ജയയെ ബിന്ദു പത്മനാഭനാക്കിയ ‘അമ്മാവന്‍’; ആ കുടിലതയുടെ പിന്നിലെ കഥ

ഒരു നിഗൂഢ വൃദ്ധനും ചാരം മൂടാത്ത രഹസ്യങ്ങളും; പരമ്പര-3

കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥ. ആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും.

ഒരു ആര്‍ട്ടിസ്റ്റില്‍ നിന്ന് തുടങ്ങാം. അദ്ദേഹത്തെ തത്കാലം കുമാര്‍ എന്നു വിളിക്കാം. കുമാര്‍ ചേര്‍ത്തലയില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. സ്‌കൂളില്‍ കുമാറിന്റെ ജൂനിയര്‍ ആയിരുന്നു സെബാസ്റ്റ്യന്‍. കുറച്ചുനാള്‍ കുമാറിനൊപ്പം സഹായിയായും സെബാസ്റ്റ്യന്‍ ജോലി ചെയ്തിട്ടുണ്ട്.

കുമാര്‍ സെബാസ്റ്റ്യനെ കുറിച്ച് പറയുന്നതിങ്ങനെയാണ്; കുറച്ചു തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന, സ്ത്രീ വിഷയത്തില്‍ മോശമല്ലാത്തൊരുവന്‍.

ഐശ്വര്യം കൊണ്ടുവരുന്ന സുഹൃത്ത്‌
ഇതൊക്കെ മനസിലായിട്ടും കുമാര്‍ സെബാസ്റ്റ്യനെ ഒഴിവാക്കിയൊന്നുമില്ല. മിക്കവാറും തമ്മില്‍ കാണും, ഫോണ്‍ വിളിക്കും. ഇടയ്‌ക്കൊക്കെ കുമാറിന്റെ വീട്ടിലും സെബാസ്റ്റിയന്‍ വന്നിരുന്നു. വീട്ടില്‍ വരുന്നതിനൊരു കാരണമുണ്ടായിരുന്നു.

ആലപ്പുഴ, ചേര്‍ത്തല ഭാഗത്തൊക്കെ വീടുകളില്‍ ഒന്നാം തീയതി കയറുന്നൊരു ആചാരമുണ്ട്. മലയാള മാസം ഒന്നാം തീയതി ചിലര്‍ വീടുകളില്‍ ആദ്യം കയറിയാല്‍ ആ വീട്ടുകാര്‍ക്ക് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. ചിലര്‍ കയറിയാല്‍ ആ മാസം മൊത്തം ദുരിതവുമായിരിക്കും!

കുമാറിനെ സംബന്ധിച്ച് സെബാസ്റ്റ്യന്‍ ഐശ്വര്യമുള്ളവനായിരുന്നു! അതുകൊണ്ടയാള്‍ ഒന്നാം തീയതി കയറാന്‍ സെബാസ്റ്റ്യനെ ക്ഷണിക്കും.

2009 കാലം, കുമാറിന്റെ സുഖമില്ലാതെ കിടക്കുന്ന അമ്മയെ പരിചരിക്കാന്‍ ആലപ്പുഴ കലവൂര്‍ സ്വദേശിയായ വാസന്തി എന്ന സ്ത്രീ വരുമായിരുന്നു. ഏകദേശം 2012 കാലത്ത് വാസന്തിയെ അന്വേഷിച്ച് സെബാസ്റ്റ്യന്‍ കുമാറിന്റെ വീട്ടിലെത്തി. കുമാര്‍ സെബാസ്റ്റ്യന് വാസന്തിയുടെ മേല്‍വിലാസം നല്‍കി.

പിന്നീടൊരിക്കല്‍ കുമാര്‍ വാസന്തിയുടെ വീട്ടില്‍ ചെന്നു. അപ്പോഴാണ് സെബാസ്റ്റ്യന്‍ അവിടെ ചെന്നിരുന്ന കാര്യം അറിയുന്നത്.

‘ബിന്ദു’വിനായുള്ള അന്വേഷണം തുടങ്ങുന്നു
തന്റെയൊരു സുഹൃത്ത് ഇപ്പോള്‍ ദുബായ് ജയിലില്‍ ആണെന്നും, അയാളുടെ കുറച്ചു വസ്തു എറണാകുളത്ത് ഉണ്ടെന്നും അതൊന്നു വില്‍ക്കാന്‍ സഹായിക്കണം എന്നുമായിരുന്നു വാസന്തിയോട് സെബാസ്റ്റ്യന്‍ പറഞ്ഞത്. അതിനായി ഇടപ്പള്ളി വില്ലേജ് ഓഫിസില്‍ വരെ വാസന്തി വരണം, ഒരു ഒപ്പിടണം, വാസന്തിയുടെ ഫോട്ടോയും വേണം.

വാസന്തി ചെയ്തു കൊടുക്കുന്ന സഹായത്തിന് പ്രതിഫലമായി സെബാസ്റ്റ്യന്‍ പണവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം വാസന്തി നിരസിക്കുകയായിരുന്നു(വാസന്തി ഇന്നില്ല).

പിന്നീട് സെബാസ്റ്റ്യന്‍ കുമാറിന്റെ വീട്ടില്‍ ചെല്ലുന്നത് മറ്റൊരു സഹായത്തിനായിരുന്നു. പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിക്കുകയാണെങ്കില്‍, ബിന്ദു എന്ന സ്ത്രീ ചേര്‍ത്തല അമ്പലത്തില്‍ കോഴിക്ക് തീറ്റ കൊടുക്കുന്നതായി കണ്ടു എന്നു പറയണം. (ചേര്‍ത്തലയിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രമാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ചേര്‍ത്തല കാര്‍ത്ത്യായനി ദേവീ ക്ഷേത്രം. ഇവിടെ ഭക്തര്‍ കോഴികളെ സമര്‍പ്പിക്കും. ക്ഷേത്ര മുറ്റത്ത് ധാരളം കോഴികള്‍ കാണും, അവിടെ വരുന്ന വിശ്വാസികള്‍ ഈ കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നത് പതിവാണ്).

എന്നാല്‍ അങ്ങനെയൊരു നുണ പറയാന്‍ പറ്റില്ലെന്നു പറഞ്ഞ് അയാളെ മടക്കി അയക്കുകയായിരുന്നു ചെയ്‌തെന്നാണ് കുമാര്‍ പറഞ്ഞത്.
….

ജോത്സ്യന്‍ പരിചയപ്പെടുത്തിയ സുഹൃത്ത്‌
ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ബിജു. ചേര്‍ത്തല വേളോര്‍വട്ടം ക്ഷേത്രത്തിന് കിഴക്കു വശത്തായി ഒരു ജോത്സ്യനുണ്ട്. ഒരിക്കല്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴി ബിജു ജോത്സ്യനെ കാണാനായി കയറി. അവിടെ വച്ച് ജോത്സ്യന്‍ ബിജുവിന് ഒരാളെ പരിചയപ്പെടുത്തി കൊടുത്തു.

ആ പരിചയത്തിന്റെ പുറത്താണ് മൊബൈല്‍ കണക്ഷന്‍ എടുക്കാനായി അയാള്‍ ബിജുവിന്റെ ഷോപ്പില്‍ ചെല്ലുന്നത്. കണക്ഷന്‍ എടുക്കുന്നതിനായി നല്‍കിയ ഐഡി കാര്‍ഡില്‍ നിന്നാണ്, ജോത്സ്യന്‍, ‘അമ്മാവന്‍’ എന്നു പരിചയപ്പെടുത്തിയ തന്റെ പുതിയ സുഹൃത്തിന്റെ പേര് സെബാസ്റ്റ്യന്‍ എന്നാണെന്ന് ബിജു മനസിലാക്കുന്നത്. പള്ളിപ്പുറത്താണ് വീടെന്നും, സ്ഥലക്കച്ചവടമാണ് പണിയെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. പിന്നീട് അവര്‍ അടുത്ത കൂട്ടുകാരായി. അവര്‍ക്കിടയില്‍ പണമിടപാടുകളും നടന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ബിജുവിന്റെ ഷോപ്പിന് മുന്നില്‍ സെബാസ്റ്റ്യന്‍ കാറില്‍ വന്നിറങ്ങി. അത്യാവശ്യമായി എറണാകുളം വരെ പോകണം, ബിജുവിനോടും വരാന്‍ പറഞ്ഞു. കാറില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു ഷാജി. ഷാജിയെ അപ്പോഴാണ് ബിജു പരിചയപ്പെടുന്നത്.

കാര്‍ വൈറ്റില കഴിഞ്ഞ് ഏതോ ഇടറോഡിലൂടെ കയറി ഒരു ആധാരം എഴുത്ത് ഓഫിസിനു മുന്നില്‍ നിന്നു. ഷാജിയും സെബാസ്റ്റ്യനും കൂടിയാണ് കാറില്‍ നിന്നിറങ്ങി ആധാരമെഴുത്ത് ഓഫിസിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് അവര്‍ ചില പേപ്പറുകളുമായി ഷാജിയുടെ അടുത്തെത്തി. പേപ്പറുകളില്‍ എല്ലാം ഒപ്പിടണമെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞതനുസരിച്ച് ബിജു ഒപ്പിട്ടു, ഷാജിയും ഒപ്പിട്ടു. ആ പേപ്പറുകളെല്ലാം ആധാരം എഴുത്തുകാരന് സെബാസ്റ്റ്യന്‍ തിരിച്ചു കൊടുത്തു. പിന്നീട് മൂവരും തിരിച്ചു പോന്നു. ഷാജിയെ ആദ്യം വീട്ടില്‍ വിട്ടശേഷം ബിജുവിനെ ഷോപ്പില്‍ കൊണ്ടു ചെന്ന് ഇറക്കി.

ആ സംഭവത്തിന് ശേഷം സെബാസ്റ്റ്യന്‍ തന്നെ കാണാന്‍ വന്നിട്ടില്ലെന്നാണ് ബിജു പറഞ്ഞത്. അതിനിടയില്‍ ബിജു മറ്റൊരാളെ കൂടി സെബാസ്റ്റ്യന് പരിചയപ്പെടുത്തി കൊടുത്തിരുന്നു.
…..

മറ്റൊരു ബിന്ദു വരുന്നു
ചേര്‍ത്തലയിലെ എല്‍ ഐ സി ഏജന്റായിരുന്നു ബിന്ദു. പോളിസി കാര്യവുമായി ബന്ധപ്പെട്ട് ബിന്ദു പരിചയപ്പെട്ടവരില്‍ ഒരാളായിരുന്നു ബിജു. ബിന്ദുവിന് പണത്തിന് അത്യാവശ്യം വന്നൊരു ഘട്ടം. ബിജുവിനെ കണ്ടപ്പോള്‍ കാര്യം പറഞ്ഞു. പണം പലിശയ്ക്ക് കൊടുക്കുന്നൊരാളെ പരിചയപ്പെടുത്തി തരാമെന്ന് ബിജു പറഞ്ഞു. അയാളുടെ നമ്പര്‍ ബിജു ബിന്ദുവിന് നല്‍കി. ബിന്ദു വിളിച്ചതിന്‍ പ്രകാരം ബിജുവിന്റെ ഷോപ്പില്‍ വച്ച് കാണാമെന്ന് അയാള്‍ പറഞ്ഞു.

50,000 രൂപയായിരുന്നു ബിന്ദുവിന് വേണ്ടത്. മുദ്രപത്രവും ചെക്കും ശരിയാക്കി വയ്ക്കാനും പണം തരാമെന്നും ഉറപ്പ് നല്‍കി അയാള്‍ പോയി.

അതിനുശേഷം അയാള്‍ ബിന്ദുവിനെ വിളിച്ചു. എറണാകുളത്തെ ഒരു വീട്ടില്‍ നിന്നും പണം കിട്ടാനുണ്ടെന്നും അത് വാങ്ങിച്ചു തരാമെന്നും ബിന്ദുവിനോട് പറഞ്ഞു. അയാള്‍ക്കൊപ്പം എറണാകുളത്തേക്ക് വരാന്‍ പറഞ്ഞതിന്‍ പ്രകാരം ബിന്ദു ഒരു കൂട്ടുകാരിക്കൊപ്പം പോയി. 2013 ജനുവരിയിലായിരുന്നു അത്. ആ യാത്രയിലാണ് അയാള്‍ ബിന്ദുവിന് മുന്നില്‍ ഒരു ഓഫര്‍ വച്ചത്.

അയാള്‍ എറണാകുളത്ത് ഒരു സ്ത്രീയുമായി ചേര്‍ന്ന് കുറച്ചു വസ്തു ഇടപാട് നടത്തിയിരുന്നു. ആ സ്ത്രീ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല, മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ആ പെണ്ണിന്റെ മുഖം കൊച്ചിന്റെ മുഖം പോലെയുണ്ട്. സ്ഥലം വില്‍ക്കാന്‍ സഹായിക്കണം. വെറുതെ വേണ്ട, പലിശയ്ക്കു ചോദിച്ച 50,000 രൂപ വെറുതെ തരാം.

ആ ഓഫര്‍ തന്നെ പേടിപ്പിച്ചുവെന്നാണ് ബിന്ദു പറഞ്ഞത്. വെറുതെ കാശ് തരണ്ടെന്നും പലിശയ്ക്കു മതിയെന്നും ബിന്ദു പറഞ്ഞു.

എറണാകുളത്ത് അയാള്‍ സ്ഥലം ഇടപാട് നടത്തിയ, ഇപ്പോള്‍ കാണാനില്ലെന്നു ബിന്ദുവിനോട് പറഞ്ഞ ആ പെണ്ണിന്റെ പേര് ബിന്ദു പത്മനാഭന്‍ എന്നായിരുന്നു.

ബിന്ദുവിന് 50000 രൂപയുടെ ഓഫര്‍ കൊടുത്ത പലിശക്കാരന്‍ സെബാസ്റ്റ്യല്ലാതെ മാറ്റുമല്ലായിരുന്നു.

….

അമ്മാവന്റെ കുടിലത വിജയിക്കുന്നു
താനൊരുക്കിയ കളത്തിലേക്ക് കരുക്കള്‍ കയറാതെ പോയെങ്കിലും സെബാസ്റ്റ്യന്‍ കളി നിര്‍ത്തിയില്ല, അയാള്‍ തന്ത്രപൂര്‍വം വീണ്ടും നീങ്ങി. അങ്ങനെ ചേര്‍ത്തല പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് 2013 ഓഗസ്റ്റ് ഏഴാം തീയതി ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളി വില്ലേജിന് കീഴില്‍ വരുന്ന പാലാരിവട്ടം മരിയ പാര്‍ക്കിന് സമീപമുള്ള പതിനൊന്നു സെന്റ് സ്ഥലം(4.45 ആര്‍) സെബാസ്റ്റ്യന്‍ വിറ്റു. തന്റെ പേരില്‍ ബിന്ദു തീറാധാരം തന്നുവെന്ന് സെബാസ്റ്റ്യന്‍ അവകാശപ്പെട്ട സ്‌പെഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചു തന്നെ.

കണ്ടമംഗലം സ്‌കൂളിലെ എസ്എസ്എല്‍സി ബുക്കും, അതുപയോഗിച്ച് തരപ്പെടുത്തിയ സേലത്തെ ഡ്രൈവിംഗ് ലൈസന്‍സും, സാക്ഷികളുമെല്ലാമായി പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിടാന്‍ അയാള്‍ ‘ബിന്ദു പത്മനാഭനെ’ കൊണ്ടു വന്നു.

വാസന്തിയും ബിന്ദുവും നിരാകരിച്ച ആ ഓഫര്‍ ഏറ്റെടുക്കാന്‍ ഒരാള്‍ വന്നു; കുറുപ്പന്‍കുളങ്ങരക്കാരി മിനി എന്ന ജയ.

സെബാസ്റ്റ്യനൊപ്പം എറണാകുളത്തേക്ക് പോയ ബിന്ദുവിനൊപ്പം ഉണ്ടായിരുന്നത് ജയ ആയിരുന്നു. ചേര്‍ത്തല എല്‍ ഐ എസി ഓഫിസിലെ മറ്റൊരു ഏജന്റ്.

ചേര്‍ത്തല എക്‌സറേ കവലയിലെ സ്റ്റുഡിയോയില്‍ വച്ച് കാനോണ്‍ 60ഡി മോഡല്‍ ഡിജിറ്റല്‍ കാമറയില്‍ പകര്‍ത്തിയ ജയയുടെ ഫോട്ടോകളായിരുന്നു, കണ്ടമംഗലം സ്‌കൂളിലെ എസ്എസ്എല്‍സി ബുക്കിലും, സേലത്തെ ആര്‍ടിഒ ഓഫിസില്‍ നിന്നും അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സിലും, പിന്നെ പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്ക് മുന്നില്‍ പവര്‍ ഓഫ് അറ്റോര്‍ണിയുടെ അറ്റസ്‌റ്റേഷനുമെല്ലാം കാണിച്ചത്.

ഗോവിന്ദന്‍ കുട്ടി മേനോന്റെ ആധാരമെഴുത്ത് ഓഫിസില്‍ വച്ച് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കാന്‍ സെബാസ്റ്റ്യനൊപ്പം ഉണ്ടായിരുന്നതും, ആ പവര്‍ ഓഫ് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്യുന്നതിനായി സബ് രജിസ്ട്രാര്‍ക്ക് മുന്നില്‍ വന്നതുമെല്ലാം ജയ ആയിരുന്നു; ബിന്ദു പത്മനാഭന്റെ അപരയായി.

എങ്ങനെയാണ് ഈ കളിയെല്ലാം പൊളിഞ്ഞു തുടങ്ങിയത്? അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍

Content Summary; Cherthala serial killer CM Sebastian cas; How did jaya become Bindu Padmanabhan. Azhimukham Investigation Series

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on October 3, 2025 12:02 pm

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Related Post
Leave a Comment