June 26, 2026 |
Share on

‘സാമ്പത്തിക ഞെരുക്കത്തിലും ഓണം വർണാഭമാക്കി’ ധനമന്ത്രിയെ പ്രശംസിച്ച് ഡോ. ആർ. ബിന്ദു

ചിലവഴിച്ചത് 20,000 കോടി രൂപ

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ ഈ ഓണക്കാലം ഗംഭീരമാക്കിയ ധനകാര്യ വകുപ്പിനെയും മന്ത്രി കെ.എൻ. ബാലഗോപാലിനെയും പ്രശംസിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക നീതിനിഷേധം നേരിടുമ്പോഴും, സംസ്ഥാന ഖജനാവിനെ സമർത്ഥമായി നയിച്ച് ഓണം ആഘോഷിക്കാൻ ആവശ്യമായ ഫണ്ട് ജനങ്ങളിലേക്ക് എത്തിച്ചതിനാണ് മന്ത്രിയെ അഭിനന്ദിച്ചത്. “ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങൾ,” മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചിലവഴിച്ചത് 20,000 കോടി രൂപ ഈ ഓണക്കാലത്ത് 20,000 കോടി രൂപയാണ് സർക്കാർ സപ്ലൈകോ വഴിയും മറ്റ് മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ 62 ലക്ഷം പേർക്ക് രണ്ടു മാസത്തെ ക്ഷേമ പെൻഷനായി 3,200 രൂപ ഓണത്തിന് 10 ദിവസം മുൻപ് നൽകി. പല വീടുകളിലും 6,400 രൂപ വരെ എത്തിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, 6 ലക്ഷത്തിലധികം പേർക്ക് 15 സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റും വിതരണം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 4 കിലോ അരി, സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസും ഉത്സവബത്തയും, ഒരു ഗഡു ക്ഷാമബത്ത (ഡി.എ.) എന്നിവയും അനുവദിച്ചു. കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സർക്കാരിന്റെ ഈ സഹായം എത്തിച്ചതായും പോസ്റ്റിൽ പറയുന്നു. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ , സഹകരണ മന്ത്രി വി.എൻ. വാസവൻ എന്നിവരുൾപ്പെടെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും ഡോ. ആർ. ബിന്ദു വ്യക്തമാക്കി. ധനകാര്യ മന്ത്രിയുടെ ഇടപെടലുകളെ പ്രത്യേകം പരാമർശിച്ചുകൊണ്ട്, “മാസങ്ങൾക്കു മുൻപ് തന്നെ ഓണത്തിന് വേണ്ടിയുള്ള സാമ്പത്തിക തയ്യാറെടുപ്പുകൾ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെൽ കർഷകർക്ക് നൽകേണ്ടിയിരുന്ന ബോണസിൽ 100 കോടി രൂപ ചരിത്രത്തിൽ ആദ്യമായി അഡ്വാൻസ് വരെ നൽകി,” എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിപണിയിൽ അവശ്യസാധനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്താനും, എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിലാളികൾക്കും സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം മുൻകൈയെടുത്തു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളവും പെൻഷനും നൽകുന്നതിനായി 100 കോടി രൂപ വീതം കൃത്യമായി അനുവദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കേരളത്തിന് കഴിയുന്നത് വിമർശകരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്. content summary: Dr. R. Bindu Praises Finance Minister K.N. Balagopal

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×