പ്രവാചകരുടെ കാലത്ത് ശിഷ്യന്മാര്‍ക്ക് കുറച്ച് അധികം സമ്പത്ത് കൈവന്നപ്പോള്‍ അവര്‍ പ്രവാചകരോട് അത് എന്ത് ചെയ്യണമെന്ന് ചോദിക്കുകയും പ്രവാചകനത് ദൈവമാര്‍ഗത്തിലേക്ക് മാറ്റിവയ്ക്കാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് വഖഫ് എന്ന ആശയം മുസ്ലീം ലോകത്ത് വരുന്നത്. വഖഫിന് മൂന്ന് നിബന്ധനകളാണ് ഉള്ളത്. ഒന്ന് അതിന്റെ ഉടമസ്ഥാവകാശം ദൈവത്തിനായിരിക്കും. രണ്ട് നല്‍കിയാള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല. മൂന്ന് അനന്തരാവകാശം വഴിയോ, ദാനം വഴിയോ കൈമാറാന്‍ കഴിയില്ല.
ആധുനിക സമൂഹത്തോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ അല്ലാഹുവിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതായിരുന്നു വഖഫ് ആക്ട് കൊണ്ട് ഉദ്ദേശിച്ചത്. ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തില്‍, മുസ്ലീങ്ങളില്‍ കുറെപ്പേര്‍ പാകിസ്ഥാനിലേക്ക് പോകുന്നുണ്ട്. പാകിസ്ഥാനില്‍ പോയതിനേക്കാള്‍ വലിയൊരു സമൂഹം ഇന്ത്യയില്‍ തന്നെ നിലനിന്നു. എന്നാല്‍ പിന്നീട് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ആളുകള്‍ ഇവിടെ താമസിക്കുവാന്‍ ഇടമില്ലാതെ വന്നപ്പോള്‍ മുസ്ലീങ്ങളുടെ പള്ളികളും പൊതുസ്ഥലങ്ങളും കീഴടക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും മറ്റും സമൂഹത്തില്‍ ഉണ്ടായി. ആ ഘട്ടത്തില്‍ അത്തരം സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന ബോധ്യത്തിലാണ് ദേശീയ നേതാക്കള്‍ വഖഫ് നിയമത്തിന് രൂപം നല്‍കിയത്.
വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന്റേതല്ല. വഖഫ് ബോര്‍ഡ് സ്വത്തുക്കള്‍ മാനേജ് ചെയ്യുന്നവര്‍ മാത്രമാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റായിരുന്നു ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഒന്നാംനിര നേതാക്കളെല്ലാം വംശീയതയും വര്‍ഗീയതയും പ്രചരണഘട്ടങ്ങളില്‍ ഉപയോഗിച്ചിട്ടും 300 സീറ്റുകളിലേക്ക് പോലും ബിജെപിക്ക് എത്തുവാന്‍ സാധിച്ചില്ല. വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും 400 സീറ്റെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന വഖഫ് നിയമവുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്.
പാര്‍ലമെന്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഭരണഘടനാ ഭേദഗതികള്‍ നടത്തുവാന്‍ കഴിയൂ. രാജ്യത്തെ സെക്കുലറിസത്തിനും, വ്യത്യസ്ത വിഭാഗങ്ങളുടെ വിശ്വാസത്തിനും ബിജെപി എതിരാണ്. ഹിന്ദുത്വത്തെ അടിസ്ഥാനപ്പെടുത്തി ഭരണഘടന ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി നിലവിലുള്ള ഭരണഘടന പൊളിക്കേണ്ടി വരും. അതിനുള്ള സാഹചര്യം നിലവിലില്ല.
മുസ്ലീങ്ങളെ അരികുവത്കരിച്ചും ശത്രുപക്ഷത്ത് നിര്‍ത്തിയും ഹിന്ദുത്വ ഏകീകരണമാണ് വഖഫ് ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിലൂടെ എന്തോ വലിയ അധികാരങ്ങള്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്കുണ്ടെന്നും ആ പ്രത്യേക അധികാരങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ തിരികെ എടുക്കുകയാണ് എന്ന് സാധാരണ ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരണമുണ്ടാക്കി മുസ്ലീങ്ങള്‍ക്കെതിരെ വെറുപ്പുണ്ടാക്കാമെന്ന ലക്ഷ്യത്തിലാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
വഖഫ് ബോര്‍ഡില്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് മാത്രമേ അംഗത്വം ഉണ്ടായിരുന്നുള്ളൂ. മറ്റ് മതസ്ഥാപനങ്ങളിലും അതാത് മതവിശ്വാസികള്‍ക്ക് മാത്രമാണ് രാജ്യത്തെ നിയമമനുസരിച്ച് അംഗത്വമുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും എംപിമാരും വഖഫ് കൈകര്‍ത്താക്കളായ മുത്തവല്ലിമാരുടെ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളും ചേര്‍ന്നതാണ് വഖഫ് ബോര്‍ഡ്. ഇവരെല്ലാം പഴയ നിയമമനുസരിച്ച് മുസ്ലീം വിഭാഗത്തില്‍ ഉള്ളവരായിരിക്കണം. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വഖഫ് ബോര്‍ഡില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും ക്വാട്ടയില്‍ നിന്ന് പ്രതിനിധികളെ അയയ്ക്കുവാന്‍ സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് തന്നെ വഖഫ് ബോര്‍ഡ് അവരുടെ നിയന്ത്രണത്തില്‍ വരില്ല. അത് മറികടക്കാനാണ് മുസ്ലീം അല്ലാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ മെമ്പറാകാനുള്ള വഴി ബിജെപി തേടുന്നത്. വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലീം ആയിരിക്കണമെന്ന് പഴയ നിയമത്തില്‍ നിബന്ധനയുണ്ട്. വഖഫ് സ്വത്തുക്കളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയ അദ്ദേഹം മുസ്ലീം ആകേണ്ടതില്ലെന്നാണ് ഭേദഗതി പറയുന്നത്.
ഇസ്ലാംമത വിശ്വാസപ്രകാരം ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തികള്‍ രണ്ട് മാലാഖമാര്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണ് വിശ്വാസം. വലത്തെ ചുമലിലിരിക്കുന്ന മാലാഖ നന്മയും ഇടത്തെ ചുമലില്‍ ഇരിക്കുന്ന മാലാഖ തിന്മയും രേഖപ്പെടുത്തിവയ്ക്കും. ഇപ്രകാരം രേഖപ്പെടുത്തുന്ന പുസ്തകം മരണശേഷം വിധി ദിവസത്തില്‍ ഓരോ വിശ്വാസിയുടെ കൈയിലും നല്‍കപ്പെടും. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വിശ്വാസിയായ ഒരാള്‍ അതില്‍ അഴിമതിയോ ക്രമക്കേടോ നടത്തുകയില്ല. കാരണം, പ്രത്യക്ഷത്തില്‍ പിടിക്കപ്പെട്ടിട്ടില്ലെങ്കിലും അല്ലാഹു നിയോഗിച്ച രണ്ട് മാലാഖമാര്‍ അതൊക്കെ രേഖപ്പെടുത്തുന്നുണ്ടെന്ന വിശ്വാസം അയാളെ അതില്‍ നിന്ന് തടയുന്നു.
അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ സൂക്ഷ്മത പുലര്‍ത്തുമെന്നും സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യില്ലെന്നുമുള്ള വിശ്വാസം മതവിശ്വാസികള്‍ക്കിടയില്‍ ഉണ്ട്. ഇസ്ലാം മതത്തില്‍ വിശ്വാസമില്ലാത്ത, ഇസ്ലാം മതം തെറ്റായി കാണുന്ന ഒരാള് വഖഫ് അഡ്മിനിട്രേറ്റീവ് ബോഡിയില്‍ വരികയാണെങ്കില്‍ ഈ സ്വത്ത് കൈകാര്യം ചെയ്യുന്നത് വലിയ ദോഷമായി ബാധിക്കും. അതിനെ നിസാരമായി കാണുവാന്‍ കഴിയുകയില്ല.
വഖഫ് പ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വത്തുക്കള്‍ സമര്‍പ്പിക്കുകയാണ്. ബ്രിട്ടീഷുകാരും അതിന് മുമ്പുള്ള രാജാക്കന്മാരുമാണ് ഭൂമിക്ക് രേഖയുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പോ മറ്റോ ഉണ്ടായിരുന്ന പള്ളികളും കബര്‍സ്ഥാനുകളും കെട്ടിടങ്ങളും ഉപയോഗിച്ചത്തിലൂടെ വഖഫ് ആയി മാറിയവയാണ്. അതിന് പ്രത്യേക രേഖകള്‍ ഉണ്ടാകണമെന്നില്ല. കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഭൂമി വഖഫ് ആയി മാറിയത് പുതിയ നിയമപ്രകാരം എടുത്ത് മാറ്റുകയാണ്. രേഖയില്ലാത്ത മക്ബറുകളും പള്ളികളും മദ്രസകളുമൊക്കെ ഉണ്ടാകും. അതൊക്കെ പണ്ട് കാലങ്ങളില്‍ ഭരിച്ച രാജാക്കന്മാര്‍ മുസ്ലീം വിഭാഗത്തോടുള്ള സ്നേഹത്തിനാല്‍ കൊടുത്തതായിരിക്കും. കൂടാതെ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന കാലത്ത് അവര്‍ നല്‍കിയതുണ്ട്. ആ കെട്ടിടങ്ങള്‍ക്കൊന്നും ഇന്നത്തെ നിയമപ്രകാരമുള്ള രേഖകളോ ആധാരങ്ങളോ ഉണ്ടാകണമെന്നില്ല.
വഖഫ് ബില്ല് പാസായി ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ വഖഫ് ഭൂമികളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം പറയുന്നത്. പക്ഷേ ഏത് രേഖ പ്രകാരമാണ് ഭൂമി വഖഫ് ആയതെന്ന ചോദ്യം ഉയരും. ആ ചോദ്യത്തിന് നമ്മുടെ കൈവശം രേഖയില്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍ സര്‍ക്കാരിലേക്കോ ബന്ധപ്പെട്ട ഏജന്‍സികളിലേക്കോ കൈമാറപ്പെടും. അത് പരമ്പരാഗതമായി മുസ്ലീംങ്ങള്‍ ആരാധന നടത്തുന്ന ഒരു സ്ഥലത്തേക്കുള്ള പ്രവേശനം തടയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
1933 മുതല്‍ 1945 വരെയുള്ള 12 വര്‍ഷക്കാലം ജര്‍മനിയില്‍ ജൂതന്മാര്‍ക്കെതിരെ ഹിറ്റ്ലര്‍ പരീക്ഷിച്ച ഒരു രീതിയാണിത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് ജൂതന്മാരുടെ എല്ലാ കെട്ടിടങ്ങളും തകര്‍ക്കുക, സിനഗോഗ് ഉള്‍പ്പെടെ പിടിച്ചെടുക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ രീതി. ഇതിന്റെ ഒരു ചെറുരൂപമാണ് വഖഫ് നിയമത്തിലൂടെ ഇന്ത്യയില്‍ നടപ്പാക്കുന്നത്.
700 വര്‍ഷത്തോളമായി മുസ്ലീങ്ങള്‍ ഉപയോഗത്തിലൂടെ കൈവശം വച്ച ഭൂമിയാണ് മോദി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ പോകുന്നത്. സംഭലില്‍ ഇപ്പോള്‍ അതാണ് നടക്കാന്‍ പോകുന്നത്. കാശിയിലും മധുരയിലുമൊക്കെ പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തും. അവിടുത്തെ പള്ളികള്‍ക്കൊന്നും ഒരുപക്ഷേ രേഖകള്‍ ഉണ്ടാകണമെന്നില്ല. ഇവര്‍ പറയുന്ന ആറ് മാസം കൊണ്ട് രേഖകള്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതാത് ജില്ലാ കളക്ടര്‍മാര്‍ തര്‍ക്കം ഉന്നയിക്കുകയും ഗവണ്‍മെന്റ് പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിക്കാനുമാണ് സാധ്യത. ഇത് മുസ്ലീംങ്ങളെ ദോഷകരമായി ബാധിക്കും.
രാജ്യത്തെ മുഴുവന്‍ സാംസ്‌കാരിക വൈവിധ്യങ്ങളും തകര്‍ക്കാനുള്ള ഒരു ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി ഇതിനെ കാണേണ്ടതുണ്ട്. മുനമ്പത്ത് കുറച്ച് പേരുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമാണ് മുസ്ലീംങ്ങള്‍. അതുപോലെ തന്നെ കേരളത്തില്‍ സ്വാധീനമുള്ള ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. എന്നാല്‍ വഖഫ് ബില്ലിനെ ക്രിസ്ത്യന്‍ സമുദായത്തിലെ ചിലരെങ്കിലും കാണുന്നത് മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ വീട് സംരക്ഷിക്കാന്‍ എന്നാണ്. വാസ്തവത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. മുഖ്യമന്ത്രിയും നിയമമന്ത്രിയും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേക്കുറിച്ച് പറയുക മാത്രമല്ല ഇവരുടെ ഭൂനികുതി വാങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഭൂമി അവര്‍ക്ക് ക്രയവിക്രയം ചെയ്യാനുള്ള തടസ്സവും മാറിക്കിട്ടും.
പക്ഷേ, വഖഫ് ഭൂമിയാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയതിനെ എങ്ങനെ മറികടക്കാമെന്നാണ് ചിന്തിക്കേണ്ടത്. 600 ഓളം പേരെ ബാധിക്കുന്ന ഈ പ്രശ്നത്തെ തരണം ചെയ്യാന്‍ ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരുടെയും സാംസ്‌കാരിക വൈവിധ്യത്തെയും ന്യൂനപക്ഷ അധികാരത്തെയും റദ്ദ് ചെയ്യിക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നതിലൂടെ ദൂരവ്യാപക പ്രത്യാഘാതത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ ചര്‍ച്ച് പ്രോപ്പര്‍ട്ടികളും ഇതേ രീതിയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനായി പിടിച്ചെടുക്കില്ലായെന്ന് യാതൊരു ഉറപ്പും നമുക്കില്ല. വിചാരധാരയില്‍ ഒന്നാമത്തെ ശത്രു മുസ്ലീം ആണെങ്കില്‍ തൊട്ടുപിറകില്‍ ക്രിസ്ത്യാനികളാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന് വിചാരധാരയില്‍ പറയുന്നത് ക്രിസ്ത്യാനികളെ ഉപയോഗിച്ചാണ് മുസ്ലീംങ്ങളെ പൂര്‍ണമായും നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ നശിച്ച് കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികളായിരിക്കും. പിന്നെ കമ്മ്യൂണിസ്റ്റുകാരും. നിലവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും മതേതര പക്ഷക്കാര്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ വേവലാതിയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഒരുവിഭാഗം ക്രിസ്ത്യാനികള്‍ ഇപ്പോഴും കണ്ണുതുറക്കാത്ത സാഹചര്യമാണുള്ളത്.
വഖഫ് ചെയ്യാനുള്ള പൗരന്റെ അവകാശം അഞ്ച് വര്‍ഷം മുസ്ലീം ആയിരിക്കണമെന്ന് പറയുന്നത് മനുഷ്യന്റെ സ്വത്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലുള്ള അവകാശത്തിന് നേരെയുള്ള കൈയേറ്റമാണ്. മുസ്ലീം അല്ലാത്ത ആള്‍ക്കും ഭൂമി വഖഫ് ചെയ്യാനുള്ള അവകാശമുണ്ട്. കേരളത്തില്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ മുസ്ലീം അല്ലാത്തവര്‍ പള്ളികളും, വഖഫ് സ്ഥാപനങ്ങളും നല്‍കിയത് നമുക്ക് അനുഭവം കൊണ്ടറിയാം. അത് പൗരന്റെ മേലുള്ള അമിതാധികാര പ്രയോഗമായി കണക്കാക്കേണ്ടതുണ്ട്.waqf amendment act aimed at religious polarization
Content Summary: waqf amendment act aimed at religious polarization