December 09, 2024 |

മരുഭൂമിക്ക് ‘ഗ്രീന്‍ ബെല്‍റ്റ്’ നല്‍കി ചൈന

മരുഭൂമിയെ മരങ്ങളാൽ വലയം ചെയ്യുന്നതിനുള്ള 46 വർഷത്തെ പരിശ്രമം പൂർത്തിയാക്കി ചൈന

മരുഭൂവൽക്കരണം അവസാനിപ്പിക്കുന്നതിനും വസന്തകാലത്ത് രാജ്യത്തിൻ്റെ ചില ഭാഗങ്ങളെ ബാധിക്കുന്ന മണൽക്കാറ്റുകൾ തടയുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ചൈന തങ്ങളുടെ ഏറ്റവും വലിയ മരുഭൂമിയെ മരങ്ങളാൽ വലയം ചെയ്യുന്നതിനുള്ള 46 വർഷത്തെ പരിശ്രമം പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മരുഭൂമിയുടെ തെക്കേ അറ്റത്ത് തൊഴിലാളികൾ അവസാന 100 മീറ്ററിലും മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. വ്യാഴാഴ്ച വടക്ക് പടിഞ്ഞാറൻ സിൻജിയാങ്ങിൽ തക്ലമാക്കന് ചുറ്റും 3,000 കിലോമീറ്റർ (2,000 മൈൽ) ഒരു “ഗ്രീൻ ബെൽറ്റ്” പോലെയാണ് മരങ്ങൾ നട്ട് പിടിപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

1978-ൽ ചൈനയുടെ “ത്രീ-നോർത്ത് ഷെൽട്ടർബെൽറ്റ്” പദ്ധതി ആരംഭിച്ചതോടെയാണ് മരുഭൂമിയെ മരങ്ങളാൽ വലയം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്, ഇത് ​ഗ്രേറ്റ് ​ഗ്രീൻ വാൾ എന്നറിയപ്പെടുന്നു. 30 ദശലക്ഷം ഹെക്ടറിലധികം (116,000 ചതുരശ്ര മൈൽ) സ്ഥലത്താണ് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്.

വരണ്ടുണങ്ങിയ വടക്കുപടിഞ്ഞാറൻ ഭാഗത്തെ മരങ്ങൾ നട്ടുപിടിപ്പിക്കൽ ചൈനയുടെ മൊത്തം വനവിസ്തൃതി 1949-ൽ 10% ആയിരുന്നതിൽ നിന്നും കഴിഞ്ഞ വർഷം അവസാനത്തോടെ 25%-ന് മുകളിൽ എത്തിക്കാൻ സഹായിച്ചു. കഴിഞ്ഞ 40 വർഷത്തിനിടെ സിൻജിയാങ്ങിൽ മാത്രം വനമേഖല 1%-ൽ നിന്ന് 5% ആയി ഉയർന്നിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല.

ഷെൽട്ടർബെൽറ്റ് പദ്ധതിയിൽ ഏതാണ് ഏറ്റവും ഫലപ്രദം എന്ന് നിർണ്ണയിക്കാൻ വ്യത്യസ്ത വൃക്ഷങ്ങളും സസ്യ ഇനങ്ങളും ഉപയോഗിച്ച് ദശാബ്ദങ്ങളായി പരീക്ഷണങ്ങൾ നടത്തി വരികയാണ്.

അതിജീവന നിരക്ക് പലപ്പോഴും കുറവാണെന്നും, തലസ്ഥാനമായ ബീജിംഗിൽ പതിവായി എത്തുന്ന മണൽക്കാറ്റുകൾ കുറയ്ക്കുന്നതിൽ ഇത് യാതൊരു പങ്കും വഹിക്കുന്നില്ലെന്നും വിമർശകർ പറയുന്നു.

മരുഭൂവൽക്കരണം തടയുന്നത് ഉറപ്പാക്കാൻ തക്ലമാക്കൻ മരുഭൂമിക്കരികിൽ ചൈന സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരുമെന്ന് സിൻജിയാങ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷു ലിഡോംഗ് തിങ്കളാഴ്ച ബീജിംഗിൽ നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രളയ സമയത്തെ വെള്ളം ഉപയോ​ഗിച്ച് മരുഭൂമിയുടെ വടക്കേ അറ്റത്തുള്ള പോപ്ലർ വനങ്ങൾ പുനഃസ്ഥാപിക്കുമെന്നും പടിഞ്ഞാറൻ അറ്റത്തുള്ള കൃഷിയിടങ്ങളും തോട്ടങ്ങളും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ വൃക്ഷത്തൈ നടീൽ ശ്രമങ്ങൾക്കിടയിലും, ഫോറസ്ട്രി ബ്യൂറോയിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇപ്പോഴും നിലത്തിന്റെ 26.8 ശതമാനവും “മരുഭൂമി” തന്നെയാണ്, ഒരു ദശകം മുമ്പ് ഇത് 27.2% ആയിരുന്നു എന്നതാണ് വത്യാസം.

content summary; China completes 3,000-km green belt around its biggest desert

×