ചാറ്റ് ജിപിടിയുടെ ആദ്യ സ്ഥാപനം ന്യൂഡൽഹിയിൽ; ഇന്ത്യൻ എഐ വിപണി ലക്ഷ്യമിട്ട് ഓപ്പൺഎഐ

ഓപ്പൺഎഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ഓഫീസ് ന്യൂഡൽഹിയിൽ തുറക്കാൻ ഒരുങ്ങി ചാറ്റ് ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺഎഐ. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഒരു നീക്കമാണിത്. ഇന്ത്യയിലെ പ്രാദേശിക ടീമിനെ വികസിപ്പിക്കുന്നതിനായി ഓപ്പൺഎഐ ജീവനക്കാരെ നിയമിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഓപ്പൺഎഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിൽ സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കൾ, ഡെവലപ്പർമാർ, എന്നിവരുമായി നേരിട്ട് സഹകരിക്കാൻ ഓപ്പൺഎഐക്ക് അവസരമൊരുക്കയാണ് ഇന്ത്യൻ ഓഫീസിന്റെ ലക്ഷ്യം. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാനും രാജ്യത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനുമുള്ള ശ്രമത്തിലാണ് കമ്പനി.

ലോകത്തിലെ രണ്ടാമത്തെ വലിയ എഐ വിപണിയാണ് ഇന്ത്യ. ചാറ്റ്‍ജിപിടിയ്ക്ക് ഏറ്റവും വലിയ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കുന്നത് ഓപ്പൺഎഐയ്ക്ക് ആഗോള തലത്തിൽ ​ഗുണം ചെയ്തേക്കും.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ വികസിപ്പിക്കാൻ പുതിയ ഓഫീസ് സഹായകമായേക്കും. ഇന്ത്യ ഗവൺമെന്റിന്റെ ‘ഇന്ത്യഎഐ മിഷൻ’ പോലുള്ള പദ്ധതികളുമായി സഹകരിക്കാനും ഈ നീക്കം വഴി ഓപ്പൺഎഐക്ക് അവസരം ലഭിച്ചേക്കാം.

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ‘ചാറ്റ് ജിപിടി ​ഗോ’ എന്ന പേരിൽ ഒരു പ്രത്യേക സബ്സ്ക്രിപ്ഷൻ പ്ലാനും ഓപ്പൺഎഐ അവതരിപ്പിക്കുന്നുണ്ട്. ഇതിന് പ്രതിമാസം 399 രൂപ ആണ് നിരക്ക്. നിലവിലുള്ള മറ്റ് പ്ലാനുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ നിരക്കിലുള്ളതാണ്. ഇത് വഴി കൂടുതൽ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തുകയാണ് ഓപ്പൺഎഐയുടെ ലക്ഷ്യം. യുപിഐ വഴിയുള്ള പേയ്മെന്റും ഇതിൽ സാധ്യമാണ്. യു.എസ്. കഴിഞ്ഞാൽ ചാറ്റ് ജിപിടിയ്ക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ പ്രതിവാര ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.

ഇന്ത്യ ഗവൺമെന്റിന്റെ ‘ഇന്ത്യഎഐ മിഷനുമായി’ സഹകരിച്ച് പ്രവർത്തിക്കാനുള്ള ഓപ്പൺഎഐയുടെ ഇന്ത്യയിലെ എഐ വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും സഹായകരമാകും. ഇതിന്റെ ഭാഗമായി എഐ ഫോർ ഇന്ത്യ, വിത്ത് ഇന്ത്യ എന്നൊരു കാഴ്ചപ്പാടും അവർ മുന്നോട്ട് വെക്കുന്നു. ഇന്ത്യൻ ഭാഷകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തങ്ങളുടെ മോഡലുകൾക്ക് കഴിയുമെന്നും, ഭാവിയിൽ കൂടുതൽ പ്രാദേശിക ആവശ്യങ്ങൾക്കായുള്ള ടൂളുകൾ വികസിപ്പിക്കുമെന്നും ഓപ്പൺഎഐ അറിയിച്ചു. ഈ നീക്കങ്ങളിലൂടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഓപ്പൺഎഐയ്ക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഗൂഗിളിന്റെ ജെമിനി, പെർപ്ലക്സിറ്റി പോലുള്ള മറ്റ് ‌എഐ കമ്പനികളുമായി നേരിട്ടുള്ള ഒരു മത്സരമാണ് ഇന്ത്യയിൽ നടക്കുന്നത്.

content summary: ChatGPT Launches in New Delhi; OpenAI Focuses on Expanding into Indian AI Market

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment