July 14, 2026 |
Share on

കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിൽ ഒരു മരണം; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദു

ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദു

കോട്ടയം  ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്ന് വീണ കെട്ടിട അവശിഷ്ട‌ങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തകർ ബിന്ദുവിനെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും.

ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. തലയോലപ്പറമ്പിലെ ടെക്സ്റ്റൈൽ ജീവനക്കാരിയാണ് ബിന്ദു.

തകർന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ല എന്നായിരുന്നു മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും അപകടം നടന്നയുടൻ പ്രതികരിച്ചിരുന്നത്. എന്നാൽ കെട്ടിടത്തിലെ ശുചിമുറികൾ അന്തേവാസികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചിരുന്നതായി ജീവനക്കാർ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്ഥലത്തെത്തിയിരുന്നു.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാർഡുകളിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും  ഒഴിപ്പിച്ചു. അഞ്ചു ശുചിമുറികൾ വീതമുള്ള മൂന്നു നിലകൾ ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾ നടക്കവേയാണ് അപകടം.

content summary: kottayam medical college building collapses, one died

 

Leave a Reply

Your email address will not be published. Required fields are marked *

×