June 26, 2026 |
Share on

ചൈനയുടെ അപൂർവ ധാതു ശേഖരം; ഇന്ത്യ പ്രധാന എതിരാളിയാകുമോ?

2023 ഓടെ ധാതുക്കളുടെ ഖനനത്തിന് മേലുള്ള ചൈനയുടെ ആധിപത്യം കുറയുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്

ഇന്ത്യയുടെ വ്യാവസായിക പരിവർത്തനത്തിൽ അപൂർവ ഭൂമി മൂലകങ്ങളും നിർണായക ധാതുക്കളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചൈനയാണ് പലപ്പോഴും ഇന്ത്യയ്ക്ക് ഇതിനൊരു വെല്ലുവിളിയായി നിൽക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ്ജം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളുടെ വളർച്ചയ്ക്കായി സ്വന്തം സമ്പന്നമായ ധാതു ശേഖരം ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത്.

2025 ഏപ്രിലിൽ ടെർബിയം, ഡിസ്പ്രോസിയം തുടങ്ങിയ പ്രധാന റെയർ എർത്ത് എലമെൻ്സിൽ ചൈന കർശനമായ കയറ്റുമതി ലൈസൻസിംഗ് നിയമങ്ങൾ ഏർപ്പെടുത്തിയതോടെയാണ് അപൂർവ ഭൂമി വിപണിയിലുള്ള ചൈനയുടെ ആധിപത്യം ലോകരാജ്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇലക്ട്രിക് മോട്ടോറുകൾ, കാറ്റാടി യന്ത്രങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിവയിലെ സുപ്രധാന ഘടകങ്ങളായ നിയോഡൈമിയം-അയൺ-ബോറോൺ (NdFeB) കാന്തങ്ങൾ നിർമ്മിക്കുന്നതിന് ഈ ഘടകങ്ങൾ വളരെ നിർണായകമാണ്.

2023 ഓടെ ധാതുക്കളുടെ ഖനനത്തിന് മേലുള്ള ചൈനയുടെ ആധിപത്യം കുറയുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 6.9 ദശലക്ഷം ടൺ റെയർ എർത്ത് എലമെൻ്സ് കരുതൽ ശേഖരം ഇന്ത്യക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2012 മുതൽ 2024 വരെ ഇന്ത്യ പ്രതിവർഷം 2,900 ടൺ മാത്രമാണ് ഖനനം ചെയ്തത്. പരിമിതമായ ശുദ്ധീകരണ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, 1962 ലെ ആണവോർജ്ജ നിയമത്തിന് കീഴിലുള്ള നിയമപരമായ നിയന്ത്രണങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഖനനം കുറഞ്ഞതെന്നാണ് വിലയിരുത്തൽ. എങ്കിൽപോലും അപൂർവ ധാതു ശേഖരണത്തിൽ ചൈനയ്ക്ക് ഒരു നിർണായക എതിരാളിയായാണ് ഇന്ത്യയെ കാണുന്നത്. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിനായി 2025ൽ ഇന്ത്യ കുറച്ച് മാർ​ഗനിർദേശങ്ങൾ സ്വീകരിച്ചിരുന്നു.

2030 ആകുമ്പോഴേക്കും 1,200 പര്യവേക്ഷണ പദ്ധതികൾ, നൂറിൽ കൂടുതൽ ധാതു ബ്ലോക്കുകൾക്കുള്ള ലേലം, പുനരുപയോഗവും ദ്വിതീയ വീണ്ടെടുക്കലും പ്രോത്സാഹിപ്പിക്കുക, അനുമതികൾ വേഗത്തിലാക്കുകയും പുതിയ പര്യവേക്ഷണ ലൈസൻസുകൾ അവതരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അതിൽ ഉൾപ്പെട്ടിരുന്നത്. ഐആർഇഎല്ലിന്റെ പങ്ക് വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. അസംസ്‌കൃത വസ്തുക്കളും സാങ്കേതികവിദ്യയും സുരക്ഷിതമാക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ ക്രിട്ടിക്കൽ മിനറൽസ് ഇൻവെസ്റ്റ്മെന്റ് പാർട്ണർഷിപ്പിന് കീഴിൽ ഓസ്ട്രേലിയ ഒരു പ്രധാന സഖ്യകക്ഷിയാണ്.

2010 ൽ ചൈന ജപ്പാനിലേക്കുള്ള റെയർ എർത്ത് എലമെന്റ്സ് കയറ്റുമതി നിർത്തിവച്ചതിനുശേഷം ജപ്പാൻ ഓസ്‌ട്രേലിയയുടെ ലിനാസ് റെയർ എർത്ത്‌സിൽ നിക്ഷേപം നടത്തി. 2022 ആയപ്പോഴേക്കും ചൈനയെ ആശ്രയിക്കുന്നത് രാജ്യം കുറയ്ക്കുകയും ചെയ്തു. സമാനമായ മാതൃക ഇന്ത്യയ്ക്കും സ്വീകരിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

Content Summary: China’s tight control over rare earth supplies could create new opportunities for India

Leave a Reply

Your email address will not be published. Required fields are marked *

×