January 23, 2025 |
Share on

ഐഎഎസ് നേടിയതെങ്ങനെ? പൂജയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചു

ആസ്തി 22 കോടി, വാര്‍ഷിക വരുമാനം 44 ലക്ഷം

വിവാദത്തില്‍ അകപ്പെട്ട പ്രൊബേഷണറി ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചു. പൂജയ്‌ക്കെതിരേ വന്നിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം പൂജ മനോരമ ദിലീപ് ഖേദ്കര്‍ എന്ന പൂജ ഖേദ്കറിനെതിരേ ഓരോരോ പരാതികളായി ഉയര്‍ന്നു വരികയാണ്. പൂജയുടെ ആസ്തി 22 കോടിയും എന്നാല്‍ അവര്‍ സമര്‍പ്പിച്ച രേഖകളില്‍ വാര്‍ഷിക വരുമാനമായി പറയുന്നത് വെറും 42 ലക്ഷവുമായിരുന്നുവെന്ന് പുതിയ വിവരം. അധികാര ദുര്‍വിനിയോഗത്തിന്റെ പേരിലാണ് പൂജ വിവാദത്തിലായത്. പിന്നാലെ അവര്‍ക്കെതിരേ ഉയര്‍ന്ന പരാതികള്‍, അവരുടെ ഐഎഎസ് സിലക്ഷനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഒബിസി വിഭാഗത്തില്‍പ്പെട്ടതാണെന്നു കാണിക്കാന്‍ വ്യാജ രേഖകള്‍ ഹാജരാക്കി, മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ പിന്‍ബലമില്ലാതെ കാഴ്ച്ച വൈകല്യം, മാനസിക വെല്ലുവിളി എന്നീ കാരണങ്ങള്‍, സിലക്ഷന് മുന്‍ഗണന കിട്ടാനായി ഉപയോഗിച്ചു എന്നു തുടങ്ങി നിരവധി പരാതികളും ആരോപണങ്ങളുമാണ് 2023 ബാച്ച് ഐഎഎസ്സുകാരിയായ പൂജയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്.

2023 ജനുവരി എട്ടിന് സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പായി സര്‍ക്കാരിന് സമര്‍പ്പിച്ച സാമ്പത്തിക സ്ഥിതിയുടെ വിവരങ്ങളിലാണ് തന്റെ വാര്‍ഷിക വരുമാനം 42 ലക്ഷമായി പൂജ കാണിച്ചിരിക്കുന്നത്. 2023 ല്‍ പൂജ സമര്‍പ്പിച്ച അവരുടെ ആസ്തി, വാര്‍ഷിക വരുമാന വിവരങ്ങള്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് പോര്‍ട്ടല്‍(DOPT) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്വന്തം പേരില്‍ വിവിധ പ്ലോട്ടുകളായി ഭൂമി, ഫ്‌ളാറ്റുകള്‍, ആഢംബര കാറുകള്‍, സ്വര്‍ണത്തിലും വജ്രത്തിലുമുള്ള ആഭരണങ്ങള്‍, രണ്ട് സ്വകാര്യ കമ്പനികളില്‍ പങ്കാളിത്തം തുടങ്ങിയവയാണ് പൂജയുടെ സ്വത്തു വിവരങ്ങള്‍.

32 കാരിയായ പൂജ ഖേദ്കര്‍ ഒബിസി, പേഴ്‌സണ്‍ വിത്ത് ബഞ്ച് മാര്‍ക്ക് ഡിസബിലിറ്റീസ്(PwBD) ക്വാട്ടകളിലാണ് തന്റെ ഐഎഎസ് പദവി ഉറപ്പിച്ചത്. വാര്‍ഷിക വരുമാനം എട്ടുലക്ഷത്തില്‍ കവിയാത്തവര്‍ക്കാണ് ഒബിസി ക്വാട്ടയുടെ ആനുകൂല്യം ലഭിക്കുക. അതിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് യോഗ്യതയില്ലെന്നിരിക്കെയാണ് പൂജ ഒബിസി അര്‍ഹത നേടിയെടുത്തത്.

ശാരീരിക-മാനസിക വെല്ലുവിളികള്‍ പറഞ്ഞ് പിഡബ്ല്യുഡിബി ക്വാട്ട നേടിയതിലും പൂജയ്‌ക്കെതിരേ പരാതിയുണ്ട്. പൂജ പറഞ്ഞ കാഴ്ച്ച പ്രശ്‌നം, മാനസിക വെല്ലുവിളി എന്നിവ തെളിയിക്കാന്‍ മെഡിക്കല്‍ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ടായിട്ടും, അഞ്ചു തവണയാണ് അവരതില്‍ നിന്നും ഒഴിഞ്ഞു മാറിയത്. ആറാമത്തെ തവണ പരിശോധനയ്ക്ക് വിധേയയായെങ്കിലും എല്ലാ പരിശോധനകളും നടത്തിയതുമില്ല. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍(എയിംസ്) പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കോവിഡ് ബാധിതയാണെന്നു പറഞ്ഞായിരുന്നു എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ ഒഴിഞ്ഞു മാറിയത്.

പൂജ പറഞ്ഞ കാരണങ്ങള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയതോടെ അവര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നേടിയെടുത്തു.

Post Thumbnail
എം എന്‍ നമ്പ്യാര്‍ എന്ന 'വിശുദ്ധനായ വില്ലന്‍'വായിക്കുക

യുപിഎസ്സി പരീക്ഷയില്‍ കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിലാണ് പൂജ ഉള്‍പ്പെട്ടിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അവര്‍ സമര്‍പ്പിച്ചിരുന്നു. 821 എന്ന താഴ്ന്ന റാങ്ക് നേടിയിട്ടും ഐഎഎസ് സെലക്ഷന്റെ മെറിറ്റ് ലിസ്റ്റില്‍ അവര്‍ ഉള്‍പ്പെടാന്‍ കാരണമായത് ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം ലഭിച്ച പ്രത്യേക ഇളവുകള്‍ കൊണ്ടായിരുന്നു.

പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സീനിയര്‍ റീജിയണല്‍ ഓഫിസര്‍ ആയി വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വാര്‍ഷിക വരുമാനമായി 43 ലക്ഷവും ആസ്തിയായി 40 കോടിയുമാണ് കാണിച്ചിരുന്നത്.

പൂജയുടെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരേ പൂനെ ജില്ല കളക്ടര്‍ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് അവര്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ വാഹനത്തില്‍ സയറണ്‍ പിടിപ്പിക്കുക, വി ഐ പി നമ്പര്‍ ഉപയോഗിക്കുക, സ്വകാര്യ ആഡംബര വാഹനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിപ്പിക്കുക എന്നീ പ്രവര്‍ത്തികളാണ് അവരെക്കുറിച്ചുള്ള ആദ്യ പരാതികള്‍. ഇവ കൂടാതെ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ വേറെയും ആക്ഷേപങ്ങളുണ്ട്. ചാര്‍ജ് എടുക്കുന്നതിന് മുമ്പേ പ്രത്യേകം വസതിയും കാറും ആവശ്യപ്പെടുക, അഡീഷണല്‍ കളക്ടറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് ഉപയോഗിക്കുക എന്നിവയും പൂജയ്‌ക്കെതിരേ ഉയര്‍ന്ന പരാതികളാണ്. ഓഫിസിലെ ഫര്‍ണീച്ചറുകള്‍ മാറ്റുക, ലെറ്റര്‍ ഹെഡ് ആവശ്യപ്പെടുക തുടങ്ങിയ പരാതികളുമുണ്ട്. ജൂനിയര്‍ ലെവലിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദനീയമല്ലാത്ത ആവശ്യങ്ങളായിരുന്നു പൂജയ്ക്ക് ഉണ്ടായിരുന്നത്. കളക്ടറുടെ പരാതിക്ക് പിന്നാലെയാണു പൂനെ കളക്ടറേറ്റില്‍ നിന്നും അവരെ വാശിമിലേക്ക് സ്ഥലം മാറ്റിയത്.

തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളിലൊന്നിലും പൂജ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക തടസം ഉണ്ടെന്നാണ് അവര്‍ പറയുന്ന വാദം.  centre formed enquire committee over complaints against probationary ias officer pooja khedkar

 

Content Summary; centre formed enquire committee over complaints against probationary ias officer pooja khedkar

 

×