June 03, 2026 |
Share on

ശനിയാഴ്ച്ചത്തെ യോഗസ്ഥലം കണ്ടെത്തി, രാത്രിയാക്രമണം പകലാക്കി; ഖമേനിയെ വധിച്ചതിങ്ങനെ

മാസങ്ങളായി സിഐഎ ഖമേനിയുടെ പിന്നാലെയായിരുന്നു, അവര്‍ നല്‍കിയ വിവരങ്ങളായിരുന്നു നിര്‍ണായകമായത്‌

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത സൈനിക നീക്കത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൃത്യമായ സ്ഥാനം മുന്‍കൂട്ടി കണ്ടെത്തുകയെന്നതായിരുന്നു. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ സി.ഐ.എ ഖമേനിയുടെ ഓരോ നീക്കങ്ങളും കൃത്യമായി മനസ്സിലാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഒരു സമുച്ചയത്തില്‍ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ടെന്നും അവിടെ ഖമേനിയും നേരിട്ട് എത്തുമെന്നുമുള്ള രഹസ്യവിവരം ലഭിച്ചതാണ് ആക്രമണത്തില്‍ നിര്‍ണായകമായത്. ഈ വിവരം ലഭിച്ചതോടെ, നേരത്തെ രാത്രികാലത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്രമണം ശനിയാഴ്ച പകല്‍ സമയത്തേക്ക് മാറ്റാന്‍ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു. ഖമേനിയെയും ഇറാന്റെ പ്രധാന സൈനിക തലവന്മാരെയും ഒരേസമയം വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമയമാറ്റം നടത്തിയത്.

അമേരിക്ക നല്‍കിയ അതീവ കൃത്യതയുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇസ്രയേല്‍ തയ്യാറാക്കിയ പദ്ധതിയാണ് ശനിയാഴ്ച നടപ്പിലാക്കിയത്. ഇറാന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസ്, പരമോന്നത നേതാവിന്റെ വസതി, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലായിരുന്നു ഈ യോഗം നടന്നത്. റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍, പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, മിലിട്ടറി കൗണ്‍സില്‍ തലവന്‍ അലി ഷംഖാനി തുടങ്ങിയ പ്രമുഖര്‍ അവിടെ ഒത്തുകൂടിയിട്ടുണ്ടെന്ന് ഇസ്രയേല്‍ ഉറപ്പുവരുത്തിയിരുന്നു. ഇസ്രയേലില്‍ നിന്ന് പുലര്‍ച്ചെ ആറുമണിയോടെ പുറപ്പെട്ട അത്യാധുനിക യുദ്ധവിമാനങ്ങള്‍ അതീവ കൃത്യതയുള്ള മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രണ്ട് മണിക്കൂര്‍ അഞ്ചു മിനിറ്റ് നീണ്ട യാത്രയ്‌ക്കൊടുവില്‍ ടെഹ്‌റാന്‍ സമയം രാവിലെ 9:40-ഓടെ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഒരു കെട്ടിടത്തിലും ഖമേനി അതിനടുത്തുള്ള മറ്റൊരു കെട്ടിടത്തിലുമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്.

ഇറാന്‍ യുദ്ധത്തിനായി തയ്യാറെടുത്തിരുന്നെങ്കിലും ഇസ്രയേലിന്റെ ഈ അപ്രതീക്ഷിത നീക്കം അവരെ ഞെട്ടിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചയും അമേരിക്കന്‍-ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കരുത്തുമാണ് ഈ ഓപ്പറേഷനിലൂടെ തെളിയിക്കപ്പെട്ടത്. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ സൈനിക വിന്യാസങ്ങളെയും ആശയവിനിമയ രീതികളെയും കുറിച്ച് അമേരിക്കന്‍ ഏജന്‍സികള്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചിരുന്നു. ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്നതിനൊപ്പം തന്നെ അലി ഷംഖാനിയുടെയും മുഹമ്മദ് പാക്പൂരിന്റെയും മരണം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും പിന്നീട് സ്ഥിരീകരിച്ചു.

നേതാക്കളെ വധിക്കുന്നതിനൊപ്പം തന്നെ ഇറാന്റെ രഹസ്യാന്വേഷണ ശൃംഖലയെ തകര്‍ക്കാനും ഈ നീക്കത്തിലൂടെ സാധിച്ചു. ഖമേനിയുടെ സമുച്ചയത്തിന് പിന്നാലെ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇറാന്റെ പ്രധാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങിയിരുന്ന കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടെങ്കിലും ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തുള്ള ഭൂരിഭാഗം പേരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പും കൃത്യമായ വിവരശേഖരണവുമാണ് ഇറാന്റെ ഭരണകൂടത്തെ തന്നെ ശിരസ്സറുത്ത ഈ സൈനിക വിജയത്തിന് പിന്നിലെന്ന് ഈ ഓപ്പറേഷനെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നതായി, ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ദി ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു.

Content Summary: The C.I.A. found the location of Khamenei and other top Iranian leaders; soon after, the U.S. and Israel attacked and killed them

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×