February 19, 2025 |

ഗാസയിലെ വെടിനിര്‍ത്തല്‍ ; പോരാട്ടത്തിലേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്ന് നെതന്യാഹു

കരാറിന്റെ ലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ്

ജനുവരി 18 ശനിയാഴ്ച രാത്രി പുലരാന്‍ കാത്തിരിക്കുകയായിരുന്നു ഗാസക്കാര്‍. 15 മാസത്തെ നീണ്ട സംഘര്‍ഷങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ സമാധാനത്തിന്റെ പാത തുറക്കുകയാണ്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ വീടുകളിലേക്ക് അല്ലെങ്കില്‍ വീടിരുന്ന ഇടത്തേക്കെങ്കിലും മടങ്ങാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന് ബുധനാഴ്ച മധ്യസ്ഥര്‍ അറിയിച്ചതിന് പിന്നാലെ തന്നെ മാസങ്ങളായി നരകയാതന പേറുന്ന ഗാസയിലെ അഭയാര്‍ഥി കൂടാരങ്ങളില്‍ ആഹ്ലാദാരവങ്ങള്‍ തുടങ്ങിയിരുന്നു.

കരാര്‍ താല്‍ക്കാലികമാണ് പോരാട്ടത്തിലേക്ക് മടങ്ങുകയാണെങ്കില്‍ അതിനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ ഇല്ലാതായാല്‍ ഹമാസിനെതിരായ സൈനിക ക്യാമ്പയിന്‍ പുനരാരംഭിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശനിയാഴ്ച സംസാരിച്ച നെതന്യാഹു കരാര്‍ താല്‍ക്കാലികമാണ് എന്നും പറയുകയുണ്ടായി. കരാറിന്റെ ലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ ആവശ്യമെങ്കില്‍ യുദ്ധം പുനരാരംഭിക്കാനുള്ള അവകാശമുണ്ട്.

1,890 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് മോചിപ്പിക്കേണ്ട 33 ബന്ദികളുടെ പ്രാഥമിക പട്ടിക ഇസ്രയേലി അധികൃതര്‍ പ്രസിദ്ധീകരിച്ചു. അതേസമയം, ഞായറാഴ്ച മോചിപ്പിക്കാനിരിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1,200 പേരെ കൊല്ലുകയും 251 പേരെ ഇസ്രയേലില്‍ ബന്ദികളാക്കുകയും ചെയ്തു. ഇവരില്‍ 34 പേര്‍ മരിച്ചതായി കരുതപ്പെടുന്ന 94 പേര്‍ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ കരുതുന്നു.

വെടിനിര്‍ത്തല്‍ ആരംഭിച്ചാലുടന്‍ തെക്കന്‍ അതിര്‍ത്തിയായ റാഫയിലൂടെ ഗാസയിലേക്ക് കൂടുതല്‍ സഹായമൊഴുകുമെന്ന് ഈജിപ്ത് അറിയിച്ചു. അതിനിടെ, യുദ്ധാനന്തരം ഗാസയുടെ സമ്പൂര്‍ണ ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറാണെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അറിയിച്ചു. എന്നാല്‍, യുദ്ധാനന്തര ഗാസയുടെ ഭരണകാര്യത്തിലിടപെടാന്‍ ഹമാസിനെയും പലസ്തീന്‍ അതോറിറ്റിയെയും അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

2024 മേയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ക്കരാറിന്റെ ചുവടുപിടിച്ച് മധ്യസ്ഥരായ ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവര്‍ ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികളുമായി നിരന്തരം ചര്‍ച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോള്‍ പ്രാബല്യത്തിലാകുന്ന കരാര്‍. 24-8 വോട്ടുകള്‍ക്കാണ് കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് കരാര്‍ അംഗീകരിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയത്.

content summaary ; Israel and Gaza agree to ceasefire, but Netanyahu says Israel can restart fighting if needed

×