July 14, 2026 |
Share on

ഇറാനെതിരെ യുഎസിന്റെ ഒറ്റ രാത്രി ഭീഷണി; ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുമ്പ് ഉപരോധം നീക്കണം

അന്ത്യശാസനവുമായി ട്രംപ്

ആഗോള ഊര്‍ജ്ജ പാതയായ ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിന്റെ നിഴലില്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ‘ഒറ്റ രാത്രി കൊണ്ട്’ തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി 8 മണിക്ക് (പ്രാദേശിക സമയം) മുമ്പായി ഉപരോധം നീക്കി കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുത്തില്ലെങ്കില്‍, ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അങ്ങേയറ്റം രൂക്ഷമായ ഭാഷയിലാണ് ട്രംപ് ഇറാനെതിരെ പ്രതികരിച്ചത്. ഈജിപ്ത്, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് നിര്‍ദ്ദേശിച്ച 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ നിരസിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

‘ഒരു രാത്രി കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചെടുക്കപ്പെടാം. ആ രാത്രി ഒരുപക്ഷേ നാളെ രാത്രിയായിരിക്കാം,’ ട്രംപ് പ്രഖ്യാപിച്ചു. സമയപരിധി അവസാനിക്കുന്ന മുറയ്ക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 9:30 ഓടെ) ഇറാന്റെ തന്ത്രപ്രധാനമായ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ട് നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘അവര്‍ക്ക് പിന്നീട് പാലങ്ങളോ വൈദ്യുത നിലയങ്ങളോ ഉണ്ടാകില്ല, രാജ്യം ശിലായുഗത്തിലേക്ക് മടങ്ങും,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സൈനിക നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചതായി സൂചിപ്പിച്ചു. ‘ആദ്യ ദിവസത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായിരിക്കും ഇന്ന് നടക്കുക. നാളത്തെ ആക്രമണം ഇന്നത്തേതിനേക്കാള്‍ വലുതായിരിക്കും,’ അദ്ദേഹം പറഞ്ഞു. വെറും നാല് മണിക്കൂറിനുള്ളില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ശേഷിയുള്ള ഏറ്റവും മികച്ച പദ്ധതി തന്റെ പക്കലുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം.

അതേസമയം, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഒട്ടുമില്ല, ഇറാന് ആണവായുധം കൈവശം വെക്കാന്‍ അനുവാദം നല്‍കുന്നതാണ് യഥാര്‍ത്ഥ യുദ്ധക്കുറ്റം’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, സിവിലിയന്‍ ജനതയെ പട്ടിണിയിലേക്കും ഇരുട്ടിലേക്കും തള്ളിവിടുന്ന ഇത്തരം ആക്രമണങ്ങള്‍ ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് മുന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷ്ടാവ് ടെസ് ബ്രിഡ്ജ്മാന്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരിട്ടുള്ള വ്യോമാക്രമണത്തിന് പുറമെ, ഇറാനെ നിശബ്ദമാക്കാന്‍ രണ്ട് വിനാശകരമായ ആയുധങ്ങള്‍ കൂടി ട്രംപിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ബ്ലാക്ക്ഔട്ട് ബോംബ്’ എന്നറിയപ്പെടുന്ന ഗ്രാഫൈറ്റ് ബോംബ് സ്‌ഫോടനത്തിലൂടെ കാര്‍ബണ്‍ ഫൈബര്‍ ഫിലമെന്റുകള്‍ വൈദ്യുതി ലൈനുകളിലേക്ക് പടര്‍ത്തുന്നു. ഇത് ഗ്രിഡുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കി രാജ്യം മുഴുവന്‍ ഇരുട്ടിലാക്കാന്‍ സഹായിക്കും. 1991-ല്‍ ഇറാഖിനെതിരെ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഡിസ്‌കൊംബോബുലേറ്റര്‍ എന്ന സൂപ്പര്‍ സോണിക് ആയുധം, അതിതീവ്രമായ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇത് മനുഷ്യശരീരത്തില്‍ കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാക്കി ശത്രുവിനെ അനങ്ങാന്‍ കഴിയാത്ത വിധം തളര്‍ത്താന്‍ ശേഷിയുള്ളതാണ്.

എന്നാല്‍, അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി വ്യക്തമാക്കി. സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഇസ്രയേലിനും യുഎസ് കേന്ദ്രങ്ങള്‍ക്കും എതിരെ ക്രൂരമായ പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് കടലിടുക്ക് തടയുന്നത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്നതിനാല്‍ വന്‍ സാമ്പത്തിക തകര്‍ച്ചയ്ക്കും ഇത് കാരണമായേക്കാം. ട്രംപ് തന്റെ ഭീഷണി നടപ്പിലാക്കുമോ അതോ ഇതൊരു സമ്മര്‍ദ്ദ തന്ത്രമാണോ എന്നാണ് ലോകം ഇപ്പോള്‍ വീക്ഷിക്കുന്നത്.

Content Summary: One night to surrender: Trump issues ultimatum to Iran over strait of hormuz

Leave a Reply

Your email address will not be published. Required fields are marked *

×