മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജീവിതം തനിക്ക് സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. ബയോപികിൽ ഉമ്മൻ ചാണ്ടിയായി അഭിനയിക്കാൻ മമ്മൂട്ടിയാണ് ഏറ്റവും അനുയോജ്യമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. നാദിർ ഷോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ചാണ്ടി ഉമ്മൻ തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ സിനിമാ മോഹങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ മനസ്സ് തുറക്കുന്നുണ്ട്.
‘ഞാനിപ്പോൾ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. എന്റെ അച്ഛന്റെ പേരിലൊരു സിനിമ. അപ്പയുടെ ബയോപിക്. ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ പേരിടണമെന്നാണ് എന്റെ ആഗ്രഹം. അഭിനയിക്കുന്ന ആരാണെന്ന കാര്യമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. ശരിക്കും നടക്കാൻ പോകുന്ന പ്രൊജക്ടിൽ ആ സമയത്ത് ആലോചിക്കാം. മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ നന്നാവുക. എനിക്കത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് എന്റെ ഫൗണ്ടേഷനും അതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് ചെയ്യാൻ കൂടി വേണ്ടിയാണ്. പിന്നെ അദ്ദേഹത്തിന്റെ ഒരു പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കട്ടെ എന്നതു കൊണ്ടും” ചാണ്ടി ഉമ്മൻ പറഞ്ഞു.
‘സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ’ എന്ന നാദിർഷയുടെ ചോദ്യത്തിനും ചാണ്ടി ഉമ്മൻ പ്രതികരിക്കുന്നുണ്ട്. “ആലോചിക്കാം… വേണ്ട എന്ന് വച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ”. ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു.