June 03, 2026 |

ചിപ്പ് യുദ്ധം: അമേരിക്ക-ചൈന പോര്‍, ഇന്ത്യയുടെ അവസരം

സെമികണ്ടക്ടറുകള്‍ ലോക ചിപ്പ് യുദ്ധത്തിന്റെ ഭാഗമാണ്

നിങ്ങളുടെ പോക്കറ്റിലെ സ്മാര്‍ട്ട്ഫോണ്‍, ഗരേജിലെ ഇലക്ട്രിക് കാര്‍, അടുക്കളയിലെ റഫ്രിജറേറ്റര്‍, ഇവയെല്ലാം ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ ഭാഗമാകാന്‍ പോകുകയാണ്. അതിന്റെ ഹൃദയഭാഗത്ത്, മില്ലിമീറ്ററുകളുടെ ആയിരത്തില്‍ ഒന്ന് മാത്രം വലിപ്പമുള്ള സിലിക്കണ്‍ കഷണങ്ങളായ സെമികണ്ടക്ടറുകള്‍ ലോക ചിപ്പ് യുദ്ധത്തിന്റെ ഭാഗമാണ്. ഒരുകാലത്ത് ചിപ്പ് ഫാക്ടറികളിലെ എഞ്ചിനീയര്‍മാര്‍ മാത്രം ശ്രദ്ധിച്ചിരുന്ന സാങ്കേതിക മേഖലയായിരുന്നു സെമികണ്ടക്ടര്‍ വ്യവസായം. ലോകത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ വേഗത്തിലും ബുദ്ധിപരമായും പ്രവര്‍ത്തിക്കുന്നതിന് അവര്‍ പ്രവര്‍ത്തനനിരതരായിരുന്നു. ഇന്ന്, അതേ വ്യവസായം ആഗോള ശക്തികളുടെ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക ഭാവിയെ നയിക്കുന്ന പ്രധാന യുദ്ധക്കളമായി മാറിയിരിക്കുന്നു.

സ്മാര്‍ട്ട്ഫോണുകളും സൂപ്പര്‍കമ്പ്യൂട്ടറുകളും വരെ, എല്ലാ ആധുനിക ഉപകരണങ്ങളും ചെറിയ സിലിക്കണ്‍ ചിപ്പുകളെ ആശ്രയിക്കുന്നു; അവയുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും നിയന്ത്രിക്കുന്നവര്‍ തന്നെയാണ് ഇനി സാങ്കേതികവിദ്യയുടെ ഭാവി നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ സുരക്ഷയുടെ കവചമായും സാമ്പത്തിക ശക്തിയുടെ എഞ്ചിനായും ആഗോള നയതന്ത്രത്തിന്റെ ചെസ്സ്‌ബോര്‍ഡിലെ കരുക്കളായി ചിപ്പുകള്‍ മാറി.ഇനി ഇത് ഒരു വ്യവസായ മത്സരമല്ല. ചിപ്പ് യുദ്ധം, അമേരിക്കയും സഖ്യകക്ഷികളും ഒരു വശത്ത്, ചൈന മറുവശത്ത്. നൂതന ചിപ്പുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം; ഈ മൂന്ന് മേഖലകളിലും ആധിപത്യം നേടാന്‍ ഇവര്‍ നടത്തുന്ന പോരാട്ടം മുറുകുകയാണ്. അമേരിക്കയാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ചൈനയുടെ സാങ്കേതികോന്നതി തടയാനുള്ള നയങ്ങള്‍ അമേരിക്ക നടപ്പിലാക്കുകയായിരുന്നു. 2018-ല്‍ ആരംഭിച്ച ഈ യുദ്ധത്തില്‍, ട്രംപ് ഭരണകൂടം ചൈനീസ് സാങ്കേതിക കമ്പനികളായ ഹുവാവെയും ZTEയും ബ്ലാക്ക്ലിസ്റ്റ് ചെയ്തു, അമേരിക്കന്‍ സാങ്കേതികവിദ്യയിലേക്കുള്ള ആക്‌സസ് ഇവര്‍ക്ക് നിഷേധിച്ചു. പിന്നീട് വന്ന ബൈഡന്‍ ഭരണകൂടം ഇത് കൂടുതല്‍ ശക്തിപ്പെടുത്തി, 2022-ല്‍ അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തിനുള്ള യന്ത്രങ്ങള്‍, സോഫ്റ്റ്വെയര്‍ എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2024-ല്‍, Nvidia യുടെ ഏറ്റവും പുതിയ AI ചിപ്പുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കികൊണ്ട് ചൈനയുടെ AI വികസനത്തെ തടസ്സപ്പെടുത്തി.

ചൈനയുടെ പ്രതികരണം വേഗത്തിലായിരുന്നു. അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ആന്റി-ഡമ്പിങ് അന്വേഷണങ്ങള്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലായി, ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ്, അനലോഗ് ഡിവൈസസ് തുടങ്ങിയ അമേരിക്കന്‍ ചിപ്പ് കമ്പനികള്‍ക്കെതിരായ 37 ദിവസത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ അനലോഗ് ചിപ്പുകള്‍ AIയുടെ ഏറ്റവും അഡ്വാന്‍സ്ഡ് പതിപ്പുകളല്ലെങ്കിലും, സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ അവിഭാജ്യ ഘടകമാണ്. ചൈനയുടെ വാണിജ്യ മന്ത്രാലയം ഈ കമ്പനികളില്‍ നിന്ന് വില്‍പ്പന, ചെലവ്, ഉപഭോക്താക്കള്‍, സപ്ലൈയര്‍മാര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇത് അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള ചൈനയുടെ പ്രതികാര നീക്കമാണ്.

ഇതിനു പുറമേ, ചൈനയുടെ ഏറ്റവും പുതിയ നീക്കം അപൂര്‍വ ലോഹങ്ങളുടെ (rare earth) കയറ്റുമതി നിയന്ത്രണങ്ങളാണ്. ഈ ലോഹങ്ങള്‍ ശുദ്ധീകരിക്കാനുള്ള സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണമുണ്ട്. ഇത് ചിപ്പ് യുദ്ധത്തെ പുതിയ ഒരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മറുപടിയായി ട്രംപ് ഭരണകൂടം ചൈനയ്ക്കുമേല്‍ നിലവിലെ തീരുവയ്ക്ക് പുറമേ 100 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചിരിക്കുകയാണ്.

സാങ്കേതിക, വൈദ്യശാസ്ത്ര, സൈനിക, ഊര്‍ജ രംഗങ്ങളിലെല്ലാം അത്യാവശ്യമായ ലോഹങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം ആഗോളതലത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തിയേക്കാം. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വൈദ്യുത വാഹനങ്ങള്‍ മുതല്‍ ജെറ്റ് എഞ്ചിനുകള്‍, റഡാര്‍ സിസ്റ്റങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ അപൂര്‍വ ലോഹങ്ങളും കാന്തങ്ങളും ഉപയോഗിക്കുന്നു. ലോകത്തിലെ അപൂര്‍വ ഭൂമി ഖനനത്തിന്റെ ഏകദേശം 70% ചൈനയാണ് നിയന്ത്രിക്കുന്നത്, കൂടാതെ അതിന്റെ വേര്‍തിരിക്കല്‍, സംസ്‌കരണം, കാന്ത നിര്‍മ്മാണം എന്നിവയും ചൈനയുടെ നിയന്ത്രണത്തിലാണ്. സ്‌കാന്‍ഡിയം (Sc), യിട്ട്രിയം (Y) തുടങ്ങി ലൂട്ടേഷ്യം (Lu) വരെ ഏകദേശം 17 മൂലകങ്ങളാണ് റെയര്‍ എര്‍ത്ത് വിഭാഗത്തില്‍ പെടുന്നത്.

ഈ യുദ്ധത്തിനിടയിലും, ലോക സെമികണ്ടക്ടര്‍ വിപണി വന്‍ വളര്‍ച്ച കൈവരിച്ചു. 2024-ല്‍ 630 ബില്യണ്‍ ഡോളറായിരുന്ന വിപണി, 2025-ല്‍ 22.2% വളര്‍ച്ചയോടെ 770 ബില്യണ്‍ ഡോളറിലെത്തും. 2026-ല്‍ 18.4% വളര്‍ച്ചയോടെ 910 ബില്യണ്‍ ഡോളറാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നത്. AI-യുടെ ആവശ്യകതയാണ് പ്രധാന കാരണം, പ്രത്യേകിച്ച് ഡാറ്റാ സെന്ററുകളിലെ ഹൈ ബാന്‍ഡ്വിഡ്ത് മെമ്മറി (HBM) ചിപ്പുകള്‍ക്കുള്ള ഡിമാന്‍ഡ്. 2026-ല്‍ HBM വിപണി 50 ബില്യണ്‍ ഡോളറിന് മുകളിലെത്തുമെന്ന് ഹ്യുണ്ഡായ് മോട്ടോര്‍ സെക്യൂരിറ്റീസിലെ നോഹ് ഗ്യൂണ്‍-ചാങ് പ്രവചിക്കുന്നു. ചൈനയുടെ പ്രതികാര നീക്കങ്ങള്‍ അമേരിക്കന്‍ കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2025-26 കാലയളവില്‍ യു.എസ്. കമ്പനികളുടെ വരുമാനത്തില്‍ 10-20 ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയ്ക്ക് ഈ ചിപ്പ് യുദ്ധം നിരവധി സാധ്യതകളും വെല്ലുവിളികളും നല്‍കുന്നു. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ഇന്ത്യ ചിപ്പ് ഇറക്കുമതിയെ ആശ്രയിക്കുന്നു. 1954-ല്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL) സ്ഥാപിതമായതോടെയും 1976-ല്‍ സെമികണ്ടക്ടര്‍ കോംപ്ലക്‌സ് ലിമിറ്റഡ് (SCL) ആരംഭിച്ചതോടെയും ഇന്ത്യ സെമികണ്ടക്ടര്‍ രംഗത്ത് യാത്ര ആരംഭിച്ചു. 1984-ല്‍ ചണ്ഡീഗഡില്‍ 5 µm CMOS സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ചിപ്പ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ച് SCL പ്രവര്‍ത്തനം ആരംഭിച്ചു. ഇത് പ്രധാനമായും ബഹിരാകാശ വകുപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിരുന്നു. ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ച് സര്‍ക്കാരിന്റെ പിന്തുണയോടെ ഈ രംഗത്ത് ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. മറ്റൊരു സര്‍ക്കാര്‍ മേഖലാ കമ്പനിയായ BEL 1959ല്‍ ജര്‍മേനിയം ട്രാന്‍സിസ്റ്ററിന്റെ ഉല്‍പ്പാദനം ആരംഭിച്ചു, 1962-ല്‍ ഫിലിപ്‌സില്‍ നിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ ഇതും മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. എന്നാല്‍ സെമികണ്ടക്ടര്‍ നിര്‍മ്മാണ മേഖലയിലെ സ്വയംപര്യാപ്തത ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുന്നു. കാരണം ഉല്‍പ്പാദനം സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ്. പരമ്പരാഗതമായി മിക്ക ചിപ്പുകളും നിര്‍മ്മിച്ചിരുന്ന ഇന്റെല്‍ (intel) പോലും ലോകമെമ്പാടുമുള്ള 16,000 വിതരണക്കാരില്‍ നിന്നുള്ള 450 ഫാക്ടറികളെ ആശ്രയിക്കുകയാണ്. ലോകമെമ്പാടുമുള്ള സെമികണ്ടക്ടര്‍ വിതരണ ശൃംഖലയെ യു.എസ്-ചൈന ചിപ്പ് യുദ്ധം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ഈ രംഗത്തുള്ള എല്ലാവര്‍ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യ മുന്‍കൈയെടുത്ത് ഒരു അന്താരാഷ്ട്ര വ്യാപാര-ഭൗമരാഷ്ട്രീയ തന്ത്രം മെനയേണ്ടതുണ്ട്. അസംസ്‌കൃത ലോഹങ്ങളുടെയും നൂതന സാങ്കേതികവിദ്യയുടെയും ലഭ്യത ഉറപ്പാക്കുന്നതിന് അനുകൂലമായ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. ജപ്പാന്‍, ദക്ഷിണകൊറിയ, തായ്വാന്‍ തുടങ്ങിയ പ്രധാന ഉല്‍പ്പാദക രാജ്യങ്ങളുമായി ഭൗമരാഷ്ട്രീയ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ലഘൂകരിക്കാം. ഇറക്കുമതി സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുന്നത് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഇല്ലാതാക്കും.

വെറുമൊരു ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖ ഉല്‍പ്പാദകരില്‍ ഒന്നായി മാറാന്‍ കഴിയുന്ന നിര്‍ണായക ഘട്ടത്തിലാണ് ഇന്ത്യ. ഈ മേഖലയിലെ വെല്ലുവിളികള്‍ മറികടക്കാനും മനുഷ്യവിഭവവും സോഫ്റ്റ്വെയര്‍ വികസന ശേഷിയും പ്രയോജനപ്പെടുത്താനും, അതിനെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സഹകരണവും തന്ത്രപരമായ നിക്ഷേപവും ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ ഇന്ത്യക്ക് ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാം. ചിപ്പ് ഡിസൈന്‍ കഴിവുകള്‍ വര്‍ദ്ധിപ്പിച്ച് അത്യാധുനിക നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ രംഗത്ത് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിയും. അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് (ATMP) എന്നിവയില്‍ മികവ് പുലര്‍ത്തുന്നതിലൂടെ, അന്താരാഷ്ട്രതലത്തില്‍ മത്സരക്ഷമതയുള്ള ശക്തമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ രാജ്യത്ത് സ്ഥാപിക്കാം. സര്‍ക്കാര്‍ നയങ്ങളിലും ആഗോള പങ്കാളിത്തത്തിലും ഇതിന് അനുസൃതമായ സമീപനം സ്വീകരിച്ചാല്‍, സാമ്പത്തിക സുരക്ഷയും സാങ്കേതിക പുരോഗതിയും ബന്ധപ്പെട്ടിരിക്കുന്ന ആഗോള വിപണികളില്‍ ഇന്ത്യയുടെ പങ്കാളിത്തം ശോഭനമായ ഭാവിയിലേക്ക് നയിക്കും.

ചിപ്പ് യുദ്ധത്തിന്റെ ഈ കൊടുങ്കാറ്റില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ വൈവിധ്യവല്‍ക്കരണം, സഖ്യങ്ങള്‍, സ്വയംപര്യാപ്തത ഭൗമരാഷ്ട്രീയ യുദ്ധത്തിന്റെ പുതിയ അധ്യായമായി മാറും. അമേരിക്ക-ചൈന പോരാട്ടത്തിനിടയില്‍, ഇന്ത്യയുടെ ഉയര്‍ച്ച ചിപ്പുകളുടെ ഭാവി ആഗോള ബാലന്‍സ് ഓഫ് പവറിനെ പുനര്‍നിര്‍മ്മിക്കുമ്പോള്‍, സാങ്കേതിക സ്വാതന്ത്ര്യത്തിന്റെ പുതിയ അവകാശികളായി ഇന്ത്യയെ സ്ഥാപിക്കും. ഇങ്ങനെ ഒരു നീക്കത്തിന് ഇന്ത്യ തയ്യാറാകുമോ?

Content Summary: Chip war: America-China conflict

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×