‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി’… മനസിലൊരു വിതുമ്പലോടെയാണ് കേരളം ഈ കത്ത് വായിച്ചത്. ആലപ്പുഴ ആതികുളങ്ങരയിൽ പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം ഒരാവർത്തനം മാത്രമാണ്. കേരളത്തിലെ വീടുകളിൽ കുട്ടികൾ നേരിടുന്ന മാനസിക – ശാരീരിക പീഡനങ്ങളുടെ പുറത്തുവന്ന സംഭവങ്ങളിൽ ഒന്ന്.
ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സർക്കാരും, സുരക്ഷാ സംവിധാനങ്ങളും നിയമങ്ങളുമൊക്കെ കൊണ്ടുവന്നിട്ടും എന്തുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾ പീഡനത്തിനിരയാകുന്നു? നിയമങ്ങളും സംവിധാനങ്ങളും കൃത്യമായ രീതിയിലല്ല നടപ്പാക്കുന്നത് എന്നല്ലേ അതിൽ നിന്നും മനസിലാകുന്നത്. കേരളത്തിൽ വനിത-ശിശു ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്നവർ പോലും അതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സാധാരണ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിക്ക് അധിക വകുപ്പായാണ് സാമൂഹ്യ നീതി, വനിത-ശിശുക്ഷേമ വകുപ്പ് നല്‍കുന്നത്.
തെരുവോരങ്ങളിലും പൊതുയിടങ്ങളിലും കഴിയുന്ന കുട്ടികളുടെ കാര്യമല്ല, മറിച്ച് കേരളത്തിലെ വീടുകൾക്കുള്ളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയാണ് വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. അവർ എത്രത്തോളം സുരക്ഷിതരാണ്? ഈ ചോദ്യത്തിന് ഒരുപക്ഷേ കേരളത്തിന് മൗനം പാലിക്കേണ്ടി വരും. കാരണം, എല്ലാ വീടുകളും കുട്ടികൾക്ക് സുരക്ഷിത ഇടമാണ് എന്ന് പറയാൻ കഴിയില്ല. ഒരുപക്ഷേ കുട്ടികൾ ഏറ്റവും കൂടുതൽ അക്രമങ്ങൾ നേരിടേണ്ടി വരുന്നത് സ്വന്തം വീടുകളിലായിരിക്കും.
ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പഠനവും കണക്കുകളും പുറത്തുവന്നിട്ടുമുണ്ട്. കഴിഞ്ഞ വർഷം സാമൂഹിക നീതി വകുപ്പ് നടത്തിയ സർവേ പ്രകാരം 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. വീടുകളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കുന്നതായും സർവേയിൽ വ്യക്തമായിരുന്നു. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രക്ഷിതാക്കളുള്ള വീട്ടിലെ കുട്ടികൾ, വിവാഹമോചനം നേടി അച്ഛൻ്റെയോ അമ്മയുടെയോ ഒപ്പം മാറി കഴിയുന്ന കുട്ടികൾ, രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ തണലിൽ വളരുന്നവർ, ഇവർ കുടുംബങ്ങളിൽ നിന്നും പീഡനം നേരിടാനിടയുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം കുട്ടികളുടെയുള്ളിൽ സ്വാഭാവികമായി തന്നെ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്രയും പഠനങ്ങൾ വന്നിട്ടും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും വീടുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയാത്തതെന്ത് കൊണ്ടാണ്?
കുട്ടികൾ മാതാപിതാക്കളുടെ തല്ല് വാങ്ങാൻ അർഹതപ്പെട്ടവരാണ്, അല്ലെങ്കിൽ നല്ല മനുഷ്യരായി വളരണമെങ്കിൽ അച്ഛനമ്മമാരുടെ തല്ല് കൊള്ളണം എന്ന തെറ്റായ ചിന്താഗതിക്കാരായ ആളുകളും കേരളത്തിലുണ്ട്. സ്നേഹമാണ് മർദനത്തിന് കാരണമെന്നാണ് ഇത്തരത്തിലുള്ളവരുടെ വാദം. എന്നാൽ അതല്ല ശരിയായ രീതിയെന്ന് മാതാപിതാക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചു. ദാമ്പത്യ പ്രശ്‌നങ്ങൾ കുട്ടികളുടെ മേൽ തീർക്കുന്ന മാതാപിതാക്കളുമുണ്ട്. ഇവർക്കെല്ലാം വേണ്ടത് കൃത്യമായ ബോധവൽക്കരണമാണ്. അത് ശരിയായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാനത്തെ സർക്കാരുമാണ്.
കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ നിരവധി മാർഗങ്ങളാണ് നിലവിൽ കേരള സർക്കാർ ആലോചിക്കുന്നത്. അവയെല്ലാം ഇനിയെങ്കിലും കൃത്യമായ രീതിയിൽ നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഇനിയും നമ്മുടെ കുഞ്ഞുങ്ങൾ വീടുകൾക്കുള്ളിലും പുറത്തും ആക്രമിക്കപ്പെടാൻ ഇടയാവരുത്.
Content Summary: Children are not safe inside house; Will Kerala government’s policies ensure children’s safety?
This post was last modified on August 11, 2025 6:02 am
Leave a Comment