക്കാലത്ത് അവര്‍ നടത്താനിരിക്കുന്ന അഴിമതിയുടെ വിത്തുകളുണ്ടെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയണം. ഇന്ന് സ്വീകരിക്കുന്ന ഒരു ചെറിയ പാരിതോഷികം, നാളെ നമ്മുടെ നാടിന്റെ വികസനത്തെയും നീതിയെയും ഇല്ലാതാക്കിയേക്കാം.
പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തം ഭാവി വില്‍ക്കുന്നതിന് തുല്യമാണ്. വികസനവും രാഷ്ട്രീയ നയങ്ങളുമാകണം തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങള്‍, അല്ലാതെ പണക്കൊഴുപ്പല്ല. ഭീഷണികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാതെ, സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തുക.
ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമല്ല, അത് ധാര്‍മ്മികതയുടെയും മൂല്യങ്ങളുടെയും കൂടി സംരക്ഷണമാണ്. പണവും ഭീഷണിയും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ ജനവിധിക്ക് അര്‍ഹരല്ല. വോട്ടര്‍മാര്‍ കൂടുതല്‍ ജാഗരൂകരാകുകയും, ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമ്പോഴേ നമ്മുടെ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകൂ.
പണം നല്‍കുന്ന സ്ഥാനാര്‍ത്ഥി മാത്രമല്ല, അത് സ്വീകരിക്കുന്ന വോട്ടറും നിയമത്തിന് മുന്നില്‍ കുറ്റക്കാരനാണ്. നമ്മുടെ വോട്ട് ഒരു അവകാശമാണ്, അതൊരു കച്ചവടച്ചരക്കല്ല. ജനാധിപത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വോട്ടര്‍മാരുടെ ജാഗ്രത അത്യാവശ്യമാണ്.
Content Summary: Cash for votes, bribery allegations, and the core values of democracy. Kerala Assembly Election 2026.
This post was last modified on April 8, 2026 3:57 pm
Leave a Comment