June 03, 2026 |
Share on

കേരളത്തിൽ യുഡിഎഫ് സുനാമി

2026 നിയമസഭാതിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം കാഴ്ച്ചവച്ച് യുഡിഎഫ്.ചരിത്രമുന്നേറ്റം നടത്തി എൻഡിഎ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി യുഡിഎഫ്. ഇതോടെ മൂന്നാം ഭരണമെന്ന എൽഡിഎഫിന്റെ പ്രതീക്ഷ നിഷ്പ്രഭമായി. 140 നിയോജക മണ്ഡലങ്ങളിലെ 102-ഉം ഇനി യുഡിഎഫിന് സ്വന്തം. സെഞ്ച്വറിയടിച്ച് ഭരണത്തിൽ വരുമെന്ന് പറഞ്ഞ വി.ഡി സതീശന്റെ കണക്കുകൂട്ടലുകൾ അച്ചെട്ട് ശരിയാകുകയായിരുന്നു. എന്നാൽ, 2021-ൽ 99 സീറ്റുകൾ നേടി രണ്ടാം ഭരണത്തിലേക്ക് മുന്നേറിയ എൽഡിഎഫിന്റെ എല്ലാ കണക്കുകൂട്ടലുകളും ചീട്ടുകൊട്ടാരമിടിയുന്ന പോലെ പൊട്ടിപ്പൊളിയുന്ന കാഴ്ച്ചയ്ക്കാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫ് ഇത്തവണ നേടിയത്. ചരിത്രത്തിലാദ്യമായി ബിജെപി കേരള നിയമസഭയിൽ മൂന്ന് സീറ്റുകൾ നേടി. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തുമാണ് എൻഡിഎ വിജയിച്ചത്. 2021-ൽ പൂട്ടിപ്പോയ അക്കൗണ്ടിന് പകരമായി മൂന്ന് എണ്ണമാണ് ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ തുറന്നിരിക്കുന്നത്.

ഇത് യുഡിഎഫിന്റെ ചരിത്ര വിജയം

“നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് പറയുമ്പോൾ എന്റെ മനസ്സിൽ ഒരു നമ്പർ ഉണ്ടായിരുന്നു, അത് 102 ആണ്”- തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.  രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും താൻ നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ വലിയ ചരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒരു കുടുംബം പോലെ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണിതെന്നും ഈ ഉജ്ജ്വല വിജയത്തിന് കാരണക്കാരായ വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വി.ഡി സതീശന്റെ കണക്കുകൂട്ടലുകൾ കൃകൃത്യമായിരുന്നു എന്നുതന്നെയാണ്.

എൽഡിഎഫ് കോട്ടകൾ തകർന്നു 

മൂന്നാം ഭരണമെന്ന സ്വപ്നം പൊലിഞ്ഞതോടൊപ്പം, കാലങ്ങളായി കെട്ടുറപ്പോടെ നിലനിർത്തിയ എൽഡിഎഫ് കോട്ടകൾ കൈവിട്ടതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് നൽകിയത്. ഇടുക്കി, മലപ്പുറം, വയനാട്, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ നിന്ന് എൽഡിഎഫിന് ഒരു സീറ്റുപോലും കിട്ടിയില്ല. 13 മന്ത്രിമാർ കൂട്ടത്തോൽവിയാണ് നേരിട്ടത്. വി. ശിവൻകുട്ടി, പി. രാജീവ്, എം.ബി രാജേഷ്, വീണ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ വാസവൻ, ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, ഒ.ആർ. കേളു, ചിഞ്ചുറാണി, ഇ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, കെ.ബി ഗണേഷ് കുമാർ എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായിരുന്നു. ഒടുവിൽ ജയിച്ചെങ്കിലും  ഭൂരിപക്ഷവോട്ടുകൾ കുത്തനെ കുറഞ്ഞു.  ജി.സുധാകരൻ, വി.കുഞ്ഞികൃഷ്ണൻ, ടി.കെ.ഗോവിന്ദൻ എന്നീ  വിമതർ വിജയിച്ചതോടെ തോൽവിയുടെ ആഘാതം വർദ്ധിച്ചു. കനത്ത ഭരണവിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു എൽഡിഎഫ് കോട്ടകളുടെ തകർച്ച. അരനൂറ്റാണ്ടിന് ശേഷം കാസർഗോട്ടെയും കോഴിക്കോട്ടെയും  മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചുകേറി. 

അക്കൗണ്ട് റീഓപ്പൺ ചെയ്ത് എൻഡിഎ 

ഒന്നും രണ്ടും അല്ല മൂന്ന് സീറ്റുകളാണ് എൻഡിഎ  പിടിച്ചെടുത്തത്. ഇതിൽ 2016-ലെ ഇലക്ഷനിൽ അക്കൗണ്ട് തുറന്ന്, 2021-ലെ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട നേമം മണ്ഡലവും ഉൾപ്പെടുന്നു. നേമത്ത് എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നിയമസഭയിലേക്ക് ജയിച്ചു കേറിയത്. 4978 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ജയിച്ചത്. ചാത്തന്നൂരിൽ നിന്ന്  ബിജെപിയുടെ ബി.ബി ഗോപകുമാർ ആണ് നിയമസഭയിലേക്കെത്തുന്നത്. കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, എൽഡിഎഫ് നേതാവ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ശക്തമായ മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ നടത്തിയിരിക്കുന്നത്.

Content summary: The UDF won a landslide victory with 102 seats in the 2026 Kerala Assembly elections. The LDF fell to 35 seats, losing its bid for a third term. The NDA won three seats, marking a notable gain.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×