പശ്ചിമ രാഷ്ട്രങ്ങൾക്ക് എതിരായി നിലകൊള്ളുന്ന റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ തുടങ്ങി 26 രാജ്യങ്ങളിലെ നേതാക്കൾ ഈ ആഴ്ച ബെയ്ജിംഗിൽ ഒത്തുകൂടും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് പിന്തുണ നൽകിക്കൊണ്ട് നടത്തുന്ന രണ്ടാം ലോക മഹായുദ്ധ സ്മാരക പരേഡിൽ പങ്കെടുക്കാനാണ് നേതാക്കൾ ഒത്തുകൂടുന്നത്. ചൈനയുടെ സൈനിക ശക്തിയും ഭൗമരാഷ്ട്രീയ പ്രാബല്യവും പ്രദർശിപ്പിക്കുകയാണ് പരേഡിന്റെ ലക്ഷ്യം.
റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സൈനിക, സാമ്പത്തിക, രാഷ്ട്രീയ സഹകരണം ഈ വർഷം യുക്രെയ്‌നിലും മിഡിൽ ഈസ്റ്റിലും വ്യക്തമായി കണ്ടിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും ഉയർന്നുവരുന്ന മഹാശക്തിയായും ചൈന, പാശ്ചാത്യരാജ്യങ്ങൾ നിയന്ത്രിക്കുന്ന ആഗോള ക്രമത്തിന് ഒരു ബദൽ കേന്ദ്രമായി തന്നെ അവതരിപ്പിക്കും. സെപ്തംബര്‍ മൂന്നിനാണ് ബെയ്ജിംഗില്‍ വിജയദിന പരേഡ് നടക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ പരാജയത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡ് ബീജിങ്ങിലെ ടിയാനൻമെൻ സ്ക്വയറിൽ നടക്കും. ചൈനയിൽ ഇത് ജാപ്പനീസ് ആക്രമണത്തിനെതിരായ പ്രതിരോധ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. 26 രാഷ്ട്രത്തലവന്മാർ ഇതിൽ പങ്കെടുക്കും. റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവ കൂടാതെ മ്യാൻമർ, മംഗോളിയ, ഇന്തോനേഷ്യ, സിംബാബ്വെ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നേതാക്കളും ചൈനയുടെ പുതിയ യുദ്ധോപകരണങ്ങൾ കാണാൻ സാക്ഷ്യം വഹിക്കും. ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അതിഥി പട്ടികയിൽ സെർബിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതിനകം തന്നെ ചൈനയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുത്തു. ഇത് ചൈന-ഇന്ത്യ ബന്ധം വളരുന്നതിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കയുടെ സൈനിക പരേഡിന് ശേഷം വെറും രണ്ടു മാസം കൊണ്ട് ചൈന നടത്തുന്ന ഈ വമ്പിച്ച പരേഡ് അമേരിക്കയോടുള്ള ഏറ്റുമുട്ടാനുള്ള ശക്തി രാജ്യത്തിനുണ്ടെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയമാനുസൃതതയുടെ വലിയൊരു പങ്ക് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരായ വിജയവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതുസംബന്ധിച്ച ചരിത്രകഥനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അമേരിക്കയോ യൂറോപ്പിന്റെ പങ്കോ ചൈനീസ് വിവരണങ്ങളിൽ ഉൾപ്പെടുത്താറില്ല.
പാകിസ്താൻ-ഇന്ത്യ സംഘർഷത്തിൽ പാകിസ്താൻ ചൈനീസ് J10-C യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ യുദ്ധവിമാനങ്ങളെ തകർത്ത സംഭവം ചൈനീസ് മാധ്യമങ്ങൾ വലിയ വിജയമായി അവതരിപ്പിച്ചു. ഇപ്പോൾ കൂടുതൽ പുരോഗമിച്ച J-20 പോലെയുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും പ്രദർശിപ്പിക്കപ്പെടാനാണ് സാധ്യത.
സ്വയംപര്യാപ്തമായ സൈനിക ശേഷിയാണ് ചൈനയുടെ ലക്ഷ്യം. റഷ്യൻ എഞ്ചിനുകൾക്ക് പകരം ചൈനീസ് എഞ്ചിനുകൾ ഉപയോഗിക്കുന്ന വിമാനങ്ങളാണ് ഇപ്പോൾ കൂടുതൽ നിർമ്മിക്കുന്നത്. കടൽവഴി തായ്‌വാനെ സഹായിക്കാൻ വരുന്നവരെ തടയാൻ കഴിയുന്ന സൂപ്പർസോണിക് ഡ്രോണുകൾ, വലിയ അണ്ടർവാട്ടർ ഡ്രോണുകൾ തുടങ്ങിയ സാങ്കേതികവിദ്യകളും പരേഡിൽ കാണിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
Content Summary: China’s massive military parade to be attended by 26 world leaders as a warning to Western countries
Leave a Comment