ധര്‍മസ്ഥലയ്ക്ക് സമാനമായ കേസാണ് ചേര്‍ത്തല പള്ളിപ്പുറത്തും നടന്നതെന്ന സംശയത്തില്‍ പോലീസ്. ജെയ്‌നമ്മ കൊലക്കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്‍ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. ഇതോടെ കഴിഞ്ഞ 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്.
ജെയ്‌നമ്മയ്ക്ക് പുറമെ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിന്ദു പത്മനാഭന്‍, ചേര്‍ത്തല സ്വദേശി ഐഷ, അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല 13-ാം വാര്‍ഡിലെ സിന്ധു എന്നിവരുടെ തിരോധാനവും പോലീസ് പരിശോധിച്ചുവരികയാണ്. കാണാതായ സ്ത്രീകള്‍ക്കെല്ലാം സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2017 ലായിരുന്നു ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബിന്ദു തിരോധാന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്യക്ഷമമായ അന്വേഷണം നടന്നെങ്കിലും ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. തെളിവുകള്‍ ലഭിക്കാതായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഏറ്റുമാനൂര്‍ സ്വദേശിയായ ജൈനമ്മയെ കാണാനില്ലെന്ന് കാണിച്ച് ഏറ്റൂമാനൂര്‍ സ്റ്റേഷനില്‍ പരാതിയെത്തുന്നത്. ഈ കേസിന്റെ അന്വേഷണത്തിനിടെ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
2020 ഒക്‌ടോബര്‍ 19 ന് തിരുവിഴയില്‍ നിന്നുമാണ് സിന്ധുവിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച്, ക്ഷേത്രത്തില്‍ പോയ സിന്ധു പിന്നെ തിരികെ വന്നില്ല. മകളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തിയതായി കണ്ടെത്തി. പിന്നെ എങ്ങോട്ട് പോയെന്നതില്‍ വ്യക്തതയില്ല. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സിന്ധുവിനെ കാണാതായത്. അര്‍ത്തുങ്കല്‍ പോലീസ് നാല് വര്‍ഷം അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു.
ജെയ്‌നമ്മ കേസില്‍ സെബാസ്റ്റ്യനെ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേര്‍ത്തല നഗരത്തില്‍ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. ജെയ്‌നമ്മ തിരോധാന കേസില്‍ സ്വര്‍ണ്ണം പണയം വെച്ചതായി പറയുന്ന കടയിലും ധനകാര്യ സ്ഥാപനത്തിലുമായി സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെയാണ് സെബാസ്റ്റ്യന്‍ പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. Cherthala missing persons case; were similar to those in the Dharmasthala case
Content Summary: Cherthala missing persons case; were similar to those in the Dharmasthala case
Leave a Comment