ആക്ഷന്‍ ചെയ്യാന്‍ കഴിയുന്ന സ്ത്രീകള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സ്ത്രീകളായ ആക്ഷന്‍ ഹീറോകളേയും പുരുഷ സ്വഭാവത്തിലാണ് കണ്ടിരുന്നത് എന്നതാണ് പ്രശ്‌നം.
നിങ്ങള്‍ ചെയ്യേണ്ടത് തോക്കുമായി വരുന്ന ഒരു പെണ്‍കുട്ടിയെ (ഗേള്‍ ആന്‍ഡ് ഗണ്‍) അവതരിപ്പിക്കുകയാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഖ്യാത സംവിധായകന്‍ ജീന്‍ ലുക് ഗൊദാര്‍ദ് അല്‍പ്പം പരിഹാസം കലര്‍ത്തിക്കൂടി പറഞ്ഞിരുന്നു. ‘Make the hero a woman!’ എന്നാണ് ഇവരുടെ നയം. ആക്ഷന്‍ ചെയ്യുന്നത് നായികയാണെങ്കിലും ആ കഥാപാത്രത്തില്‍ ഒരു പുരുഷന്റെ സ്വഭാവമുണ്ടാകുമെന്ന് ഗൊദാര്‍ദ് പറയാതെ പറഞ്ഞിരുന്നു. ഗേള്‍ ആന്‍ഡ് ഗണ്‍ ശൈലിയിലുള്ള സിനിമകളൊന്നും തന്നെ ഗൊദാര്‍ദ് ഒരിക്കലും ചെയ്തില്ല. ഹോളിവുഡ് എന്തായാലും ഇപ്പോള്‍ ഗൊദാര്‍ദിന്റെ ആവശ്യപ്രകാരമെന്നോണം തോക്കും പിടിച്ച വരുന്ന ആക്ഷന്‍ ഹീറോയിനുകളുടെ പിന്നാലെയാണ്. ഇത്തരത്തിലുള്ള ഗേള്‍ ആന്‍ഡ് ഗണ്‍ മൂവികള്‍ നിരവധി പുറത്തുവരുന്നു. ജയിംസ് ബോണ്ട് മാതൃകയില്‍ വിമണ്‍ ആക്ഷന്‍ ഹീറോകളുടെ അവതരണമാണ് ഹോളിവുഡിലെ പ്രൊഡക്ഷന്‍ ഹൗസുകള്‍ ലക്ഷ്യമിടുന്നത് –
ആക്ഷന്‍ നായികമാര്‍ പല തരത്തിലാകാം. ചിലപ്പോള്‍ അത് എവര്‍ലിയിലെ സല്‍മ ഹയെകിനെ പോലെ കുറഞ്ഞ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളാവാം. മറ്റ് ചിലപ്പോള്‍ ഹേയ വയറിലെ ജീന കരാനോയെ പോലെ. ടോംബ് റൈഡറിലെ ആഞ്ജലീന ജോളിയെ പോലെയോ സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ അവതരിപ്പിച്ച സൂപ്പര്‍ വുമണ്‍ ലൂസിയേയോ പോലെയാകാം. 2010ല്‍ പുറത്തിറങ്ങിയ ഫിലിപ്പ് നോയ്‌സിന്റെ സാള്‍ട്ട് എന്ന ചിത്രത്തില്‍ ആഞ്ജലീന ജോളി അവതരിപ്പിച്ച കഥാപാത്രം ആദ്യം പുരുഷ കഥാപാത്രവും ടോം ക്രൂസിന് വേണ്ടി എഴുതപ്പെട്ടതുമായിരുന്നു. ഇനി ആറ്റോമിക് ബ്ലോണ്ടെയിലെ ചാര്‍ലിസ് തെറോണിന്റെ കഥാപാത്രമെടുക്കാം – ഊര്‍ജ്ജസ്വലയാണ്, ഏത് സമയവും പോരാട്ടത്തിന് സന്നദ്ധയാണ് ഈ ചാരസംഘടനാംഗം. റെസിഡന്റ് എവിളില്‍ മിലിയ ജോവോവിച്ച്, അണ്ടര്‍വേള്‍ഡില്‍ കേറ്റ് ബെക്കിന്‍സേല്‍, ദ ഹംഗര്‍ ഗെയിംസില്‍ ജെന്നിഫര്‍ ലോറന്‍സ്, മാഡ് മാക്‌സ് ഫ്യൂരി റോഡില്‍ ചാര്‍ലിസ് തെറോണ്‍ ഇതെല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ വിമണ്‍ ആക്ഷന്‍ ഹീറോകളാണ്. ഇപ്പോള്‍ വണ്ടര്‍ വിമണ്‍ നേടിയിരിക്കുന്ന വന്‍ വിജയം ഈ ട്രെന്‍ഡ് ശക്തിപ്പെടുത്തിയിരിക്കുകയാണ്.
എന്തുകൊണ്ട് ഇതുവരെ വനിതാ ആക്ഷന്‍ ഹീറോകളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ താരതമ്യേന കുറവായിരുന്നു എന്ന് പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് ആക്ഷന്‍ ചെയ്യാന്‍ കഴിയുന്ന സ്ത്രീകള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നമെന്നാണ്. സ്ത്രീകളായ ആക്ഷന്‍ ഹീറോകളേയും പുരുഷ സ്വഭാവത്തിലാണ് കണ്ടിരുന്നത് എന്നതാണ് പ്രശ്‌നം. സ്ത്രീകളായ ആക്ഷന്‍ നായികമാര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലവും കഥയും അനുഭവങ്ങളുമായിരിക്കും പറയാനുണ്ടാകുക. വ്യത്യസ്തമായ പോരാട്ടരീതികളായിരിക്കും അവരുടേത്. പലപ്പോഴും തോക്ക് തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടാകില്ല. മാത്രമല്ല ഇത്തരം ചിത്രങ്ങള്‍ക്ക് തുടര്‍ച്ചകളുമുണ്ടാകുന്നു. വനിതാ ആക്ഷന്‍ ഹീറോകളെ സംബന്ധിച്ച ഹോളിവുഡിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയിരിക്കുകയാണ് വണ്ടര്‍ വുമണ്‍ എന്ന വിലയിരുത്തലുണ്ട്. ആറ്റമിക് ബ്ലോണ്ടെ ആയിരുന്നു ഈ ശ്രേണിയെ ശക്തിപ്പെടുത്തിയ ആദ്യ ചിത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്. അതൊരു പരീക്ഷണമായിരുന്നു. ‘ഗേള്‍സ് ആന്‍ഡ് ഗണ്‍സ്’ കൊണ്ട് മാത്രം കാര്യമില്ലെന്ന് ഇത്തരം ചിത്രങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.