ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും നിർണായകമായ പാർലമെന്റ് സമ്മേളനങ്ങളിലൊന്നായി ഇത്തവണത്തെ വർഷകാല സമ്മേളനം മാറാൻ സാധ്യതയുണ്ട്. ജൂലൈ 20ന് തുടങ്ങുന്ന സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളുടെ കൊടുങ്കാറ്റായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണപക്ഷത്തെയും കാത്തിരിക്കുന്നത്. ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം നടക്കുക. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേട് തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. കണക്കുകളും പദ്ധതികളും ദേശീയ സുരക്ഷയും വികസന നേട്ടങ്ങളും ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാകും സർക്കാരിന്റെ ശ്രമം.
മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വീണ്ടും അവതരിപ്പിക്കുന്നതിനൊപ്പം അഞ്ച് പുതിയ ബില്ലുകൾ കൂടി ഈ സമ്മേളത്തിൽ കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വന്ദേ മാതരത്തെ അപമാനിച്ചാൽ തടവ് ശിക്ഷ നൽകുന്ന ബിൽ, ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ, വിദേശ സംഭാന നിയന്ത്രണത്തിനുള്ള എഫ്.സി.ആർ.എ ബിൽ, ഇൻകംടാക്‌സ് ഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ എന്നീ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. അതേസമയം, ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ ഈ സമ്മേളന അജണ്ടയിൽ ഇല്ല.
പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി,. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഭൂരിപക്ഷം ഉറപ്പിക്കാൻ നീക്കം
മണ്ഡല പുനർനിണയത്തിനുള്ള ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കങ്ങൾ ശക്തമാക്കുന്നുണ്ട്. വനിതാ സംവരണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഭേദഗതിയ്‌ക്കെതിരെ നിലകൊണ്ട പ്രതിപക്ഷനിരയിലെ പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഈ ശ്രമം പരാജയപ്പെടുത്താൻ കോൺഗ്രസും നീക്കം നടത്തുന്നുണ്ട്.

എൻ.സി.പി (ശരദ് പവാർ), ഡി.എം.കെ എന്നീ പാർട്ടികളെ ബില്ലിന് അനുകൂലമാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ 50 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് പരിഗണിക്കാമെന്ന് എൻ.സി.പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ഈയിടെ പറഞ്ഞിരുന്നു. ഇത് തങ്ങൾക്ക് അനുകൂലമായ നിലപാടാണെന്നാണ് ബി.ജെ.പി വ്യാഖ്യാനിക്കുന്നത്. എന്നാൽ പുതുക്കിയ ബിൽ തങ്ങളുടെ മുന്നിൽ വന്നിട്ടില്ലെന്നും വരുമ്പോൾ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും സുപ്രിയ സുലെ പിന്നീട് വിശദീകരിച്ചു.
തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാരിൽ ചേർന്നതിനെ തുടർന്ന് കോൺഗ്രസുമായി അകലം പാലിക്കുന്ന ഡി.എം.കെയുമായി ബി.ജെ.പി നേതൃത്വം ചർച്ചകൾ നടത്തുന്നതായാണ് സൂചന.
തൃണമൂലിലെയും ശിവസേന ഉദ്ധവ് പക്ഷത്തെയും ഭിന്നിപ്പിന് ശേഷം എൻ.ഡി.എയ്ക്ക്് ലോകസഭയിൽ 319 അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.സി.പി (ശരദ് പവാർ) പിന്തുണ കൂടി ലഭിച്ചാൽ അത് 327 ആകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പിന്നെ വേണ്ടത് 33 പേരുടെ പിന്തുണ കൂടിയാണ്. ചെറിയ പാർട്ടികളുടെ പിന്തുണ നേടി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള രഹസ്യനീക്കമാണ് ഭരണപക്ഷം ഇപ്പോൾ നടത്തുന്നത്.
വന്ദേ മാതരത്തെ അപമാനിച്ചാൽ 3 വർഷം തടവ്
ദേശീയഗീതമായ വന്ദേ മാതരത്തെ അപമാനിച്ചൽ മൂന്ന് വർഷം തടവുശിഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിക്കുക. പ്രിവൻഷൻ ഓഫ് ഇൻസൾട്‌സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ 2026 എന്ന പേരിലാകും ബിൽ കൊണ്ടുവരിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കു. വന്ദേ മാതരം ആലപിക്കുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താൻ മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബിൽ. ദേശീയ ഗാനത്തെ അപമാനിച്ചുള്ള ശിക്ഷയ്ക്ക് സമാനമാണിത്.
എഫ്.സി.ആർ.എ ഭേദഗതി ബിൽ
വലിയ വിവാദമുയർത്തിയ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്ലും (എഫ്.സി.ആർ.എ) വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചെങ്കിലും വിവാദമായതിനെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു നടപടി. ക്രിസ്ത്യൻ സഭകൾ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബില്ല് ഭേദഗതി എത്തുമ്പോൾ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ക്രിസ്ത്യൻ സമുദായത്തിന് ഹാനികരമായതൊന്നും ഭേദഗതിയിൽ ഉണ്ടാകില്ലെന്ന് സി.ബി.സി.ഐ നേതൃത്വത്തിന് അമിത് ഷാ ഉറപ്പുനൽകിയിരുന്നു.
പരീക്ഷാ ക്രമക്കേടും സമരവും
ജന്തർ മന്തറിൽ തുടരുന്ന കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള യുവാക്കളുടെ സമരവും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും സഭയിൽ ഉന്നയിക്കപ്പെട്ടേക്കാം. പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കൾ യുവാക്കളുടെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. പരീക്ഷാ ക്രമക്കേടുകളുടെയും വിദ്യാഭ്യാസരംഗത്തെ അഴിമതിയുടെയും പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. മത്സര പരീക്ഷകളുടെ നടത്തിപ്പിൽ സമ്പൂർ പരിഷ്‌കരണവും അവർ ആവശ്യപ്പെടുന്നു.
വിലക്കയറ്റം
പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ, പാചകവാതകം, വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലെ ചെലവ് വർധിച്ചത് പ്രതിപക്ഷം പ്രധാന വിഷയമാക്കും. ഉയരുന്ന വിലയ്ക്കനുസരിച്ച് വരുമാനം വർധിക്കുന്നില്ലെന്നത് കുടുംബ ബജറ്റിന് വലിയ ആഘാതമാകുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടും. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ ബാധിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണം, സബ്‌സിഡി പദ്ധതികൾ, കാർഷിക ഉൽപ്പാദന വർധന എന്നിവ ഉയർത്തിക്കാട്ടിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം. ആഗോള യുദ്ധങ്ങളും വിതരണ ശൃംഖല പ്രശ്‌നങ്ങളുമാണ് പ്രധാന കാരണമെന്ന് വാദിക്കും.
അഴിമതി ആരോപണങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ, വൻ അടിസ്ഥാനസൗകര്യ പദ്ധതികൾ, തിരഞ്ഞെടുപ്പ് ഫണ്ടിംഗ്, അന്വേഷണ ഏജൻസികളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രതിപക്ഷം ഉയർത്തിയേക്കും. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടും. അഴിമതി ആരോപണം നേരിടുന്നവർ ഭരണപക്ഷത്തേക്ക് എത്തിയാൽ അന്വേഷണം മന്ദഗതിയിലാകുന്നുവെന്നും സർക്കാർ സുതാര്യത ഉറപ്പാക്കുന്നില്ലെന്നും പ്രതിപക്ഷം തെളിവുകൾ സഹിതം വാദിക്കും.
അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന എപ്പോഴത്തെയും നിലപാട് സർക്കാർ ആവർത്തിക്കും. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡുകളും അന്വേഷണങ്ങളും നടക്കുന്നതെന്നും വിശദീകരിക്കും.
ഇന്ത്യയുടെ വിദേശ നയം
അമേരിക്ക, റഷ്യ, ചൈന, പാകിസ്ഥാൻ, ബംഗ്ലദേശ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ചർച്ചയാകും. ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ, അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിലെ വെല്ലുവിളികൾ, പശ്ചിമ്യേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യയിലുണ്ടാക്കുന്ന പ്രത്യാഘാതം, വ്യാപാരവും ഊർജസുരക്ഷയും തുടങ്ങിയ വിഷയങ്ങളാണ് ഉന്നയിക്കാൻ സാധ്യതയുള്ളവ. ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചുവെന്ന അവകാശവാദമായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന പ്രതിരോധ ആയുധം. ജി20 അധ്യക്ഷസ്ഥാനം, വിദേശ നിക്ഷേപം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവ നേട്ടങ്ങളായി അവതരിപ്പിക്കാനും സർക്കാരിന് സാധിക്കും. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ആവർത്തിക്കും.
ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ
ദളിതർ, ആദിവാസികൾ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിടയുള്ള വിഷയമാണ്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ, സാമുദായിക സംഘർഷങ്ങൾ, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പ്രാതിനിധ്യം, സംവരണ നയങ്ങൾ എന്നിവയാണ് ഉയരാനിടയുള്ള വിഷയങ്ങൾ. ഭരണഘടനാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള നിലപാടുകളാണ് പൗരത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്നായിരിക്കും സർക്കാരിന്റെ വാദം.
Content Summary: The Parliament Monsoon Session 2026 is expected to witness intense political confrontations as the Opposition plans to raise issues such as examination paper leaks, unemployment, inflation, corruption allegations, minority rights, and India’s foreign policy.