June 26, 2026 |

കോട്ടയം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം പരിശോധിക്കാന്‍ സിബിഐയും

പ്രതി പരിചയക്കാരന്‍?

കോട്ടയം തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകത്തിൽ സിബിഐ സംഘം വിവരങ്ങൾ ശേഖരിക്കാനായി സംഭവ സ്ഥലത്തെത്തി. കൊല്ലപ്പെട്ട ദമ്പതിമാരായ വിജയകുമാറിൻ്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് വിവരങ്ങൾ ശേഖരിക്കാനെത്തിയത്. വിജയകുമാറിൻ്റെ മീരയുടെയും മരണം സംബന്ധിച്ച് ലഭിച്ച സൂചനകൾ പോലീസ് സിബിഐയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു. ഗൗതമിന്റെ മരണവും വിജയകുമാറിൻ്റെയും മീരയുടെയും കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.kottayam double murder case

കേരള ജനതയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ഏതാനും മണിക്കൂറുകൾക്ക് മുൻപ് കോട്ടയത്ത് നടന്ന ഇരട്ടകൊലപാതകം. കോട്ടയം തിരുവാതിക്കലിലാണ് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ സമീപത്തുനിന്നും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. വിജയകുമാറിന്റെ മൃതദേഹം ഹാളിലും, ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹം നഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്.

രാവിലെ 8.45 വീട്ടിലെത്തിയ ജോലിക്കാരി കാണുന്നത് വീടിനു മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതര സംസ്ഥാന തൊഴിലാളിയെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഈ വീട്ടിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാലാണ് ഇയാളെ പറഞ്ഞുവിട്ടതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഫോൺ മോഷ്ടിച്ചതിന് അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് ഇയാൾ ജയിൽ മോചിതനായത്. വീടിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ ഹാഡ് ഡിസ്‌ക് നഷ്ടമായിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ഇതൊരു ആസ്രൂത്രിത കൊലപാതകമാണെന്നും കണക്കാക്കാം. കൊലപാതകം നടത്തിയത് വീടിനെക്കുറിച്ച് നന്നായി അറയുന്ന ആളാവാൻ സാധ്യതയെന്ന് എസ്പി കൂട്ടിച്ചേർത്തു.

വീട്ടിൽ മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. മുഖത്ത് ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകൾ വ്യക്തമാണ്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങളെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്.

വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന് പുറമെ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

വിജയകുമാറിന്റെയും മീരയുടെയും മകന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളു. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതം ഏഴുവർഷം മുൻപാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവേ ട്രാക്കിൽ കാറിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂൺ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊട്ടുമുൻപത്തെ ദിവസം സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാർ എടുത്ത് പുറത്തു പോയി. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മരിച്ചനിലയിൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കംമുതൽ തന്നെ മകന്റെ മരണത്തിൽ മാതാപിതാക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.

തുടർന്ന് വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഗൗതം ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഗൗതം ആത്മഹത്യ ചെയ്തു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാസം 21ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് ഗൗതമിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗതം എൻജിനിയറിങ് ബിരുദധാരിയായിരുന്നു. തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തിയിരുന്ന ആളാണ്.

സംഭവത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും, നിലവിൽ ആരു കസ്റ്റഡിയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മുൻവശത്തെ വാതിൽതുറന്നാണ് അക്രമി അകത്ത് കയറിയത്. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന ശേഷമാണ് വാതിൽ തുറന്നതെന്നാണ് നിഗമനം. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ വീടിന്റെ ഔട്ട്ഹൗസിൽ നിന്ന് തന്നെ ശേഖരിച്ചതാണ്. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അമ്മിക്കല്ല് കൊണ്ടുവന്നെങ്കിലും ഉപയോഗിച്ചിട്ടില്ല. അമ്മിക്കല്ല് ഉപയോഗിച്ച് വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

ഇരട്ടക്കൊലപാതകവും മകന്റെ മരണവും തമ്മിൽ ബന്ധമുള്ളതായി നിലവിൽ പോലീസ് സംശയിക്കുന്നില്ല. എന്നാൽ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ സിബിഐയെ അറിയിച്ചിട്ടുണ്ട്. കൊലപാതകം നടന്നത് രാത്രിയാകാനാണ് സാധ്യത. കൊലപാതകി ഒരു പ്രഫഷണൽ അല്ലെന്നാണ് നിലവിലെ നിഗമനം. സാമ്പത്തിക ഇടപാടുകളല്ല കൃത്യത്തിന് കാരണമെന്നും എസ്പി വ്യക്തമാക്കി.

സിസിടിവിയുടെ ഡിവിആർ വീട്ടിൽനിന്ന് മോഷണം പോയ സാഹചര്യത്തിൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. പ്രദേശത്ത് മഴ പെയ്യുന്നത് കൊണ്ട് ഈ നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. പ്രതി കിണറിന് സമീപം എത്തിയതിൻ്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് കിണർ പരിശോധിക്കുന്നത്. ഡിവിആർ കിണറ്റിൽ കളഞ്ഞോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. വീട്ടിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഈ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.kottayam double murder case

Content summary; CBI team arrives for inspection in connection with Kottayam double murder case

Leave a Reply

Your email address will not be published. Required fields are marked *

×