ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വേരുറപ്പിച്ചത് കോവിഡ് കാലത്താണ്. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണ് കുടുംബം എന്ന പരമ്പരാഗത സങ്കല്‍പ്പമൊക്കെ എവിടെയോ പോയ് മറഞ്ഞ ആ കാലത്ത്, പൊന്തി വന്ന മറ്റൊരു സോഷ്യല്‍ റിയാലിറ്റി ആണ് ഒടിടി. ആ ശീലം ഇന്നും തുടരുന്നു. തനിച്ചു സിനിമകള്‍ കാണേണ്ടി വരുമ്പോള്‍ പോലും തിയേറ്ററില്‍ പോയി വരാന്‍ അത്യാവശ്യം ചിലവുണ്ട്. മള്‍ട്ടിപ്ലെക്‌സുകളിലെ ടിക്കറ്റ് നിരക്ക് കൂടാതെ, ആ പോപ്കോണ്‍ കൗണ്ടറും, സമൂസയും, കോളയുമൊക്കെ മാടി വിളിക്കും. അപ്പോള്‍ ഫാമിലികളുടെ കാര്യം പറയണോ. ആരുടേയും ജോലിക്ക് ഉറപ്പില്ലാത്ത കാലം. ഇഎംഐകള്‍, കുട്ടികളുടെ പഠന ചിലവുകള്‍, റെന്റ്, പത്രം, പാല്‍, ഗ്രോസറി…അങ്ങിനെ ഏതാണ്ട് ‘ഫാലിമി’ ആയിട്ടാണ് ഇവര്‍ തിയേറ്ററില്‍ നിന്നും മടങ്ങുന്നത്.
ഫഡ്ഫ്സ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) വികാരം വിദ്ഗദ്ധമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെ ഉണ്ടാക്കുന്ന സിനിമകള്‍ (ആടുജീവിതം പോലെ), സൂപ്പര്‍സ്റ്റാറുകളുടെ, അല്ലെങ്കില്‍ എല്ലാവരും റിവ്യൂ എഴുതി തകര്‍ത്തു, പോയില്ലെങ്കില്‍ സോഷ്യല്‍ വാലിഡേഷന്‍ ഇല്ലാത്ത ലെവലില്‍ എത്തുമ്പോള്‍, (കിഷ്‌കിന്ധ കാണ്ഡത്തെ ഉദാഹരിക്കാം) അതുമല്ലെങ്കില്‍ ഓണത്തിനും, വിഷുവിനും, ദീപാവലിക്കും, ക്രിസ്തുമസിനും, ഒരു ഫെസ്റ്റിവല്‍ മൂഡ് കൂട്ടാന്‍, കുട്ടികള്‍ വാശി പിടിക്കുന്ന, കുങ്ഫു പാണ്ടയോ, ഹാരിപോട്ടറോ, അനിമേഷന്‍ ചിത്രങ്ങളോ മറ്റോ…സെലക്ടഡ് വാച്ച് തന്നെയാണ് ഇപ്പോള്‍ തിയേറ്റര്‍. താരപ്രഭയില്ലാത്ത, ചെറിയ, നല്ല ചിത്രങ്ങള്‍ക്കു തിയേറ്ററുകളില്‍ സ്വീകാര്യത ഇല്ലാത്തത് അതുകൊണ്ടായിരിക്കാം.
ഉപബോധമനസില്‍ തന്നെ ഏതു തിയേറ്ററില്‍ കാണണം, ഏതു ഒടിടിയില്‍ കാണണം എന്ന ക്യാറ്റഗറൈസേഷന്‍ വേര് പിടിച്ചിരിക്കുന്നു. വര്‍ഷാന്ത്യം ഒരു കണക്ക് എടുത്തു നോക്കൂ. ഒടിടി Vs തിയേറ്റര്‍ അല്ലേ! ടെലിഗ്രാം പോലുള്ള പ്ലാറ്റഫോമുകള്‍ വിദേശ സിനിമകളും സീരിസുകളും അടക്കമായുള്ള എല്ലാ കണ്ടന്റും ഫ്രീ ആയി തന്നെ വീട്ടില്‍ എത്തിക്കുന്നുമുണ്ട്. ഈ പ്രളയത്തില്‍ ചില നല്ല സിനിമകള്‍ ഒലിച്ചു പോവുന്നു. സൈന പ്ലേയില്‍ വരുന്ന ചില സിനിമകള്‍ ആ പ്ലാറ്റ്‌ഫോം എടുക്കാത്തത് കൊണ്ട് കാണാന്‍ പറ്റാറില്ല. ‘സന്മാര്‍ഗ്ഗപുസ്തകം’ പലരും റെഫര്‍ ചെയ്തിരുന്നു. ഇതിലും നമ്മളൊക്കെ ചൂസി ആണ്. ഇനി ഒടിടി സൂപ്പര്‍സ്‌റാര്‍കളും ഉണ്ട്. സൈജു കുറുപ്പ് ആണ് മലയാളത്തില്‍ അങ്ങിനെ തോന്നിയിട്ടുള്ളത്.
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ പോസിറ്റീവും നെഗറ്റീവും അതിന്റെ കംഫര്‍ട്ട് വാച്ച് സോണ്‍ തന്നെയാണ്. വീടുകളിലും, ബസുകളിലും, കാറുകളിലും, ട്രെയിനുകളിലും, എന്തിനു ഓട്ടോയില്‍ വരെ പോസ്-റെസും മോഡില്‍ മുറിഞ്ഞു പോകുന്ന സിനിമ അനുഭവം. ചിലപ്പോഴൊക്കെ അത് ഈ വലിയ മാധ്യമത്തോടുള്ള ഒരു ഡിസ്റെസ്‌പെക്ട് തന്നെയായിട്ടാണ് തോന്നിയിട്ടുള്ളത്. ഓരോ ഫിലിമിനും പുറകിലുള്ള വലിയ ക്രീയേറ്റീവ് എഫേര്‍ട്ടുകളെയെയും, ടെക്‌നിക്കല്‍ മികവിനെയുമൊക്കെ അത് നിര്‍വീര്യമാക്കും. പക്ഷെ ഒരു കാര്യം പറയാതെ വയ്യ, ഒടിടികള്‍ സിനിമ പ്രേക്ഷരുടെ എണ്ണം കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. അത് പോലെ തന്നെ സോഷ്യല്‍ മീഡിയ റിവ്യൂകളും.
നിറയെ പ്രേക്ഷകരുള്ള ഒരു തിയേറ്ററില്‍ കളക്ടീവ് ആയി സിനിമ ആസ്വദിക്കുന്നതിന്റെ ഇംപാക്ട് -അത് മറ്റൊന്നാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ബാംഗ്ലൂരില്‍ കാണുമ്പോള്‍ തീയേറ്ററില്‍ ആകെ എട്ടു പേരുണ്ട് (എണ്ണിയിരുന്നു). സ്‌ക്രീനിന്റെ അടിയിലേക്ക് വീണു പോയ സബ്ടൈറ്റിലെ വരികള്‍. അപ്പുറത്തിരുന്ന ചെറുപ്പക്കാരന്‍ പുറത്തു പോയി മാന്യമായി കെഞ്ചുന്നു. സിനിമ നിര്‍ത്തുന്നു. ആ എറര്‍ മാറ്റാന്‍ 10 മിനുട്ടെടുത്തു. താങ്ക്‌സ് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ശങ്കറിന്റെ ഇന്ത്യന്‍ 2 കണ്ടു ഒരു വലിയ മള്‍ട്ടിപ്ലെക്‌സില്‍ അപരിചിതരോടൊപ്പം ആര്‍ത്തു ചിരിച്ചത്. പിന്നെ കമലിന്റെയും ശങ്കറിന്റെയും വീഴ്ച കണ്ടു കരച്ചില്‍ വന്നത്. ഉള്ളൊഴുക്കു കണ്ടപ്പോള്‍, നിറഞ്ഞ തിയേറ്ററില്‍ പിന്‍ഡ്രോപ് സൈലെന്‍സ് ആയിരുന്നു. എപ്പോഴൊക്കെയോ പലരും വിതുമ്പി. പാ. രഞ്ജിത്തിന്റെ തങ്കലാന്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തിരുന്ന തമിഴ് കപ്പിള്‍ വിക്രത്തിന്റെ എഫര്‍ട് വെറുതെയാവുമോ എന്ന് ആശങ്കപ്പെട്ടത്. അത് തന്നെയാണല്ലോ എന്റെ മനസ്സിലും എന്നോര്‍ത്ത് അത്ഭുതപെട്ടതു. ഒടിടികള്‍ നഷ്ടപ്പെടുത്തുന്ന സിനിമ ഒരുമൈ.
കറന്റ് സെന്‍സേഷന്‍ പുഷ്പ 2- ദി റൂള്‍ കണ്ടില്ല ഇതുവരെ. നാഷണല്‍ അവാര്‍ഡ് കൂടാതെ, അല്ലു അര്‍ജുന്‍ ഇപ്പോള്‍ നാഷണല്‍ ഹീറോ കൂടി ആയെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ഒന്ന് തല കുനിച്ചു നില്‍ക്കുന്ന ബോളിവുഡ് പോലും അല്ലുവിനെ ഏറ്റെടുത്തിരിക്കുകയാണ്. ബിഹാറിലും മറ്റുമുള്ള മൈഗ്രന്റ് വര്‍ക്കേഴ്‌സ് അവരെ തന്നെയാണ് പുഷ്പയുടെ വെറ്റില കറയുള്ള പല്ലുകളിലും, പൊടിയും ചെളിയും കലര്‍ന്ന ആ റോ സ്‌ക്രീന്‍ പ്രസെന്‍സില്‍ കാണുന്നതത്രെ. വീട്ടില്‍ ലോലഹൃദയനും പുറമെ മഴുവുമായി നടക്കുന്ന അല്ലു എല്ലാ നെഗറ്റീവ് റിവ്യൂകള്‍ക്കും അപ്പുറത്തു വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മറ്റൊരു മുഖമാണ്. ജവാനിലും, പത്താനിലും ഷാരൂഖ് ഖാന്റെ സാനിധ്യം മറികടക്കാന്‍ പറ്റാത്തത് പോലെ. തമിഴകത്ത് ‘വയസാനാലും’ രജനികാന്ത് വാഴുന്നു. ഇടക്കൊന്നു താരമൂല്യം കുറഞ്ഞെങ്കിലും, തെലുഗ് സിനിമകള്‍ പ്രഭാസിനെ മുറുകെ പിടിച്ചിട്ടുണ്ട്. മലയാളത്തില്‍ ഫഹദ് നടന്‍ എന്ന നിലയിലും, പൃഥ്വിരാജ് ആള്‍റൗണ്ടര്‍ എന്ന രീതിയിലും ഒരു പാന്‍ ഇന്ത്യ ഇമേജ് ഉണ്ടാക്കിയെടുത്തിരിക്കുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഈ ഗണത്തില്‍ പെടും. ഇതിനു തൊട്ടു താഴെയും ഒരു വലിയ താര നിരയുണ്ട്. ഇവരെയെല്ലാം മറികടന്നും അത്ര കൊമേര്‍ഷ്യല്‍ അല്ലാത്ത ചില ഇന്ത്യന്‍ സിനിമകള്‍ ഇടക്കൊക്കെ ഒന്ന് എത്തിനോക്കുന്നുണ്ട്. പക്ഷെ, ആ ട്രജെക്ടറി അത്ര ആശാവഹമല്ല.
ആര്‍ട്ടും, സാമ്പത്തികശാസ്ത്രവും കൈകോര്‍ക്കുന്ന സിനിമകള്‍-അവയുടെ കണക്ക് എത്രയാണ്? അവയുടെ സ്വഭാവസവിഷേതകള്‍ എന്തൊക്കെ. അവയ്ക്ക് പൊളിറ്റിക്കലി കറക്റ്റ് ആവേണ്ട ബാധ്യത ഉണ്ടോ? കാലഘട്ടത്തിന് അനുസരിച്ചു അവ മാറുന്നുണ്ടോ. പ്രേമലുവിനെ നൂറുകോടി ക്ലബിന് മേലെയെത്തിച്ച GenZ ക്ലാരയെയും ജയകൃഷ്ണനെയും അത് പോലെ ഏറ്റെടുക്കുമോ? ഇനിയൊരു ടൈറ്റാനിക് വിജയിക്കുമോ. ഗവേഷണത്തിന് പറ്റിയ ഒരു വിഷയം പോലെയുണ്ട്. Cinema experiences vary between theaters and OTT platforms
Content Summary; Cinema experiences vary between theaters and OTT platforms