UPDATES

സിനിമ

പൊറിഞ്ചു മറിയം ജോസ്; ആണധികാരത്തെയും സമൂഹത്തിലെ വേര്‍തിരിവുകളെയും ചോദ്യം ചെയ്യുന്ന ജോഷി ചിത്രം

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം തൊട്ടുകൂടായ്മയിലേക്ക് പോലും നീണ്ടുനില്‍ക്കുന്ന സാമൂഹ്യ പശ്ചാത്തലമാണ് കഥ പറയുവാനായി തിരക്കഥാകൃത്തും സംവിധായകനും തിരഞ്ഞെടുത്തത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന പ്രത്യേകത

                       

തൃശൂരിലെ ഒരു ഗ്രാമത്തില്‍ 1965 മുതല്‍ 1985 വരെയുള്ള കാലയളവില്‍ അന്നാട്ടിലെ ചങ്കിടിപ്പുകളായ കാട്ടാളന്‍ പൊറിഞ്ചുവിനെയും പുത്തന്‍പള്ളി ജോസിനെയും ആലപ്പാട്ട് മറിയത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളിത്തിരയിലെ എക്കാലത്തെയും ഹിറ്റ് മേക്കര്‍മാരിലൊരാളായ ജോഷി അണിയിച്ചൊരുക്കിയ ഹൃദയഹാരിയുംഉദ്വേഗജനകവുമായ ട്രയാങ്കിള്‍ ആക്ഷന്‍ ത്രില്ലറാണ് പൊറിഞ്ചു മറിയം ജോസ്.

നൂറ് ശതമാനം ആസ്വാദ്യകരമാവുമ്പോള്‍ത്തന്നെ ഇടുങ്ങിയ മാനസ്സികാവസ്ഥയുള്ള നമ്മുടെ സമൂഹത്തെക്കുറിച്ച് ഒത്തിരി ചിന്തിക്കുവാനുമുതകുന്ന ഒരു സിനിമ കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മലയാളിയുടെ ചലച്ചിത്ര കാഴ്ച്ചകളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ സിനിമ നിറമനസ്സോടെ പ്രേക്ഷകര്‍ക്ക് അസ്വാദ്യകരമാവുന്നത് പുരുഷാന്തരങ്ങള്‍ക്കപ്പുറം ഭാവനാസമ്പുഷ്ടമായ ഒരു കലാകാരന്‍ ജോഷിയില്‍ ഉള്ളതുകൊണ്ടാണെന്ന് നിസംശയം പറയാനാകും.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം തൊട്ടുകൂടായ്മയിലേക്ക് പോലും നീണ്ടുനില്‍ക്കുന്ന സാമൂഹ്യ പശ്ചാത്തലമാണ് കഥ പറയുവാനായി തിരക്കഥാകൃത്തും സംവിധായകനും തിരഞ്ഞെടുത്തത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന പ്രത്യേകത. സ്‌കൂളില്‍ വച്ച് മാളാക്കാരന്‍ പോളിന്റെയും ബീഡി ജോയിയുടെയും കുടുംബമഹിമ തൂക്കിനോക്കി അവരുടെ മക്കള്‍ക്ക് ശിക്ഷ നല്‍കുന്ന അദ്ധ്യാപകനും, ‘അപ്പന്റെ കാലം കഴിഞ്ഞാല്‍ ഈ തെണ്ടീനെ പടിക്കകത്ത് കയറ്റരുത്’ എന്ന് പറയുന്ന മക്കളും, പ്രണയത്തില്‍ പോലും പണത്തിനിടനല്‍കുന്ന രക്ഷിതാക്കളും, എന്തിനേറെ പറയുന്നു തന്റെ യജമാനന്റെ വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്ന നായപോലും ഈ രാഷ്ട്രീയ പശ്ചാത്തലത്തെ ബഹിസ്ഫുരിപ്പിക്കുന്നുണ്ട്. പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും സഫലമാവാതെപോകുന്ന പ്രണയത്തിലടക്കം ഈ വേര്‍തിരിവ് നൈസര്‍ഗ്ഗികവും കാലികവുമായി ആവിഷ്‌കരിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒടുക്കം പേരില്‍ കാട്ടാളത്തം അടിച്ചേല്‍പ്പിക്കപ്പെട്ട പൊറിഞ്ചുവിന്റെ മനസ്സിന്റെ വലുപ്പത്തിന് മുന്നില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥപാത്രമായ ഐപ്പ് മാത്രമല്ല പ്രേക്ഷകരായ നമ്മള്‍പോലും തോറ്റുപോകുന്നുണ്ടെങ്കില്‍ പ്രതികാരത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെ സ്‌നേഹാര്‍ദ്രമായ ഭാവം സിനിമ സമ്മാനിക്കുന്നതുകൊണ്ടാണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിക്കും ഉയരെയിലെ പല്ലവിക്കും ഇഷ്‌കിലെ വസുധയ്ക്കും ശേഷം ശക്തവും വ്യത്യസ്തവുമായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് പൊറിഞ്ചു മറിയം ജോസിലെ ആലപ്പാട്ട് മറിയം. മറിയം എന്ന നായിക രാത്രിയില്‍ ഏകയായി കാറില്‍ സഞ്ചരിക്കുന്നതും ഒറ്റക്ക് താമസിക്കുന്നതും പെരുന്നാളിന് ആണുങ്ങളോടാപ്പം നൃത്തം ചെയ്യുന്നതും മദ്യപിക്കുന്നതുമൊക്കെ ആണധികാരത്തോടുള്ള ഈ കലാസൃഷ്ടിയുട പ്രതിഷേധമായി കൂടി കാണാനാവും.

ജോസഫിന് ശേഷം പൊറിഞ്ചുവായി ജോജു ജോര്‍ജ്ജ് എത്തുമ്പോള്‍ നമ്മുടെ നായകസങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിക്കുവാനുള്ള പ്രഹരശേഷി ആര്‍ജ്ജിച്ച നടനായി അദ്ദേഹം മാറിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് ജോസിന്റെ പുത്തന്‍പള്ളി ജോസും നൈല ഉഷയുടെ ആലപ്പാട്ട് മറിയവും നമ്മെ വിടാതെ പിന്തുടരും. സുധി കോപ്പയുടെ പ്രകടനം പ്രത്യേകം എടുത്ത് പറയാതെ പോകാനാവില്ല. അത്ര മാത്രം മികവാര്‍ന്ന രീതിയില്‍ വൈകാരികമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ സുധി കോപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച റ്റി.ജി. രവിയും വിജയരാഘവനും സലിംകുമാറും നന്ദുവും അനില്‍ പി. നെടുമങ്ങാടും സ്വാസികയും രാഹുല്‍ മാധവും സിനോജ് വര്‍ഗ്ഗീസും അടക്കം പൊറിഞ്ചു മറിയം ജോസിന്റെ ആത്മാവിനെ പുല്‍കിയിട്ടുണ്ട്.

അഭിലാഷ് എന്‍.ചന്ദ്രന്റെ തിരക്കഥ ശക്തവും സംവേദനക്ഷമവുമാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ക്യാമറാക്കണ്ണുകള്‍ സിനിമയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. മഴയും രാത്രിയിലെ സീനുകളുമൊക്കെ അതിമനോഹരം. ജേക്‌സ് ബിജോയിയുടെ സംഗീതം സിനിമയ്ക്ക് ആസ്വാദ്യകരമായ ഭാവം നല്‍കുമ്പോള്‍ ശ്യാം ശശിധരന്റെ ചിത്രസംയോജനം ചടുലവും സുന്ദരവുമായ താളം സമ്മാനിക്കുന്നുണ്ട്. ദിലീപ് നാഥിന്റെ കലാസംവിധാനവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. 2019 നെ അറുപതുകളും എണ്‍പതുകളുമൊക്കെയാക്കുമ്പോള്‍ വീടിലും വസ്ത്രത്തിലും മാത്രമല്ല സൈക്കിളിന്റെ കൈകളില്‍ കൊരുത്തിട്ടിരിക്കുന്ന കാസറ്റ് വള്ളികളില്‍ പോലും അത് പ്രകടമാവുന്നുണ്ട്. കൊറിയോഗ്രാഫിയും സംഘട്ടന രംഗങ്ങള്‍പോലും പ്രതിപാദിക്കാതെയിരിക്കാനാവില്ല.

തരം തിരിവുകള്‍ക്കുമേലെ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുവാന്‍ കഴിയുന്ന ഒരു ടോട്ടല്‍ ഫിലിമാണ് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്. മനസ്സറിഞ്ഞ് ചിരിക്കുവാനും ചിന്തിക്കുവാനും ചിണുങ്ങുവാനും ഒരു പോലെ പ്രേരണ നല്‍കുന്ന ഒരു ജോഷി സിനിമ.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍