2011 ന് ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസിനുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുമ്പോൾ അതിൽ പുതുമകൾ പലതുണ്ട്. യഥാക്രമം 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി സെൻസസ് നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കാനിരിക്കുന്നത്. സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് ഒന്നായിരിക്കുമെന്ന് കേന്ദ്ര സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായണൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ റഫറൻസ് തീയതി 2027 ഒക്ടോബർ ഒന്നായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ആദ്യഘട്ടം ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍( HLO) എന്നറിയപ്പെടും. അതിൽ ഓരോ വീട്ടിലെയും ആസ്തികള്‍, കുടുംബ വരുമാനം, വീടുകളുടെ അവസ്ഥ, സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുക. ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. വീട്ടിലിരുന്ന് തന്നെ ആളുകള്‍ക്ക് ഇതാദ്യമായി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്ന പ്രേത്യകതയും ഇതിനുണ്ട്. രണ്ടാം ഘട്ടം പോപ്പുലേഷന്‍ എന്യൂമറേഷനാണ്( PE). ഇതാദ്യമായാണ് ജാതി സെന്‍സസും ജനസംഖ്യാ സെന്‍സസിന്റെ ഭാഗമാകുന്നത്. 1931ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് മുമ്പ് ജാതി സെന്‍സസ് നടത്തിയിട്ടുള്ളത്. 2027 ആണ് അടിസ്ഥാന വര്‍ഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും മറ്റ് നടപടികളും അടുത്ത വര്‍ഷമായിരിക്കും നടക്കുക. അത് പൂര്‍ത്തിയാകാന്‍ മിനിമം മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കും. പത്തുവർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവയ്ക്കേണ്ടി വന്നത് കോവിഡ് മഹാമാരിയെ തുടർന്നായിരുന്നു.
സെന്‍സസ് പ്രഖ്യാപിച്ചതോടെ 1971 മുതൽ വിവിധ ഭരണഘടനാ ഭേദഗതികളിലൂടെ മരവിപ്പിച്ചിരുന്ന വനിതാ സംവരണ ബില്ലിനും വിവാദമായ ഡീലിമിറ്റേഷൻ പ്രക്രിയയ്ക്കും ഉള്ള തടസ്സങ്ങള്‍ നീങ്ങുകയാണ് എന്ന് കാണാം. ലോക്‌സഭയിലും സംസ്ഥാനനിയമസഭയിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്‍ സെന്‍സസ് പൂര്‍ത്തിയായാല്‍ നടപ്പാക്കാന്‍ സാധിക്കും. മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുന്നതും വിവാദങ്ങളെ തുടർന്ന് മരവിപ്പിച്ചിരിക്കുകയാണ്.
എന്ത് കൊണ്ട് ജാതി സെൻസസ്?
ദേശീയ ജനസംഖ്യാ സെൻസസ് സമയത്ത് വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയെയാണ് ജാതി സെൻസസ് എന്ന് പറയുന്നത്. ഇന്ത്യയുടെ ദശവാര്‍ഷിക സെന്‍സസില്‍ മതം, ഭാഷ, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, 1931 മുതല്‍ പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ (എസ്‌ടി) വിഭാഗങ്ങള്‍ ഒഴികെയുള്ള ജാതി തിരിച്ചുള്ള വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ചിട്ടില്ല എന്ന് കാണാം. അവസാനമായി പൂർണ്ണ ജാതി സെൻസസ് നടത്തിയത് പോലും 1931-ലാണ്. അതിനുശേഷം, 1951 മുതൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി ജാതി വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസിന്റെ (SECC) ഭാഗമായി ജാതി സംബന്ധിയായ വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും, ഡാറ്റാ പൊരുത്തക്കേടുകളും വർഗ്ഗീകരണ പ്രശ്നങ്ങളും മൂലം കണക്കുകൾ പുറത്തുവിട്ടിരുന്നില്ല.
ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഒരിക്കലും പുതിയതല്ല. മിക്ക ക്ഷേമ പദ്ധതികളും സംവരണ നയങ്ങളും പലപ്പോഴും 1931 മുതലുള്ള കാലഹരണപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് വസ്തുത. പിന്നോക്ക, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും പുതിയൊരു കണക്കെടുപ്പ് അനിവാര്യമാണെന്ന വാദവുമുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തിയ ആദ്യത്തെ സംസ്ഥാനമാണ് ബീഹാർ. 2023 ൽ സംസ്ഥാന സർക്കാർ ഈ ഡാറ്റ പുറത്തുവിട്ടതോടെയാണ് രാജ്യത്തുടനീളം സമാനമായ സർവേകൾ നടത്തണമോ എന്നതിനെക്കുറിച്ചുള്ള ദേശീയ ചർച്ചയ്ക്ക് തുടക്കമായത്. സെന്‍സസ് ആക്ട് 1948 അനുസരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണിത്. സെന്‍സസ് കമ്മിഷണറെയും വിവിധ സംസ്ഥാനങ്ങളില്‍ സെന്‍സസ് മേല്‍നോട്ടത്തിന് സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടമാരെയും കേന്ദ്രം നിയമിക്കും. 30 ലക്ഷം അധ്യാപകരാണ് സെന്‍സസ് വിവര ശേഖരണം നടത്തുന്നത്. ഇവരെ എന്യൂമറേറ്റര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ 1.3 ലക്ഷം ഉദ്യോഗസ്ഥരും സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കും.
content summary: Centre issues notification for Census in 2027