ട്രംപിന്റെ തീരുവ ‘ ഭീഷണിക്ക്’ ചൈനയുടെ മറുപടി

ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന വ്യാപര യുദ്ധം

ട്രംപിന്റെ തീരുവ നയങ്ങളും അതിനോടുള്ള മറ്റ് രാജ്യങ്ങളുടെ പ്രതികരണവും ലോകത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന് മുന്നറിയിപ്പ്. അമേരിക്കയുടെ ഭീഷണിയെന്നോണമാണ് വിദേശ രാജ്യങ്ങള്‍ക്ക് മേല്‍ വലിയ തീരുവകള്‍ ട്രംപ് ഭരണകൂടം ചുമത്തുന്നത്. ഇതിന് തിരിച്ചടി കൊടുക്കാന്‍ അതത് രാജ്യങ്ങളും മത്സരിക്കുകയാണ്. ഒരു വ്യാപര യുദ്ധമാണ് ഫലത്തില്‍ ആരംഭിച്ചിരിക്കുന്നത്. ചൈന കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ്. ഈ മത്സരം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നതാണ് ആശങ്ക.

എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 34% അധിക തീരുവ ചുമത്താനാണ് ബീജിംഗിന്റെ നീക്കം. യുഎസിന്റെ തീരുവ നയങ്ങള്‍ക്കെതിരേ നേരിട്ടുള്ള പ്രതികരണമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന നീക്കം.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 34% തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികാര നടപടി. നേരത്തെ തന്നെ 20% ലെവി ചൈനീസ് ഉത്പന്നങ്ങള്‍ക്കു മേല്‍ അമേരിക്ക ചുമത്തിയിരുന്നു. നിലവിലുള്ള 20% താരിഫിന് പുറമേ ട്രംപിന്റെ പുതിയ താരിഫ് കൂടി ചേരുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ മൊത്തം 54% തീരുവയാകും.

ചൈനയ്ക്ക് പുറമെ വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ് എന്നീ തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കു മേലും യു എസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. യു എസ്സിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ നിര്‍മാണ പങ്കാളിത്തം നടക്കുന്ന രാജ്യങ്ങളാണ് വിയറ്റ്‌നാമും കംബോഡിയയും തായ്‌ലന്‍ഡും. കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതിലൂടെ, യുഎസ് തീരുവകളില്‍ നിന്ന് ചൈന രക്ഷപ്പെടുന്നത് തടയുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതായത്, ഇതുവരെ ചൈന ചെയ്തിരുന്നത്, യുഎസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കാന്‍ ഈ രാജ്യങ്ങള്‍ വഴിയായിരുന്നു അമേരിക്കയിലേക്ക് ചൈനീസ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. ഉദ്ദാഹരണത്തിന്, ഒരു ചൈനീസ് ഉത്പന്നം ആദ്യം വിയറ്റ്‌നാമിലേക്ക് കയറ്റി അയക്കും, അവിടെയത്, ‘വിയറ്റ്‌നാം നിര്‍മിതം’ ആകും. അങ്ങനെ മെയ്ഡ് ഇന്‍ വിയറ്റ്‌നാം ആയ ഉത്പന്നമായിരിക്കും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതുവഴി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന യുഎസ് തീരുവ ഒഴിവാക്കും.

ചൈനയുടെ പ്രതികരണം ഉണ്ടായതിന് പിന്നാലെ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു; ‘ചൈന തെറ്റാണ് ചെയ്തത്. അവര്‍ പരിഭ്രാന്തരായി- അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരേയൊരു കാര്യം!’. തന്റെ തീരുവകളോട് ആവേശത്തോടെ പ്രതികരിച്ചതിലൂടെ ചൈന തെറ്റ് ചെയ്തുവെന്നാണ് ട്രംപ് പറയുന്നത്. ചൈനയുടെ പരിഭ്രാന്തമായ പ്രതികരണം ആത്യന്തികമായി അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് കരുതുന്നത്. ചൈന ദുര്‍ബലരാണെന്നും, അവര്‍ക്ക് ഇപ്പോഴത്തെ വ്യാപര സമര്‍ദ്ദം താങ്ങാന്‍ കഴിയില്ലെന്നുമാണ് ട്രംപ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

ഏപ്രില്‍ 2 ബുധനാഴ്ച വൈകുന്നേരം ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തിനുശേഷം ആഗോള ഓഹരി വിപണി കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനെന്ന് അവകാശപ്പെട്ട്, ചൈന, യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ പ്രധാന യുഎസ് വ്യാപാര പങ്കാളികളെ ലക്ഷ്യമിട്ട്, ട്രംപ് പരസ്പര തീരുവകയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയെ തകര്‍ത്തത്. റോസ് ഗാഡര്‍ഡന്‍ പ്രസംഗത്തിനുശേഷ ആഗോള ഓഹരി വിപണികളുടെ മൂല്യത്തില്‍ നിന്ന് ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

യുകെയിലെ മുന്‍നിര കമ്പനികളെ ട്രാക്ക് ചെയ്യുന്ന എഫ്ടിഎസ്ഇ 100 സൂചിക ഏഴു ശതമാനത്തിലധികമാണ് ഇടിഞ്ഞത്. കോവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന 2020 ഫെബ്രുവരി അവസാനത്തിനുശേഷം ഓഹരി സൂചികയില്‍ ഉണ്ടായ ഏറ്റവും മോശം ആഴ്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര ശത്രുതയിലെ നാടകീയമായ വര്‍ദ്ധനവ് ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള അപകടസാധ്യതകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത്, ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിക്ഷേപകര്‍ ആശങ്കപ്പെടുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നത് പണപ്പെരുപ്പം ഉയരുന്നതിനും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിനും കാരണമാകുമെന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്ന പലിശനിരക്ക് കുറയ്ക്കാനുള്ള ആഹ്വാനങ്ങളെ പവല്‍ എതിര്‍ക്കുകയാണ്. ട്രംപിന്റെ വിശ്വാസം അമേരിക്കന്‍ സാമ്പദ്വ്യവസ്ഥയെ സഹായിക്കില്ലെന്നാണ് പവല്‍ കരുതുന്നത്. വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യും മുന്നറിയിപ്പ് നല്‍കുന്നത്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ സമയത്ത് ആഗോള തലത്തില്‍ തന്നെ അപകടസാധ്യതയുണ്ടാക്കുന്നതാണ് പുതുക്കിയ തീരുവകള്‍ എന്നാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ പറയുന്നത്.

This post was last modified on April 5, 2025 3:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment