ജി അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര വീണ്ടും പുസ്തക രൂപത്തില്‍ ഇറങ്ങുന്നു
രാമു വീണ്ടും വരുന്നു. മലയാളിയുടെ വലിയ ലോകത്തിലേക്ക് വീണ്ടും വരുന്നു. ആറ് പതിറ്റാണ്ട് മുന്‍പ് മലയാളി യുവത്വത്തിന്റെ മനസാക്ഷിയും വിചാരണ സൂക്ഷിപ്പുകാരനുമായിരുന്ന രാമുവെന്ന യുവാവ് – ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ നായകനായ അനശ്വര കഥാപാത്രം തന്റെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ് 63ാം വയസില്‍ ഒരിക്കല്‍ കൂടി മലയാള വായനാ സമൂഹത്തിലേക്ക് എത്തുകയാണ്. മൂന്നാം തവണയാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര പുസ്തക രൂപമാകുന്നത്. ആദ്യം 1978ലും പിന്നീട് 1996 ലും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ ഇത്തവണ സമ്പൂര്‍ണമാണെന്നാണ് പ്രസാധകര്‍ അവകാശപ്പെടുന്നത്. ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ച് 63 വര്‍ഷത്തിന് ശേഷം വീണ്ടും പൂര്‍ണരൂപത്തില്‍ പുസ്തകമായി ഉടന്‍ പുറത്ത് വരുന്നു. ഡി.സി. ബുക്‌സാണ് 663 കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി ഇത് പ്രസിദ്ധപ്പെടുത്തുന്നത്.
ക്ഷുഭിത യൗവനം എന്ന് വിശേഷിപ്പിച്ച അറുപതുകളിലും എഴുപതുകളിലും ഒരു മലയാളി യുവാവിന്റെ വികാരവിചാരങ്ങള്‍ അടയാളപ്പെടുത്തിയ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസ്ദ്ധീകരിച്ച കാര്‍ട്ടൂണ്‍ പരമ്പരയിലെ രാമുവിന്റെ കഥ മനുഷ്യസ്‌നേഹത്തെ ആധാരമാക്കിയ അരവിന്ദന്റെ ചലച്ചിത്രങ്ങള്‍ പോലെ അനശ്വരമാണ്.
1961 ല്‍ മാതൃഭൂമി ആഴ്ചപ്പതിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. എന്‍. വി. കൃഷ്ണവാര്യരായിരുന്നു പത്രാധിപര്‍. മലയാളി വായനക്കാരുടെ നിലവാരം ഉയര്‍ത്തുന്ന സാഹിത്യകൃതികള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വാരിക എന്ന ഖ്യാതി മാതൃഭൂമി ആഴ്ചപ്പതിപ്പ് ആ കാലത്ത് നേടിക്കഴിഞ്ഞിരുന്നു.
1950 കള്‍ ഏറ്റവും അധികം ക്ലാസിക്കുകള്‍ പരിഭാഷ ചെയ്ത് വിദേശഭാഷകളില്‍ നിന്ന് മലയാളത്തില്‍ പുറത്ത് വരാന്‍ തുടങ്ങിയ കാലമായിരുന്നു. ഇതില്‍ നിസ്തുലമായ പങ്ക് വഹിച്ചവരായിരുന്നു എന്‍.വിയും എം.ടിയും മാതൃഭൂമി ആഴ്ചപ്പതിപ്പും. 1961 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ വന്ന ‘രക്തരക്ഷസ്’ എന്ന പേരില്‍ ബ്രാം സ്റ്റോക്കറുടെ ലോകോത്തര ക്ലാസിക്ക് ഡ്രാക്കുള മലയാള വായനക്കാര്‍ക്ക് ഭീകരതയിലൂടേയും ഭയത്തിലൂടെയും അസാധ്യമായ വായനാനുഭവം വായനക്കാര്‍ക്ക് നല്‍കി(ഡ്രാക്കുള – രക്ത രക്ഷസ്സ് എന്ന പേരിലാണ് കെ. വി.. രാമകൃഷ്ണന്റെ പരിഭാഷ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്). ലോക സാഹിത്യരൂപങ്ങളിലെ പുതിയ പരീക്ഷണങ്ങള്‍ എം.ടിയും എന്‍.വിയും കൊണ്ടുവന്നതോടെ വാരികയുടെ നിലവാരം മാത്രമല്ല പ്രചാരവും ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരായ താരാശങ്കര്‍ ബാനര്‍ജി, ബിമല്‍ മിത്ര, വിഭൂതി ഭൂഷന്‍ ബന്ദ്യോപാദ്ധ്യായ, ജരാസന്ധന്‍, യശ്പാല്‍, അമൃതാ പ്രീതം, ശങ്കര്‍, സുനില്‍ ഗംഗോപാദ്ധ്യായ തുടങ്ങിവരുടെ കൃതികള്‍ മലയാളികള്‍ മാതൃഭൂമിയിലൂടെ വായിക്കാന്‍ തുടങ്ങി. ഉറൂബിന്റെ ഉമ്മാച്ചു, രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും, ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി, കെ. സുരേന്ദ്രന്റെ ശക്തി, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സേതുവിന്റെ പാണ്ഡവപുരം, പുനത്തിലിന്റെ സ്മാരക ശിലകള്‍ തുടങ്ങിയവയെല്ലാം ആഴ്ചപ്പതിപ്പിലൂടെ വന്ന ചില മികച്ച കൃതികളാണ്.
1961 ജനുവരി 8 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പരയുടെ ഒരു സചിത്ര പരസ്യം ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റിന്റെ പേര് കൂടാതെ കാര്‍ട്ടൂണിലെ 3 പേരുടെ രേഖാചിത്രങ്ങളും, ഒരു കഥാപാത്രത്തിന്റെ പേരും കൊടുത്തിരുന്നു. കാര്‍ട്ടൂണ്‍ തന്നെ മലയാള പ്രസിദ്ധീകരണങ്ങളില്‍ വിരളമായിരുന്ന ആ കാലത്ത് ഒരു കാര്‍ട്ടൂണ്‍ പരമ്പരയുടെ പരസ്യം അപൂര്‍വ്വമാണ്.
റിപ്പബ്ലിക്ക് പതിപ്പില്‍, 1961 ജനുവരി 22 ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര ആദ്യമായി പ്രത്യക്ഷപ്പെട്ടു. മലയാള വായനാ സമൂഹത്തിന് വേറിട്ട അനുഭവമാകാന്‍ പോകുകയായിരുന്ന ഒരു കാര്‍ട്ടൂണ്‍ പരമ്പര.
കോളേജില്‍ പഠിക്കുന്ന കാലത്തേ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന അരവിന്ദന്‍ 1960 കളില്‍ തന്റെ ചില കാര്‍ട്ടൂണുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാനായി പത്രാധിപരായ എന്‍.വി. കൃഷ്ണവാര്യരെ ഏല്‍പ്പിച്ചിരുന്നു. പിന്നീട് എന്‍.വിയുടെ താല്‍പ്പര്യപ്രകാരമാണ് കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് എത്തുന്നത്. റബ്ബര്‍ ബോര്‍ഡില്‍ ജോലിയുണ്ടായിരുന്ന അരവിന്ദന്‍ സ്ഥലം മാറ്റം കിട്ടി കോഴിക്കോടെത്തുന്നതോടെയാണ് അത് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.
എം.ടിയുടെ താല്‍പ്പര്യത്തില്‍ കോഴിക്കോട് പാരഗണ്‍ ലോഡ്ജിലെ ഒരു മുറിയില്‍ താമസമാരംഭിച്ച അരവിന്ദനും അന്നത്തെ പുരോഗമന ചിന്താഗതിക്കാരുടെ ഒരു കൂടായ്മയില്‍ അംഗമായി. എഴുത്തുകാരും പത്രപ്രവര്‍ത്തകരും നാടകക്കാരും മറ്റ് കലാകാരന്മാരും ഒത്ത് ചേരുന്ന ആ മുറിയില്‍ സാഹിത്യം, സിനിമ, ചിത്രകല, സംഗീതം, നാടകം തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായ ചര്‍ച്ചകളും സംഭാഷണങ്ങളും നടന്നു.
ആഴ്ചപ്പതിപ്പിന് പുത്തന്‍ വിഭവങ്ങളും ആശയങ്ങളും തേടികൊണ്ടിരുന്ന എം.ടി ഒരു പേജ് കാര്‍ട്ടൂണ്‍ ആഴ്ചപ്പതിപ്പില്‍ അരവിന്ദനെ ക്കൊണ്ട് വരപ്പിച്ചാലോ എന്ന ആശയത്തില്‍ നിന്നാണ് ബൗദ്ധികമായി കുറച്ച് ഉയര്‍ന്നു നില്‍ക്കുന്ന രാമുവും ഗുരുജിയുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ വരുന്ന കാര്‍ട്ടൂണ്‍ പരമ്പര ജനിക്കുന്നത്.
സാങ്കല്‍പ്പിക കഥാപാത്രങ്ങളായ രാമുവും ഗുരുജിയും സാക്ഷ്യം വഹിക്കുന്ന ഈ വലിയ ലോകത്തില്‍ സ്വാതന്ത്രാനന്തര ഭാരതത്തിലെ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും തൊഴിലില്ലായ്മ, ദാരിദ്യം, തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളും അതോടൊപ്പം മൂല്യങ്ങളുടെ തകര്‍ച്ചയും സിനിസിസവുമെല്ലാം ചുറ്റുള്ള മനുഷ്യരിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു അരവിന്ദന്‍. കച്ചവടസാധ്യതക്ക് വീട്ടു വീഴ്ച ചെയ്യാത്ത ഒരു മൂല്യ സങ്കല്‍പ്പമുള്ള അരവിന്ദന്റെ മനസില്‍ പണ്ടേ പതിഞ്ഞ ചില കഥാപാത്രങ്ങള്‍ പുതിയ നിരീക്ഷണങ്ങളോടെ വരച്ചപ്പോള്‍ അതൊരു കാര്‍ട്ടൂണ്‍ മാത്രമല്ല, മികച്ച ഒരു സാമുഹിക വിമര്‍ശന പരമ്പരയായി മാറി. ഇടത്തരം സമൂഹത്തിലെ ഒരു ചെറുപ്പക്കാരന്റെ ജീവിതപ്രശ്‌നങ്ങളിലൂടെ സുരക്ഷിതത്വം നേടാനുള്ള വെമ്പല്‍ – സാര്‍വ്വലൗകികത്വമുള്ള, എന്നും പ്രസക്തിയുള്ള ഒരു വിഷയമായിരുന്നു ഈ കാര്‍ട്ടുണ്‍ പരമ്പരയില്‍ അരവിന്ദന്‍ സ്വീകരിച്ചത്.
കോട്ടയത്തെ ഒരു ട്യൂട്ടോറിയലായ ‘വെല്‍ഫയര്‍ ഇന്‍സ്റ്റിട്യൂട്ട്’ കോളേജില്‍ അരവിന്ദന്‍ പഠിപ്പിച്ചിരുന്ന കാലത്ത് അവിടെയുള്ള സ്‌നേഹിതന്‍മാരുടെ കൂട്ടായ്മയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളുടേയും വ്യക്തികളുടേയും മാനറിസങ്ങള്‍ ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന കാര്‍ട്ടൂണിന്റെ ജിഗ്‌സോ പസിലിന്റെ രൂപത്തില്‍ അന്നേ അരവിന്ദന്‍ തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് കാര്‍ട്ടൂണ്‍ പരമ്പര പ്രശസ്തമായതോടെ കാര്‍ട്ടൂണില്‍ പ്രതൃക്ഷപ്പെട്ട കഥാപാത്രങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ വ്യക്തികള്‍ തങ്ങളുടെ മനസിലേക്ക് കടന്നു വന്നതായി അന്ന് ആ കൂട്ടായ്മയിലെ അംഗമായിരുന്ന, അരവിന്ദന്റെ ഉറ്റ സുഹൃത്തിയിരുന്ന റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അന്തരിച്ച എന്‍. ഗോപാലകൃഷ്ണന്‍ എഴുതിയിട്ടുണ്ട്.
ഇത്തരം ഒത്തുകൂടലുകളില്‍ പലപ്പോഴും വട്ടമിട്ടിരുന്ന് സേവിച്ച്, ബീഡി വലിച്ച് ഈ സ്നേഹിതര്‍ വിശ്വാവലോകനം നടത്താറുണ്ട്. അത്തരമൊരു വേളയിലാണ് കാര്‍ട്ടൂണ്‍ പരമ്പരയിലെ വലിയ ലോകത്തിലെ വലിയ മനുഷ്യനായ കഥാപാത്രം ‘ഗുരുജി’ ജന്മമെടുത്തത്. അദ്ധ്യാപകനും,അരവിന്ദന്റെ ജീവിതത്തില്‍ അളവറ്റ സ്വാധീനം ചെലുത്തിയ ഒരു ഗണിത ശാസ്ത്ര അദ്ധ്യാപകന്റെ മാനറിസവും മുഖഛായയുമായിരുന്നു ഗുരുജിക്ക്. തന്റെ ബാല്യകാല സുഹൃത്തായ ശബരിനാഥിന്റെ അതിഗഹനവും അന്തര്‍മുഖവുമായ ഒരു മനസായിരുന്നെങ്കിലും അനുഭവങ്ങളേയും ചുറ്റും കാണുന്ന ദൃശ്യങ്ങളെയും ഒരു ബ്ലോട്ടിങ്ങ് പേപ്പര്‍ പോലെ ഒപ്പിയെടുക്കാനുള്ള കഴിവ് അന്നേ പ്രതിഭയായ അരവിന്ദനിലുണ്ടായിരുന്നു.
ഇന്‍സ്റ്റിട്യൂട്ടിന്റെ അടുത്ത് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ള ഒരു ഹില്‍മാന്‍ കാറിന്റെ ടയറുകളിലെ ക്രോമിയം പ്ലേറ്റ് ചെയ്ത വീല്‍കപ്പില്‍ നോക്കുമ്പോള്‍ കാണുന്ന സ്‌നേഹിതരുടെ വക്രീകൃത ചായകള്‍ കണ്ടയുടന്‍ അരവിന്ദന്‍ അവ ഉടനെ കടലാസില്‍ പകര്‍ത്തിയെ ടുക്കുമായിരുന്നു. പിന്നീട് വലിയ ലോകവും ചെറിയ മനുഷ്യരിലെ ചില കഥാ പാത്രങ്ങള്‍ക്ക് അന്ന് അരവിന്ദന്‍ വരച്ച ഇതേ ഛായയായിരുന്നു.
ഒരു കാര്‍ട്ടൂണിസ്റ്റിന് ഏറ്റവും വേണ്ട നിരീക്ഷണവും നര്‍മ്മബോധവും അരവിന്ദന് ധാരാളം ഉണ്ടായിരുന്നു. കോട്ടയത്തെ കൂട്ടായ്മക്കാലത്ത് ഒരിക്കല്‍ ഏറ്റുമാനുര്‍ ബസ്സ്റ്റാന്റില്‍ ഒരാള്‍ പല്‍പ്പൊടി വില്‍ക്കുന്നത് വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ സ്വന്തം കയ്യില്‍ നിന്ന് പൈസ ചിലവാക്കി രണ്ട് സ്‌നേഹിതരേയും വിളിച്ച് കൂടെ കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ കച്ചവടം തുടങ്ങിയിട്ടില്ല. മൂന്നുപേരും ക്ഷമയോടെ കുറെ നേരം അവിടെ കാത്തു നിന്നു. അവസാനം പല്‍പ്പൊടിക്കാരന്‍ വിളിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ ഒരക്ഷരം പോലും മനസിലാകുന്നില്ല. കുറേ നേരം മൂന്നു പേരും അയാളുടെ പിന്നാലെ നടന്നു. അവസാനം ഒരു ഭാഗം മാത്രം അവര്‍ക്ക് പിടി കിട്ടി. ‘പതിവായി പല്ലു തേക്കാഞ്ഞാല്‍ സംസാരിക്കുമ്പോള്‍ തെളിയാതെ വരും. പല്‍പ്പൊടി വാങ്ങുവിന്‍! ‘
ചെറിയ മനുഷ്യരും വലിയ ലോകവും കാര്‍ട്ടുണുകള്‍ സൂക്ഷ്മമായി വായിച്ചാല്‍ അരവിന്ദന്റെ ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ധാരാളം കാണാം.
കോട്ടയത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തിയിരുന്ന പ്രസിദ്ധനായ ഡാന്‍സര്‍ ചെല്ലപ്പന്‍ നൃത്തത്തിന് ഉപയോഗിക്കുന്ന ‘ഓംകാരമായി വിളങ്കും മംഗളമേ നമസ്‌തേ’ എന്ന പിന്‍ പാട്ടാണ് ക്ലാസിക്കല്‍ ഡാന്‍സര്‍ ഗുരു കൈലാസനാഥ് കാര്‍ട്ടൂണില്‍ പാടുന്നത്.
അറുപതുകളുടെ തുടക്കത്തിലെ മലയാളി മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തനി ആവിഷ്‌ക്കാരമാണ് ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. മധ്യവര്‍ഗത്തിന്റെ നിസ്സഹായത, അസൂയ, പൊങ്ങച്ചം, കപടസദാരാചരം അഹങ്കാരം, അജ്ഞത എന്നിവ ഓരോ ലക്കത്തിലും കഥാപാത്രങ്ങളിലൂടെ അവതരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ മഷി കുടഞ്ഞു വരഞ്ഞ അരവിന്ദന്‍ കല, സാഹിത്യം സംസ്‌കാരം, രാഷ്ട്രീയം, മതം, വിദ്യാഭ്യാസം, ആതുര സേവനം, ചലചിത്രം, ഫാഷന്‍, നൃത്തം തുടങ്ങിയ മേഖലകളിലെ ചതി, വഞ്ചന, ഹിപ്പോക്രസി എന്നിവ വരയിലൂടെയും ഡയലോഗിലൂടെയും തുറന്നു കാട്ടി.
രാമു, ഗുരുജി, രാജുവിന്റെ കുടുംബം ഇവരെ ചുറ്റിപ്പറ്റിയ ലോകം ഇതാണ് പശ്ചാത്തലം. സര്‍ക്കാര്‍ ഓഫീസ്, ഉദ്യോഗസ്ഥര്‍, കോഫി ഹൗസ്, നഗരവീഥികള്‍, വായനശാല, പെട്ടിക്കട തുടങ്ങിയ ഇടങ്ങളിലൂടെ കഥ നീങ്ങുന്നു.
അരവിന്ദന് താല്‍പ്പര്യമുണ്ടായിരുന്ന സാഹിത്യം, സംഗീതം, ചിത്രകല, നാടകം എന്നിവയുടെ അക്കാലത്തെ പുരോഗമന വികാസങ്ങളെല്ലാം സൂചനാ രൂപത്തില്‍ ആറ് ഫ്രെയിം മാത്രമുള്ള ഈ കാര്‍ട്ടൂണില്‍ പലപ്പോഴായി കടന്നു വന്നു. ഇതില്‍ ജി. ശങ്കരക്കുറിപ്പിന്റെ കവിത ഓടക്കുഴലിലെ വരികളുണ്ട്, സ്പാനിഷ് കവി ലോര്‍ക്കയുടെ വിഖ്യാതമായ വിലാപ കാവ്യത്തിലെ രണ്ട് വരികള്‍ ഗുരുജി ഉദ്ധരിക്കുന്നുണ്ട്. ജോര്‍ജ് സന്തായനയുടെ വാക്കുകള്‍ ഉണ്ട്.
എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതും മുന്‍പ് തന്നെ ഷെനെ എന്ന ഫ്രഞ്ച് സാഹിത്യകാരനേയും അയാളുടെ രചന തീഫ്‌സ് ജേര്‍ണലിനെ കുറിച്ചും മലയാളികള്‍ അരവിന്ദന്റെ കാര്‍ട്ടൂണില്‍ വായിച്ചു. ടാഗോറിന്റെ ചിത്രരചനയെ കുറിച്ചും, ചെഗ്വാര ക്യൂബയില്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും ഗുരുജി പറഞ്ഞു തരുന്നുണ്ട്. കേവലം ഒരു കാര്‍ട്ടുണില്‍ പ്രതൃക്ഷപ്പെടുന്ന ഈ ചെറിയ വിജ്ഞാനങ്ങള്‍ മലയാളി വായനാ സമൂഹത്തിന് പലപ്പോഴും ഗൗരവപ്പെട്ട വായനാലോകത്തേക്ക് നയിച്ച ഒരു ചൂണ്ടു പലകയായിരുന്നു എന്നതാണ് ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയെ വ്യത്യസ്തമാക്കിയത്.
ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പ്രതൃക്ഷപെടാന്‍ തുടങ്ങിയപ്പോള്‍ വെറും ഒരു വിഡ്ഢിച്ചിരിക്ക് വേണ്ടി കാര്‍ട്ടൂണ്‍ പേജ് നോക്കുന്നവരുടെ കത്തുകള്‍ വരാന്‍ തുടങ്ങി. എന്തിന് ഒരു പേജ് നഷ്ടപ്പെടുത്തുന്നു?
‘ചെറിയ മനുഷ്യരും വലിയ ലോകവും പാരമ്പര്യ രീതിയിലുള്ള ഒരു കാര്‍ട്ടൂണ്‍ പംക്തിയല്ല. വരകളുടെ രൂപം കൊണ്ട കാവ്യമെന്നോ ഒരു നോവലെന്നോ വിശേഷിപ്പിക്കാവുന്ന സൃഷ്ടി. നമ്മുടെ കാലഘട്ടത്തിലെ നെറികേടുകള്‍, പൊങ്ങച്ചങ്ങള്‍, അസത്യങ്ങള്‍, മൂല്യച്യുതികള്‍ എല്ലാം ഈ പരമ്പരയിലെ ജീവിതസന്ധികളില്‍ പ്രതൃക്ഷപ്പെടുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും കലയും ആസ്വാദന നിലവാരവും പ്രകടന പരതയുമെല്ലാം വിഷയങ്ങളായി. മുകള്‍ത്തട്ടിലെത്താനുള്ള വെമ്പലിനിടയ്ക്ക് കാല്‍ക്കീഴില്‍ വിശുദ്ധമെന്ന് കരുതിയ മൂല്യങ്ങളുടെ പൂജാപുഷ്പങ്ങള്‍ പലതും ചതഞ്ഞരിയുന്നു. ‘രാമു നിശ്ബദമായ നിലവിളികള്‍ കേള്‍ക്കുന്നുണ്ട്’. ‘ഗുരുജി കാണുന്നുണ്ട്’. ‘ഞാന്‍ ഞാനല്ലാതായിരിക്കുന്നു’. ‘ഇത് വേണ്ടായിരുന്നു.’ എന്ന് രാമു ചിന്തിച്ച് പോകുന്നുണ്ട്. മുജ്ജന്മശാപം പേറുന്നതിനെപ്പോലെ ഭൗതിക വിജയമെന്ന മരീചികയിലേക്കുള്ള പടവുകള്‍ രാമു കയറിക്കൊണ്ടിരുന്നു.
വ്യത്യസ്തമായ എന്നെങ്കിലും കണ്ടാല്‍ ഉടന്‍ ശകാര കത്തുകള്‍ എഴുതുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ നിരവധിയുണ്ട്. പേര് വെയ്ക്കാതെ ചെറിയ പുലഭ്യങ്ങള്‍ ഇടയ്ക്ക് തനിക്കും കിട്ടുന്നു എന്ന് അരവിന്ദന്‍ പറഞ്ഞു. പറയുമ്പോള്‍ ക്ഷോഭമില്ല, ദുഃഖമില്ല. സൗമ്യമായ നിസംഗത മാത്രം. ബഹുജനപ്രീതിക്കായി തന്റെ ധാരണകള്‍ വെട്ടിത്തിരുത്താനോ പുനപരിശോധിക്കാനോ ഒരിക്കലും തയ്യാറായിരുന്നില്ല എന്നതായിരുന്നു അരവിന്ദന്റെ ‘ശക്തിയും സിദ്ധിയും’. ഈ പരമ്പര അവസാനിച്ച് കുറെ കഴിഞ്ഞപ്പോഴാണ് അതിന്റെ മഹത്വമെന്തായിരുന്നുവെന്ന് പലര്‍ക്കും ബോധ്യമായത്. സ്വകാര്യമായി ശകാരിച്ചവര്‍ കൂടി അഭിപ്രായം തിരുത്തി. നിസംഗതയോടെ അപ്പോഴും അരവിന്ദന്‍ മന്ദഹസിച്ചു.
ചെറിയ മനുഷ്യരും വലിയ ലോകവും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ താന്‍ നടത്തിയ നിശബ്ദ പ്രവര്‍ത്തനങ്ങളെകുറിച്ച് 1996 ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എം.ടി. എഴുതി. പക്ഷേ, മനോഹരമായ ആ കുറിപ്പ് വായിച്ച് മന്ദഹസിക്കാന്‍ അരവിന്ദന്‍ ഇല്ലാതെ പോയി.
11 വര്‍ഷം ഈ കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ പ്രസിദ്ധീകരിച്ചു. 1973 ഡിസംബര്‍ 02 ലക്കത്തിലാണ് അവസാനമായി പ്രസിദ്ധീകരിച്ചത്. അവസാനിക്കുന്നു എന്ന പതിവ് അടയാള വാക്യമൊന്നും കൊടുക്കാതെയാണ് കാര്‍ട്ടൂണ്‍ പരമ്പര നിന്നത് – അല്ലെങ്കില്‍ ഇല്ലാതായത്.
അതിന്റെ കാരണവും അരവിന്ദന്‍ കുറഞ്ഞ വാക്കുകളിലൊതുക്കി.’ എനിക്ക് വാസ്തവത്തില്‍ ബോറടിച്ചു തുടങ്ങിയിരുന്നു. അതിനിടയില്‍ എനിക്കും ലീലക്കും രാമുവിനും കണ്ണില്‍ക്കേട് (ഭാര്യയും മകനും) അങ്ങനെ മൂന്നാലു തവണ അത് മുടങ്ങി. പിന്നീട് ഒരെണ്ണം വരച്ചു. പക്ഷേ, അത്തവണ മാതൃഭൂമിയുടെ അവസാന പേജില്‍ വേറെ ഒരു കാര്‍ട്ടൂണ്‍ പ്രതൃക്ഷപ്പെട്ടു. അങ്ങനെ ഞാനതു നിറുത്തി’. നേരിന് നേര്‍ക്ക് തിരിച്ച് പിടിച്ച രാമുവിന്റെ ലോകമെന്ന ഭൂതക്കണ്ണാടി അതിന്റെ ദൗത്യം അവസാനിപ്പിച്ച് സാംസ്‌കാരിക ചരിത്രത്തില്‍ മറഞ്ഞു.
1994 ല്‍ പ്രസിദ്ധമായ ഒറിജിത്ത് സെന്റെ ‘റിവര്‍ ഓഫ് സ്റ്റോറീസ്’ ആണ് ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നോവല്‍. മൂന്ന് പതിറ്റാണ്ട് മുന്‍പ് പക്ഷേ, ചെറിയ മനുഷ്യരും വലിയ ലോകവും പ്രസിദ്ധീകരിക്കുമ്പോള്‍ ഈ ഗ്രാഫിക്ക് നോവല്‍ എന്ന പദം ഉപയോഗത്തില്‍ ഇല്ല. ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാല്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’.
ഗൗരവമുള്ള മലയാള വായനാ സമൂഹത്തെയാകര്‍ഷിച്ച ഈ കാര്‍ട്ടൂണ്‍ പരമ്പര വീണ്ടും തുടരാന്‍ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായി. കലാകൗമുദിയില്‍ വീണ്ടും ആരംഭിക്കാന്‍ പത്രാധിപരായ എസ്. ജയചന്ദ്രന്‍ നായര്‍ ശ്രമിച്ചെങ്കിലും അരവിന്ദന്‍ വഴങ്ങിയില്ല. തന്റെ അടുത്ത മേഖലയായ ചലചിത്രത്തിലേക്ക് കടന്ന അരവിന്ദന് ‘ഉത്തരായനം’ എന്ന ചിത്രത്തിന്റെ ജോലിയിലേക്ക് കടക്കാന്‍ ഈ കാര്‍ട്ടൂണ്‍ പരമ്പരയില്‍ നിന്ന് മോചനം അനിവാര്യമായിരുന്നു.
ഈ കാര്‍ട്ടൂണ്‍ പരമ്പര മലയാളി മനസ്സില്‍ ഇടം നേടിയ കാലത്ത് ബോംബയില്‍ നിന്ന് ഒരു എന്‍ജിനിയര്‍ തനിക്ക് ‘രാമു’ ന്റെ കുടുംബത്തില്‍ അംഗമായാല്‍ കൊള്ളാമെന്നും രാമുവിന്റെ അനിയത്തിയെ താന്‍ കല്യാണം കഴിക്കാന്‍ തയ്യാറാണെന്നും കാണിച്ച് തലക്കുറി സഹിതം ഒരു കത്ത് പോലും അയച്ചു. രാമുവിന്റെ കഥ നല്ലവനായ ആ യുവ എഞ്ചിനീയര്‍ യഥാര്‍ത്ഥമാണെന്ന് ധരിച്ചു പോയിരുന്നു.
‘കുടംബത്തിന്റെ വിഹ്വലതകളിലൂടെ, പ്രതീക്ഷകളിലൂടെ ഒരു കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സത്യസന്ധമായ ചിത്രങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. ഗുരുജിയും, സ്വാമിയും, അബുവും, നാഗന്‍പിള്ളയുമൊക്കെ രാമുവിന്റെ ലോകത്തിലെ അവിസ്മരണീയമായ ചെറിയ മനുഷ്യരാണ്. അടര്‍ന്നു വീഴാറായി നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുള്ളി പോലുള്ള ആ അനിയത്തി രാധയെ വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ മനസില്‍ കാണുന്നു.
രാമുവിന്റെ ലോകത്തിലൂടെ ഭൂതക്കണ്ണാടി നേരിന് നേര്‍ക്കു തിരിച്ച് പിടിക്കാന്‍ പ്രേരിപ്പിക്കുകയാണ് അരവിന്ദന്‍ ചെയ്തത്. ഈ കാര്‍ട്ടൂണ്‍ പരമ്പര ഈ കാലഘട്ടത്തിലുണ്ടായ, കൊച്ചുവരകള്‍ കൊണ്ടെഴുതപ്പെട്ട ഒരു മഹാ ഗ്രന്ഥമാണെന്ന് എപ്പോഴും തോന്നിയിരുന്നു. ‘ചെറിയ മനുഷ്യരും വലിയ ലോകവും’- എം.ടി. എഴുതി.
ഒരു തലമുറയുടെ വിചാര- വികാസത്തിന്റെ വളര്‍ച്ചക്ക് ‘ഖസാക്കിന്റെ ഇതിഹാസം വഹിച്ച പോലെ തുല്യമായൊരു പങ്കായിരുന്നു ഈ കാര്‍ട്ടൂണ്‍ പരമ്പര അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ അന്ന് നിര്‍വ്വഹിച്ചത്. Cheriya Manushyarum Valiya Lokavum cartoon series by G Aravindan
Content Summary; Cheriya Manushyarum Valiya Lokavum cartoon series by G Aravindan