June 03, 2026 |

കണ്ണൂര്‍ സംഘം കൊണ്ടു പോയോ, അതോ സെബാസ്റ്റ്യന്റെ വീട്ടില്‍ ബിന്ദു അവസാനിച്ചോ?

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം ഏറെ നിര്‍ണായകമാണ്

ജെയ്‌നമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയനെതിരേ രക്തക്കറകള്‍ തെളിവായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ്, ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ മറ്റൊരു വെളിപ്പെടുത്തലും സെബാസ്റ്റ്യനെതിരായിരിക്കുന്നത്. കടക്കരപ്പള്ളി സ്വദേശിയും സെബാസ്റ്റ്യന്റെ സുഹൃത്തുമായിരുന്ന ശശികല പറയുന്നത് ബിന്ദുവിനെ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ്. കൊലപാതകം നടന്നിരിക്കുന്ന പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ വച്ചാണെന്നും ശശികല ആരോപിക്കുന്നു.

ബിന്ദു കേസില്‍ ഈ വര്‍ഷമാദ്യം സെബാസ്റ്റ്യനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചുള്ള സെബാസ്റ്റ്യന്റെ പരാതി പരിഗണിച്ച് കോടതി നാര്‍കോ പരിശോധനയ്ക്ക് അനുമതി നിഷേധിക്കുകയാണുണ്ടായത്. ബിന്ദു കേസ് ഉയര്‍ന്നു വന്ന സമയത്ത് നാര്‍കോ പരിശോധന പോലുള്ള ശാസ്ത്രീയ വഴികള്‍ അന്നത്തെ അന്വേഷണ സംഘം എന്തുകൊണ്ട് തേടിയില്ലെന്നത് വിമര്‍ശനവിധേയമാണ്.

ബിന്ദുവുമായി സെബാസ്റ്റ്യന് ഉണ്ടായിരുന്ന അടുപ്പമാണ്, തിരോധാനത്തില്‍ അയാളുടെ പേരില്‍ സംശയം ബലപ്പെടാനുള്ള കാരണം. ഈ അടുപ്പം സെബാസ്റ്റ്യനും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബിന്ദുവിന്റെ തിരോധാനത്തിലോ അവരുടെ സ്വത്തു വകകള്‍ നഷ്ടപ്പെട്ടതിലോ തനിക്ക് പങ്കില്ലെന്നാണ് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ആ വാദങ്ങളെ നിരാകരിക്കുന്നതാണ് ശശികലയുടെ വെളിപ്പെടുത്തല്‍. സെബാസ്റ്റ്യന്റെ സുഹൃത്തായിരുന്നു ശശികല എന്നതിനാല്‍ അവരുടെ വെളിപ്പെടുത്തല്‍ ക്രൈം ബ്രാഞ്ച് ഗൗരവമായി എടുത്തിട്ടുണ്ട്. ശശികലയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ ബിന്ദുവിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല. 2017 സെപ്തംബറിലാണ് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. സഹോദരിയുടെ പേരുള്ള സ്വത്തുക്കള്‍ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കി തട്ടിയെടുത്തുന്നവെന്ന പരാതിയാണ് പ്രവീണ്‍ ആദ്യം നല്‍കുന്നത്. പിന്നാലെയത് മാധ്യമ വാര്‍ത്തകളായി. സെപ്തംബറില്‍ സര്‍ക്കാരിന് പരാതി നല്‍കി, രണ്ട് മാസങ്ങള്‍ കഴിഞ്ഞാണ് ബിന്ദുവിന്റെ ദുരൂഹ തിരോധാനത്തില്‍ പൊലീസ് കേസ് എടുക്കുന്നതെന്നാണ് പ്രവീണ്‍ പറയുന്നത്.

ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുത്തതും ബിന്ദു തിരോധാനവും പ്രത്യേകമായി അന്വേഷണം തുടങ്ങിയെങ്കിലും രണ്ടിലും സെബാസ്റ്റ്യനെതിരേ വ്യക്തമായ തെളിവോ, സാക്ഷി മൊഴികളോ ഇതുവരെ കിട്ടിയിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞുകൊണ്ടിരുന്നത്. ശശികലയുടെ മൊഴി വഴിത്തിരിവ് ആകുമോ എന്നതാണ് ഇനി നിര്‍ണായകം.

ഒരു സ്ഥലക്കച്ചവടക്കാരനുമായുള്ള ശശികലയുടെ ഫോണ്‍ സംഭാഷണത്തിലാണ് ബിന്ദു കേസ് പരാമര്‍ശിക്കുന്നത്. ശശികല സംസാരിച്ച സ്ഥലക്കച്ചവടക്കാരനും സെബാസ്റ്റ്യന്റെ സുഹൃത്താണ്. ബിന്ദു തിരോധനം വലിയ വാര്‍ത്തയായിരുന്ന സമയത്താണ് ഈ ഫോണ്‍ സംഭാഷണം നടന്നതെന്നാണ് മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. സെബാസ്റ്റ്യന്റെ രണ്ടു സുഹൃത്തുക്കളായിരുന്നവര്‍(ശശികലയും, വസ്തു ഇടനിലക്കാരനും- ഇയാള്‍ക്ക് ബിന്ദുവുമായും അടുപ്പമുണ്ടായിരുന്നതായി പറയുന്നു) രണ്ടു പേര്‍ തമ്മില്‍ നടന്ന സംഭാഷണം തള്ളിക്കളയാനാകാത്ത തെളിവാണ്.

ബിന്ദു ജീവിച്ചിരിപ്പില്ലെന്നും, അവരെ നേരത്തെ തന്നെ നല്ല ആണ്‍പിള്ളേര്‍ കൊന്നു കളഞ്ഞു എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ്, ഫോണ്‍ സംഭാഷണത്തിനിടയില്‍ ശശികല ആരോപിക്കുന്നത്. ബിന്ദുവിനെ കൊന്നു കളഞ്ഞു എന്നു തന്നോട് പറഞ്ഞ വ്യക്തിയും സെബാസ്റ്റ്യനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് ശശികല ആരോപിക്കുന്നത്. പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയില്‍ വച്ച് തലയ്ക്കടിച്ചു ബിന്ദുവിനെ കൊലപ്പെടുത്തിക്കാണുമെന്നാണ് ശശികല പറയുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാം.

കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സെബാസ്റ്റ്യനും അയാളുടെ രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരേ മൂന്നു വര്‍ഷം മുമ്പ് വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസും ക്രൈം ബ്രാഞ്ചും കാര്യമായി അന്വേഷിച്ചില്ല എന്ന ശശികലയുടെ ആരോപണവും ഗൗരവമേറിയതാണ്.

ശശികല പറയുന്നത്, ബിന്ദുവിന് എന്തു സംഭവിച്ചു എന്നത് സെബാസ്റ്റ്യനും കൂട്ടാളികള്‍ക്കും അറിയാമെന്നാണ്. എന്നാല്‍ പൊലീസോ ക്രൈം ബ്രാഞ്ചോ ഇവരെ വിശദമായി ചോദ്യം ചെയ്തില്ല, ചെയ്തിരുന്നുവെങ്കില്‍ കേസ് തെളിയുമായിരുന്നു. താന്‍ നല്‍കിയ തെളിവുകളോ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളോ കാര്യമായി പരിശോധിച്ചില്ലെന്നും ശശികലയുടെ ആരോപണമാണ്.

ബിന്ദു തിരോധാനത്തില്‍ ലോക്കല്‍ പൊലീസ് ശരിയായ വഴിയിലല്ല അന്വേഷഷണം കൊണ്ടു പോയതെന്ന് തുടക്കം മുതല്‍ കേള്‍ക്കുന്ന പരാതിയാണ്. ചേര്‍ത്തലയില്‍ അന്നുണ്ടായിരുന്ന രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സെബാസ്റ്റിയനില്‍ നിന്നും പ്രതിഫലം പറ്റിയിരുന്നുവെന്നും ആരോപണമുണ്ട്. സെബാസ്റ്റ്യനെതിരേ സംശയം ശക്തമായിരുന്നുവെങ്കിലും അന്വേഷണത്തിലെ ഉത്സാഹക്കുറവ് മുന്നോട്ടുള്ള വഴിയടച്ചുവെന്നാണ് പരാതി. സെബാസ്റ്റ്യന്റെ സാമ്പത്തിക ഉറവിടത്തേക്കുറിച്ചും അയാള്‍ നടത്തി വന്നിരുന്ന പലശി ഇടപാടുകളെക്കുറിച്ചും വേണ്ട രീതിയില്‍ അന്വേഷണം പോയില്ല.

2017 ലാണ് സെബാസ്റ്റ്യനെതിരേ ആദ്യ കേസ് വരുന്നത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിരുന്നു കേസ്. ഉയര്‍ന്ന പലിശയും, അതീടാക്കാന്‍ വളഞ്ഞ വഴിയും നോക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയ നിയമ നടപടിയാണ് ഓപ്പറേഷന്‍ കുബേര. സെബാസ്റ്റ്യന്‍ ചേര്‍ത്തലയില്‍ അറിയപ്പെടുന്ന വായ്പ്പ ദാതാവായിരുന്നു. പണം വാങ്ങിയൊരാള്‍ നല്‍കിയ പരാതിയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ റെയ്ഡ് നടന്നു. പണമിടപാടിന്റെ പല രേഖകളും കണ്ടെത്തി. കേസ് ചാര്‍ജ് ചെയ്തു. 2018 ല്‍ ഈ കേസ് കോടതിയിലെത്തി. സെബാസ്റ്റ്യനെ റിമാന്‍ഡ് ചെയ്തു. അയാള്‍ ആദ്യമായി ജയില്‍ പോകുന്നത് ആ കേസിലാണ്. ഇതിനുശേഷമാണ് ബിന്ദു തിരോധന കേസും, അവരുടെ സ്വത്ത് തട്ടിയെടുത്തുവെന്ന കേസുമൊക്കെ വരുന്നത്.

സെബാസ്റ്റ്യന്റെ കൈയില്‍ ഇത്രയും പണം എങ്ങനെ വന്നുവെന്നതിനെ കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. ബിന്ദു കേസ് വന്നതിനു പിന്നാലെ സെബാസ്റ്റ്യന്‍ കുറച്ചു നാള്‍ കണ്ണൂരില്‍ ഒളിവില്‍ പോയിരുന്നതായി പറയുന്നുണ്ട്. സെബാസ്റ്റ്യന് കണ്ണൂരില്‍ ഒളിവിടം ഒരുക്കി കൊടുത്ത സംഘം, ഒരിക്കല്‍ ചേര്‍ത്തലയില്‍ വന്നിരുന്നതായും പറയുന്നു. ഇവര്‍ ചേര്‍ത്തലയില്‍ ഒരു ലോഡ്ജില്‍ തങ്ങി സെബാസ്റ്റ്യന്‍ കടം കൊടുത്തിരുന്ന പണം മുഴുവന്‍ പിരിച്ചെടുത്തുവെന്നും, ഈ വിഷയങ്ങളെക്കുറിച്ച് അറിയാവുന്ന ചിലര്‍ പറയുന്നു. ഈ കണ്ണൂര്‍ സംഘം തന്നെയാണ് ബിന്ദുവിനെയും ചേര്‍ത്തലയില്‍ നിന്നും കൊണ്ടു പോയതെന്നും ചിലര്‍ പറഞ്ഞിരുന്നു. ബിന്ദു അവരുടെ കൈകളാല്‍ വകവരുത്തപ്പെട്ടിരിക്കാം എന്ന വാദവും ഉണ്ടായിരുന്നു. ഇപ്പോള്‍ ശശികലയുടെ വെളിപ്പെടുത്തല്‍ പ്രകാരം ബിന്ദു പള്ളപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ വച്ച് കൊല്ലപ്പെട്ടുവെന്നാണ്. തലയ്ക്കടിച്ചു കൊന്നിരിക്കാമെന്നാണ് ശശികലയുടെ ആരോപണം. അങ്ങനെയെങ്കില്‍ ശശീരം എന്തു ചെയ്തു എന്നൊരു ചോദ്യം ബാക്കിയുണ്ട്.

സെബാസ്റ്റ്യന്റെ വീട്ടു പറമ്പില്‍ നിന്നും കണ്ടെത്തിയ അസ്ഥികഷ്ണങ്ങള്‍ ജെയ്‌നമ്മയുടെതാണോ ബിന്ദുവിന്റെയാണോ എന്ന് സ്ഥികരീച്ചിട്ടില്ല. ഡിഎന്‍ഫലം വൈകുകയാണ്. സെബാസ്റ്റ്യന്റെ വീട്ടിലെ ശുചി മുറിയിലെ രക്തക്കറ ജെയ്‌നമ്മയുടെതാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. ബിന്ദുവിന്റെ മരണവും അവിടെ വച്ചു തന്നെയാണ് നടന്നതെന്നതിന് തെളിവുകളൊന്നും കിട്ടിയിട്ടില്ല. അസ്ഥികള്‍ ബിന്ദുവിന്റെതാണെന്ന് തെളിഞ്ഞാല്‍ ശശികല പറഞ്ഞതുപോലെയാകാം കാര്യങ്ങള്‍ നടന്നത്. എന്തായാലും ആ അസ്ഥികളുടെ ഡിഎന്‍എ ഫലം ഏറെ നിര്‍ണായകമാണ്.  Cherthala Bindu Padmanabhan missing case ; revelations against sebastian

Content Summary; Cherthala Bindu Padmanabhan missing case ; revelations against sebastian

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×