കശ്‌മീരില്‍ 40 ദിവസം നീളുന്ന കഠിനമായ ശീതകാലമായ ചില്ലൈ കലന് തുടക്കമായി. മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുപ്പുള്ള ഡിസംബര്‍ രാത്രിയായിരുന്നു കഴിഞ്ഞതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില്ലൈ കലന് ഗണ്യമായ മഞ്ഞുവീഴ്‌ചയുണ്ടാകുമെന്നും താപനില താഴുമെന്നുമാണ് കണക്കാക്കുന്നത്. chillai kalan
ശ്രീനഗറില്‍ വെള്ളിയാഴ്‌ചയും മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ താപനില. കശ്‌മീരിലെ പല താഴ്വരകളിലും കുറഞ്ഞ താപനില മരവിപ്പിക്കുന്ന തരത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഠിനമായ തണുപ്പ് കാരണം ശ്രീനഗറിലെ പ്രശസ്‌തമായ ദാല്‍ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞിരിക്കുകയാണ്. നഗരത്തിന്റെ പല പ്രദേശങ്ങളിലേക്കുമുള്ള ജലവിതരണ വാട്ടര്‍ ലൈനുകളും ഇതോടെ നിലച്ചു. ദക്ഷിണ കശ്‌മീരിലെ വിനോദ സഞ്ചാര കേന്ദ്രവും അമര്‍നാഥ് യാത്രയിലെ ബേസ് ക്യാമ്പുകളിലൊന്നായ പഹല്‍ഗാമില്‍ മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. പ്രശസ്‌തമായ സ്‌കി റിസോര്‍ട്ടായ ഗുല്‍മര്‍ഗില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
ഡിസംബര്‍ 26 വരെ കശ്‌മീരില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. എന്നിരുന്നാലും ഡിസംബര്‍ 21, 22 തീയതികളില്‍ താഴ്വരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നേരിയ മഞ്ഞുവീഴ്‌ചക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഡിസംബര്‍ 27നും 28 നും മഞ്ഞ് വീഴ്‌ച ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 29, 30 തീയതികളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചില്ലൈ കലന്‍ ജനുവരി 31ന് അവസാനിക്കുമെങ്കിലും തണുപ്പ് തുടരുമെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് ചില്ലൈ ഖുര്‍ദ്(20 ദിവസത്തെ മിതമായ തണുപ്പ്), ചില്ലൈ ബച്ച(10 ദിവസത്തെ നേരിയ തണുപ്പ്) എന്നിവ അനുഭവപ്പെടും. കശ്‌മീര്‍ താഴ്വരയില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് ജല, വൈദ്യുതി വിതരണത്തില്‍ കാര്യമായ തടസമുണ്ടാക്കിയതിനാല്‍ ജല വകുപ്പിന്റേയും വൈദ്യുതി വകുപ്പിന്റേയും മേല്‍നോട്ടം നേരിട്ട് വഹിക്കുന്നതിനായി ശ്രീനഗറില്‍ അടുത്തയാഴ്‌ച നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കിയതായി ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. കഠിനമായ ശൈത്യകാലം താഴ്വരയില്‍ തുടരുന്നതിനാല്‍ തണുത്തുറഞ്ഞ ജലാശയങ്ങളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. chillai kalan
Content Summary: Chillai Kalan in Kashmir; Coldest night in five decades
Chillai Kalan Kashmir 40 day winter period winter