UPDATES

സിനിമ

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം; ഒഡീഷക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും കഴിയില്ല?: ബ്ലോഗിലൂടെ മോഹൻലാൽ

മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു

                       

പ്രളയ ദുരിതത്തിൽ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തിന് ചില ഓര്‍മ്മപ്പെടുത്തലുകളുമായി നടന്‍ മോഹന്‍ലാലിന്‍റെ കുറിപ്പ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട് എന്ന് മോഹൻലാൽ തന്റെ ബ്ലോഗിൽ പറയുന്നു.

പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടിക്കണ്ട് നേരിടാനുള്ള മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടതെന്നും. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന് താരം ചോദിക്കുന്നു. രണ്ട് വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടും മഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചുപോയി. മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

മോഹന്‍ലാലിന്‍റെ ബ്ലോഗിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഒരു വര്‍ഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. ‘കാലാവസ്ഥ അനുഗ്രഹിച്ച കേരളം’ എന്ന അഭിമാന ബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. വെയില്‍ വന്ന് പരന്ന് കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു.

പ്രളയകാലത്തെ മനുഷ്യബന്ധങ്ങള്‍ അഴിഞ്ഞു. വീട് തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരും അതേ അവസ്ഥയില്‍ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവെച്ച മലയിടിക്കലും, പാറപൊട്ടിക്കലും പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കൃത്രിമ തണ്ണീര്‍ത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു. കേരളം പഴയതുപേലെയായി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും. ഓര്‍മ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ കൊടും മഴ പെയ്തു. തുരന്നു തുരുന്നു പകുതിയായ മലകള്‍ ഒലിച്ചുപോയി. അതിനൊപ്പം ഒരുപാട് പാവപ്പെട്ട മനുഷ്യരും അവരുടെ വിലപ്പെട്ട ജീവിതവും. ഇത് എഴുതുമ്പോള്‍ അവരില്‍ പലരും മണ്ണിനടയിലാണ്. ഒരു പ്രളയം കൊണ്ടുപഠിക്കാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്ക് സാധിച്ചില്ല. മഴ നമ്മെ വിറപ്പിച്ചുകൊണ്ട് മുന്നില്‍ കലിതുള്ളി നിന്നു. പാവപ്പെട്ട മനുഷ്യര്‍ ഏതൊക്കെയോ വെള്ളപ്പാച്ചിലില്‍ ഒഴികിപ്പോയി, വെള്ളക്കെട്ടില്‍ വീണു മരമടഞ്ഞു. ലോകം മുഴുവന്‍ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ കാലാവസ്ഥയുടെ കേമത്തം കൊണ്ടായിരുന്നു.

അധിനിവേശക്കാര്‍ എന്തൊക്കെ കൊണ്ടുപോയാലും നമ്മുടെ തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോവാന്‍ സാധിക്കില്ലാലോ, എന്ന് നാം മേനി പറഞ്ഞിരുന്നു. അത്രയ്ക്ക് കൃത്യവും സുന്ദരുവുമായിരുന്നു നമ്മുടെ ഋതുഭേദങ്ങള്‍. മിതവും സുന്ദരവുമായ മഴക്കാലവും. പ്രസന്നമായ വെയിലും മിതമായ തണുപ്പുകാലവും നമ്മളെ സുഖിയന്മാരാക്കി. നാം അതില്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു.
AlsoRead:നോ ടൈം ടൂ ഡൈ’: ഇരുപത്തഞ്ചാം ബോണ്ട് ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് എന്ത്?
എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണ്. എല്ലായിടക്കും വെള്ളം കയറുന്ന സ്ഥലമായി. സഞ്ചാരികള്‍ കേരളത്തിലേക്ക് വരുവാനായി കലണ്ടറുകള്‍ കരുതലോടെ തയ്യാറാക്കി തുടങ്ങി. നിക്ഷേപകരും ഭാവിയില്‍ കരുതല്‍ എടുത്തേക്കും. കേരളം കാലാവസ്ഥപ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കില്‍ അത് നമ്മെ എറെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമാണ്.

പ്രകൃതി ദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ല. എന്നാല്‍ ആധുനിക ശാസ്ത്ര സംവിധാനങ്ങല്‍ ഉപയോഗിച്ച് നമുക്ക് അവയെ മൂന്‍കൂട്ടി അറിയാനും ഒരുപാട് ഒരുക്കങ്ങള്‍ നടത്താനും സാധിക്കും. നമ്മുടെ രാജ്യത്ത് തന്നെ സമീപകാലത്ത് അതിന് ഉദാഹരണങ്ങളുണ്ട്. 1999 ല്‍ ഒറീസ്സയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാല്‍ അതേസ്ഥാനത്ത് 2003 ല്‍ ഫാനി ചുഴലിക്കാറ്റ് വന്നപ്പോള്‍ 25 പേരെ മരിച്ചുള്ളു. സാറ്റലൈറ്റ് ഇമേജുകളുപയോഗിച്ച് കടല്‍ത്തിരമാലകളുടേയും കാറ്റിന്‍റേയും വേഗമളന്നും മഴയുടെ പതനശേഷി അളന്നും സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായണ് ഈ നേട്ടം കൈവരിക്കാനായത്. ഒറീസ്സയുടെ ഈ മുന്നൊരുക്കത്തെ ഐക്യരാഷ്ട്ര സംഘടനവരെ അഭിനന്ദിക്കുകയുണ്ടായി.

ഒറീസ്സക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ലേ? രണ്ട് വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് എല്ലാ തരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകള്‍ എടുക്കേണ്ടതുണ്ട്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്. മഴപെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനുമുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥസങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേ?

ഇതിനെല്ലാം വേണ്ട ഒരു പ്രധാനകാര്യം എല്ലാവരും അവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നന്ദി, വിനയം, സമര്‍പ്പണം, കടമ, അനുതാപം ഇവെയെല്ലാം നമുക്ക് തീരെ കുറഞ്ഞു വരികയാണെന്ന് എന്നെനിക്ക് തോന്നാറുണ്ട്. പ്രകൃതിയോട് നമുക്ക് വിനയം വേണം. സഹജീവികളുടെ ജീവിതത്തോട് അനുതാപം വേണം. ലഭിക്കുന്ന നന്മകളോട് നന്ദിവേണം. ഇവയെല്ലാം എവിടെയൊക്കെയോ ചോര്‍ന്നു പോകുന്നു.

എല്ലാവരും അവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്താല്‍ ജീവിതത്തിലെ എല്ലാം ദുരിതങ്ങളേയും വലിയ ഒരളവില്‍ മറികടക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം എന്ന തിരിച്ചറിവ്, ജ്ഞാനികളായ മനുഷ്യര്‍ പറയുന്നത് കേള്‍ക്കാനുള്ള മനോഭാവം, എല്ലാറ്റിലും രാഷ്ട്രീയവും മതവും ജാതിയും കലര്‍ത്താതിരിക്കാനുള്ള വകതിരിവ്. അടുത്തതലുറയ്ക്കും ഭാവിക്കുമായുള്ള വലിയ വിഷന്‍. ഇപ്പോഴുമില്ലെങ്കില്‍ ഇനിയെന്നാണ് അതുണ്ടാവുക.

‘എനിക്ക് ശേഷം പ്രളയം’ എന്ന വിചാരവുമായി ജീവിക്കാന്‍ നമുക്ക് സാധിക്കില്ല. എന്നോടൊപ്പം തന്നെ പ്രളയമുണ്ട് എന്ന് തിരിച്ചറിയുക. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മളാല്‍ കഴിയുന്ന വിധത്തില്‍ നമുക്ക് പരസ്പരം സഹായിക്കാം. ഉള്ളതില്‍ ഒരു പങ്ക് പകുത്ത് നല്‍കാം. കുറേക്കൂടി വിനയമുള്ളവരാവാം, സത്യസന്ധരാവാം. പ്രകൃതിയാണ് എറ്റവും വലിയ ദൈവം എന്ന് തിരിച്ചറിഞ്ഞ് കൈകൂപ്പാം.

AlsoRead:ആരോപണം ബിജെപി നേതാക്കള്‍ക്കെതിരാണോ? എങ്കില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും വരില്ല; മോദി കാലത്ത് മന്ദീഭവിച്ച അഴിമതിക്കേസുകള്‍

Share on

മറ്റുവാര്‍ത്തകള്‍