ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
19കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂരമർദനവും പീഡനവുമായിരുന്നു. ചുറ്റിക ഉപയോഗിച്ച് പ്രതി അനൂപ് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പീഡനവും മർദനവും സഹിക്കാനാവാതെ താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഫാനിൽ കുരുക്കിടുകയായിരുന്നു. അപ്പോഴും പോയി ചത്തോ എന്നായിരുന്നു അനൂപിന്റെ പ്രതികരണം.
എന്നാൽ തൂങ്ങിയ പെൺകുട്ടി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ അനൂപ് തന്നെയാണ് ഷാൾ മുറിച്ച് താഴെയിട്ടത്. ശബ്‌ദം പുറത്തുകേൾക്കാതിരിക്കാൻ മുഖം അമർത്തിപിടിച്ചു. അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, പ്രതി യുവതിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ചോറ്റാനിക്കരയിലെ വീട്ടിൽ യുവതിയെ അർധനഗ്നയായി അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സുഹൃത്തായ തലയോല പറമ്പ് സ്വദേശിയായ അനൂപാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും ലൈംഗിക പീഡനത്തിനും പൊലീസ് കേസെടുത്തു.
പ്രതിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്. ചോറ്റാനിക്കര സ്വദേശികളുടെ ദത്തുപുത്രിയായ പെൺകുട്ടി മൂന്ന് വർഷം മുമ്പാണ് ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടിയുടെ വളർത്തച്‌ഛൻ മരണപ്പെട്ടിരുന്നു. അമ്മയോടെപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് തലയോലപറമ്പ് സ്വദേശിയായ അനൂപ് പ്രണയത്തിലായത്.
ഇൻസ്‌റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. ആ അടുപ്പം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ബന്ധത്തിൽ പെൺകുട്ടിയുടെ അമ്മ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ അനൂപ് മിക്കപ്പോഴും പെൺകുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. മണിക്കൂറുകളോളം വീട്ടിൽ ചെലവഴിക്കും. ലഹരിക്കടിയയായ ഇയാൾ പെൺകുട്ടിക്കും ലഹരി നൽകിയിരുന്നതായി വിവരമുണ്ട്.
content summary; chottanikkara pocso case 19 year old girl died