ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ത്യ ഒരുങ്ങുകയാണ്. 2011 ന് ശേഷം നടക്കേണ്ടിയിരുന്ന ഈ കണക്കെടുപ്പ് കോവിഡ് പാന്‍ഡെമിക് മൂലം വൈകിയതോടെ, ഇന്ത്യയുടെ വികസന പദ്ധതികള്‍ പലതും കാലഹരണപ്പെട്ട ഡാറ്റയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, 1.24 ബില്യണ്‍ ഡോളര്‍ ചെലവില്‍ നടക്കുന്ന ഈ ഡിജിറ്റല്‍ സെന്‍സസ് വെറുമൊരു കണക്കെടുപ്പിനേക്കാള്‍ ഉപരിയായി വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
1931 ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ സമഗ്രമായ ഒരു ജാതി കണക്കെടുപ്പ് നടക്കുന്നത് എന്നത് ഈ സെന്‍സസിനെ ചരിത്രപരമാക്കുന്നു. എന്നാല്‍, ജാതി തിരിച്ചുള്ള കൃത്യമായ ഡാറ്റയില്ലാതെ സാമൂഹിക നീതി നടപ്പാക്കാനാവില്ലെന്ന വിവാദവും ശക്തമാണ്. എന്നാല്‍ സമൂഹത്തിലെ വിഭജനം ഒഴിവാക്കാന്‍ 1951 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ ജാതി സെന്‍സസ് നിര്‍ത്തിവച്ചു. എന്നാലിപ്പോള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുറമെ എല്ലാ ജാതികളെയും പ്രത്യേകമായി എണ്ണി തിട്ടപ്പെടുത്തുന്നു. ഓരോ വിഭാഗത്തിന്റെയും സാമ്പത്തിക-വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കിയാല്‍ മാത്രമേ സംവരണവും ക്ഷേമപദ്ധതികളും കൃത്യമായി രൂപകല്‍പ്പന ചെയ്യാന്‍ കഴിയൂ. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സെന്‍സസ് അത്യാവശ്യമാണ് എന്നാണ് ഈ സെന്‍സസിനെ അനുകൂലിക്കുന്നവരുടെ വാദം.
എന്നാല്‍, ജാതി തിരിച്ചുള്ള സെന്‍സസ് സമൂഹത്തില്‍ കൂടുതല്‍ വിഭജനങ്ങള്‍ ഉണ്ടാക്കുമെന്നും സ്വത്വ രാഷ്ട്രീയത്തെ തകിടം മറിക്കുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്. ചരിത്രപരമായി ബിജെപി ജാതി സെന്‍സസിനെ എതിര്‍ത്തിരുന്നു. ഇത് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നാണ് ഇവരുടെ വാദം. ജാതി സെന്‍സസ് എന്ന ആവശ്യം ഉന്നയിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ബന്‍ നക്‌സലുകള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ജാതി കണക്കെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഈ സെന്‍സസിലൂടെ 1.4 ബില്യണ്‍ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നത്.
ജാതി അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ പുറത്ത് വരുന്നതോടെ സംവരണ പരിധി ഉയര്‍ത്തണമെന്ന ആവശ്യങ്ങളും ശക്തമായേക്കും. ഇന്ത്യയിലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ കണക്കുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടന ജാതിവിവേചനം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍, ഗോത്ര സമുദായങ്ങള്‍, ദളിതര്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് വിദ്യാഭ്യാസമോ സ്വത്തവകാശമോ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും നേരിടുന്ന സമാനമായ വിവേചനങ്ങളും ഈ കണക്കെടുപ്പിലൂടെ വ്യക്തമാകും.

ഉയര്‍ന്ന ജാതിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് എത്രത്തോളം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ ജാതി സെന്‍സസ് സഹായിക്കും. ഓരോ സമുദായത്തിന്റെയും യഥാര്‍ത്ഥ സാമൂഹിക നിലവാരം മനസ്സിലാക്കാന്‍ പ്രത്യേക ജാതി സെന്‍സസ് അത്യന്താപേക്ഷിതമാണ്. ഓരോ ജാതിവിഭാഗത്തിന്റെയും കൃത്യമായ ജനസംഖ്യയും അവരുടെ പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞാല്‍ മാത്രമേ അവര്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കൂ. അതുകൊണ്ട് തന്നെ ജാതി സെന്‍സസ് എന്നത് വെറുമൊരു കണക്കെടുപ്പല്ല, മറിച്ച് ഇന്ത്യയിലെ ഓരോ വിഭാഗത്തിനുമുള്ള പ്രിവിലേജുകള്‍ എങ്ങനെ ഉറപ്പാക്കാമെന്നുള്ള സാധ്യതകള്‍ കൂടിയാണ് തെളിയുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1865-1872 കാലയളവില്‍ ആരംഭിച്ച സെന്‍സസ്, 1881-ലാണ് പൂര്‍ത്തിയായത്. സ്വാതന്ത്ര്യാനന്തരം 1951 മുതല്‍ കൃത്യമായ ഇടവേളകളില്‍ സെന്‍സസ് തുടര്‍ന്നുപോന്നു. ഇപ്പോള്‍ നടക്കുന്നത് സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7,000 പട്ടണങ്ങളിലും 6.4 ലക്ഷം ഗ്രാമങ്ങളിലുമായി ഇത് നടപ്പിലാക്കും.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നത്. ഏകദേശം 30 ദശലക്ഷം എന്യൂമറേറ്റര്‍മാര്‍ സ്മാര്‍ട്ട്ഫോണുകളിലെ പ്രത്യേക മൊബൈല്‍ ആപ്പുകള്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഡിജിറ്റല്‍ ഐഡി പിന്നീട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ മതിയാകും.
സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒന്നാം ഘട്ടത്തില്‍ വീടുകളുടെ എണ്ണം, താമസക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്, ഗതാഗത സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റം, മതം, ജാതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. 2027 മാര്‍ച്ച് 31-ഓടെ രാജ്യത്തെ ഈ ബൃഹത്തായ ദൗത്യം പൂര്‍ത്തിയാകും.
സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍ നടക്കാന്‍ പോകുന്ന മണ്ഡല പുനര്‍നിര്‍ണയമാണ് മറ്റൊരു പ്രധാന വിവാദ വിഷയം. ജനസംഖ്യാ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സീറ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചാല്‍, ജനസംഖ്യ കൂടിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം കൂടുമെന്ന ആശങ്കയും തെക്കന്‍ സംസ്ഥാനങ്ങള്‍ക്കുണ്ട്.
അതേസമയം, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കുറയുകയും അവരുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം.
പുതിയ സെന്‍സസ് കേവലം ഒരു വിവരശേഖരണമല്ലെന്നും അത് പൗരത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ആയുധമാക്കപ്പെടുമോ എന്ന ആശങ്കയും വലിയൊരു വിഭാഗത്തിനിടയിലുണ്ട്. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം സെന്‍സസിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയപ്പോള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെ 20 ദശലക്ഷത്തോളം ആളുകള്‍ പൗരത്വ പട്ടികയ്ക്ക് പുറത്തായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന് വിമര്‍ശകര്‍ കരുതുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം വേഗത്തിലാക്കുമ്പോള്‍, മുസ്ലീം സമുദായം മാത്രം ലക്ഷ്യം വെക്കപ്പെടുമെന്ന ഭീതിയുണ്ട്.

മുസ്ലീം ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന തെറ്റായ അവകാശവാദങ്ങള്‍ സെന്‍സസ് പ്രക്രിയയെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടുണ്ട്. ബംഗാളി മുസ്ലീങ്ങളെ ഏകപക്ഷീയമായി പുറത്താക്കുന്നത് വിവേചനത്തിന് ആക്കം കൂട്ടുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് വേഗത കൂട്ടുമെങ്കിലും ഡാറ്റയുടെ സുരക്ഷയെക്കുറിച്ചും ആശങ്ക വ്യാപകമാണ്.
സെന്‍സസ് എന്നത് കേവലം ജനങ്ങളെ എണ്ണുന്ന ഒരു ഭരണപരമായ ജോലിയല്ല. അത് സംവരണ നയങ്ങളെയും, സ്ത്രീ സംവരണത്തെയും, രാഷ്ട്രീയ പ്രാതിനിധ്യത്തെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒന്നാണ്. വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും, മാറുന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം കാണാന്‍ ഈ സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ ഈ വിവരങ്ങള്‍ വിഭജനത്തിനോ വിവേചനത്തിനോ വേണ്ടിയല്ല, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് വേണ്ടിയാകണം ഉപയോഗിക്കപ്പെടേണ്ടത്.
Content Summary: India Census 2025: why the world’s largest population count is sparking controversy