താരങ്ങള്‍ക്കായി ‘ അമ്മ’ എന്ന സംഘടന രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത ഒരു പ്രമുഖ നടന്‍ പിന്നീട് പറഞ്ഞത് ഈ സംഘടന സിനിമയെ നശിപ്പിക്കുകയേ ഉള്ളൂവെന്നാണ്. ഇപ്പോള്‍ നമ്മുടെ കൂടെയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവയ്ക്കുന്ന കാഴ്ചകളാണ് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന എല്ലാ സംഘടനകളില്‍ നിന്നും കാണുന്നത്. കുറെപ്പേര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന ഒരു ആള്‍ക്കൂട്ടം. സിനിമ എന്ന വ്യവസായത്തിന് ഏതെങ്കിലും തരത്തില്‍ ഇവര്‍ ഉപകാരപ്പെടുന്നുണ്ടോ എന്നത് ഉത്തരമില്ലാത്ത ചോദ്യം മാത്രമാണ്.
മലയാള സിനിമയിലെ ഏറ്റവും പ്രബലമായ സംഘടന ഏതാണെന്നു ചോദിച്ചാല്‍ അത് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് അഥവ അമ്മ എന്ന താര സംഘടന തന്നെ. യഥാര്‍ത്ഥത്തില്‍ താരങ്ങളുടെ സംഘടനയുടെ രൂപീകരണ ലക്ഷ്യം എന്തായിരുന്നു? നടീനടന്മാരുടെ യൂണിറ്റി, ഓരോരത്തര്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളും പരാതികളുമെല്ലാം എല്ലാവരുടെയുമാണെന്ന നിലയില്‍ കൂട്ടത്തോടെ നിന്നും പരിഹരിക്കുക, പൊതുവായി നേരിടുന്ന പ്രതിസന്ധികളെ ഒരു കുടക്കീഴില്‍ നിന്നു നേരിടുക എന്നൊക്കെയായിരുന്നിരിക്കണം. അമ്മയുടെ ബൈലോ വായിച്ചിട്ടില്ല, എങ്കിലും പൊതുവായി മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ മറ്റൊരു രൂപത്തിലാണെങ്കിലും സംഘടനയുടെ ലക്ഷ്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ടായിരിക്കണം. എന്നാല്‍ ഇതേ സംഘടന തിലകന്‍, ജഗതി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നടന്മാരോടും പിന്നെ താരപ്പകിട്ടിന്റെ നിറം പുരളാത്ത കലാകാരന്മാരോടുമെല്ലാം പെരുമാറിയത് ഏതുവിധമായിരുന്നു? വിനയന്‍ എന്ന സംവിധായകനെ എതിരിട്ടത് എങ്ങനെയായിരുന്നു? താരങ്ങള്‍ സ്റ്റേജ് ഷോ നടത്തുന്നതിനെതിരേ, ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിരേ എല്ലാം നിര്‍മാതക്കളുടെ സംഘടന രംഗത്തെത്തിയപ്പോള്‍, പണം മുടക്കുന്നവന്റെ ആവശ്യത്തില്‍ നൈതീകത ഉണ്ടായിട്ടും വമ്പുകാണിച്ചു സ്വന്തം താത്പര്യം സംരക്ഷിക്കാനാണു സംഘടനയും അതിന്റെ നേതൃത്വത്തിലുള്ളവരും ശ്രമിച്ചതും വിജയിച്ചതും.
അമ്മയുടെ പിന്നാലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ അഥവ മാക്ട ഉണ്ടായി. താരങ്ങള്‍ക്കെന്നപോലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരു സംഘടന. ഒരു വ്യവസായം എന്ന നിലയില്‍ നിരവധി തൊഴിലാളികള്‍ ജോലി നോക്കുന്ന മേഖല കൂടിയാണ് സിനിമ. താരങ്ങളും സംവിധായകനും മാത്രമല്ലല്ലോ, ലൈറ്റ് ബോയ് മുതലുള്ള പലരുടെയും വിയര്‍പ്പാണല്ലോ ഒരു സിനിമ. കോടികളുടെ പ്രതിഫലവും കാരവാന്‍ സൗകര്യങ്ങളും ലഭിച്ച് മുന്‍നിരക്കാര്‍ സസുഖം വാഴുമ്പോള്‍ ആര്‍ക്ക് ലൈറ്റുകള്‍ ചുമക്കുന്നവന്‍ തൊട്ട് വണ്ടി ഓടിക്കുന്നവന്‍ വരെ ദിവസക്കൂലിക്കു കഷ്ടപ്പെടുകയാണ്. എന്നാല്‍ ഈ പിന്നണിക്കാര്‍ പലപ്പോഴും കൃത്യമായ കൂലി കിട്ടിയോ ആവശ്യത്തിനു വിശ്രമം കിട്ടിയോ ആയിരുന്നില്ല ജോലി നോക്കുന്നത് (ഇപ്പോഴും). അങ്ങനെയുള്ളയിടത്ത് മാക്ട പോലൊരു സംഘടന ആവശ്യമാണെന്നതിനോട് ആര്‍ക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ അതേ സംഘടനയ്ക്ക് പിന്നീട് എന്തു സംഭവിച്ചു?
ഒരാള്‍ ആ സംഘടനയെ ഹൈജാക്ക് ചെയ്ത് തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നൂവെന്ന് ആരോപിച്ച് (ആരോപണത്തില്‍ കാര്യമില്ലാതില്ല താനും) പ്രമുഖരായ കുറച്ചുപേര്‍ ചേര്‍ന്ന് സംഘടന പിളര്‍ത്തി പുതിയതൊന്ന് ഉണ്ടാക്കി- ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള). ഓരോ സംഘടന ഉണ്ടാകുമ്പോള്‍ അതിനൊരു പ്രാരംഭ ലക്ഷ്യം ഉണ്ടായിരിക്കും. എന്നാല്‍ ലക്ഷ്യങ്ങള്‍ വേറെയാണെന്നത് വൈകാതെ തന്നെ തെളിയുകയും ചെയ്യും. ഫെഫ്കയും ആ കാര്യത്തില്‍ വ്യത്യാസമൊന്നും കാണിച്ചില്ല. ഇപ്പോള്‍ മലയാളത്തില്‍ എത്ര സംഘടനകളും ഉപസംഘടനകളുമൊക്കെ ഉണ്ടെന്ന് അറിയില്ല. പക്ഷേ അങ്ങോട്ടുമിങ്ങോട്ടും പടവെട്ടാനും തന്‍പ്രമാണിത്തം കാണിക്കാനുമല്ലാതെ മറ്റൊരു പ്രയോജനവും സിനിമയ്ക്കില്ല എന്നുമാത്രം അറിയാം.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണല്ലോ ഡിസംബര്‍ പകുതി മുതല്‍ തുടങ്ങിയ സിനിമ സമരം. 2016 മലയാള സിനിമയെ സംബന്ധിച്ച് രാശിയുള്ള വര്‍ഷമായിരുന്നു. പുലിമുരുകന്‍ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ എത്തി. തീരെ മോശമില്ലാത്ത സിനിമകളെല്ലാം തന്നെ തീയേറ്ററില്‍ ആളെ കൊണ്ടുവന്നു. സര്‍ക്കാരിന്റെ 14 തീയേറ്ററുകളില്‍ നിന്നുമാത്രം സംസ്ഥാന ഖജനാവിലേക്കു ലാഭം കിട്ടിയത് 4.75 കോടി രൂപ. മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം സ്വകാര്യ തിയേറ്ററുകളും ലാഭം കൊയ്തു. മുന്‍പ് കേട്ടിരുന്നതുപോലെ തിയേറ്ററുകള്‍ നിര്‍ത്തി ഷോപ്പിംഗ് കോംപ്ലക്‌സുകളും കല്യാണ മണ്ഡപങ്ങളും ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം കേട്ടില്ല. പകരം പുതിയ തിയേറ്ററുകള്‍ വന്നതിന്റെ വാര്‍ത്തകളായിരുന്നു പുറത്തു വന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാള സിനിമയുടെ പുഷ്‌കലകാലം തിരിച്ചു വരുന്നുവെന്ന പ്രതീതി. എന്നാല്‍ എല്ലാ സന്തോഷങ്ങളും തകര്‍ത്തുകൊണ്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമരം തുടങ്ങി.
ക്രിസ്തുമസ് അവധിക്കാലത്ത റിലീസ് ചെയ്യാന്‍ കാത്തിരുന്ന വമ്പന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ മലയാള സിനിമ ഏതാണ്ടു പൂര്‍ണമായി തിയേറ്ററുകളില്‍ നിന്നും മാറി നിന്നു. കോടികളുടെ നഷ്ടമാണ് ഇതുമൂലം നിര്‍മാതാക്കള്‍ക്ക് ഉണ്ടായത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വിനോദനികുതിയിനത്തില്‍ നല്ല വരുമാനമാണ് സിനിമയില്‍ നിന്നും കിട്ടുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന് ഒക്‌ടോബര്‍ മാസത്തില്‍ വിനോദനികുതി ഇനത്തില്‍ 11 കോടി ലഭിച്ചിടത്ത് ഡിസംബറില്‍ കിട്ടിയത് വെറും 65.6 ലക്ഷം രൂപപ മാത്രം. പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നതോടെ സംഭവിച്ചത് 35 ശതമാനത്തോളം ഇടിവ്. ഡിമോണിറ്റൈസേഷനു പിന്നാലെ സമരവും കൂടി വന്നതതോടെ എല്ലാ നേട്ടങ്ങളും നിഷ്ഫലമാക്കുന്ന നഷ്ടത്തിലേക്ക് സിനിമ കൂപ്പുകുത്തിയെന്ന് അര്‍ത്ഥം. ഈ നഷ്ടങ്ങള്‍ നേരിട്ട് എല്ലാ സിനിമാക്കാരെയും ബാധിച്ചു എന്നു പറയുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഒന്നരമാസത്തോളം ഒരു സമരം നീണ്ടു പോകുമായിരുന്നോ?
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമരം അവസാനിച്ചത്, നാട്ടുഭാഷയില്‍ പൊളിച്ചത് – ഫെഡറേഷനെ പിളര്‍ത്തി പുതിയൊരു സംഘടന രൂപീകരിച്ചുകൊണ്ടാണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും കുശാഗ്രബുദ്ധിക്കാരനായ ദിലീപ് തന്നെ അതിനു കാര്‍മികത്വം വഹിച്ചു. നടന്‍ മാത്രമല്ല, നിര്‍മാതാവും വിതരണക്കാരനും കൂടിയാണല്ലോ ദിലീപ്. അതുകൊണ്ട് ഈ കാര്യത്തില്‍ അദ്ദേഹത്തിന് ഇടപെടാന്‍ അവകാശമുണ്ട്. തങ്ങളുടെ കൈയില്‍ നിന്നും കാര്യങ്ങള്‍ വഴുതി പോകുന്നുവെന്നു മനസിലാക്കിയ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും സംഘവും സര്‍ക്കാരിന്റെ ഭീഷണിക്കു വഴങ്ങി കൊണ്ട് ഒത്തുതീര്‍പ്പിന്റെ നിലയില്‍ തടികഴച്ചിലാക്കാമെന്നു കരുതി നില്‍ക്കുമ്പോഴാണ് ദിലീപും ആന്റണി പെരുമ്പാവൂരും എല്ലാം കൂടി പുതിയ സംഘടന ഉണ്ടാക്കി ബഷീറിനെയും സംഘത്തെയും പൂട്ടാന്‍ തീരുമാനിച്ചത്. അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു സംഘടന കൂടി ഉണ്ടാകുന്നു.
പകവീട്ടലും പ്രതികാരം ചെയ്യലുമൊക്കെ ആണു സ്ഥിരം സിനിമ ഫോര്‍മുലകള്‍ എന്നതുകൊണ്ടാവാം കാമറയില്ലാത്തപ്പോഴും ഇതൊക്കെ തന്നെയാണു തങ്ങളുടെ ഇഷ്ട വിനോദം എന്നു തെളിയിച്ചിട്ടുള്ളവരാണ് സിനിമാക്കാര്‍. വെട്ടിയും വീണും എത്രയോ പേര്‍. ഇപ്പോഴിതാ അത്തരമൊരു വേട്ടയാടലിനു തങ്ങള്‍ വിധേയരായിരിക്കുകയാണെന്നാണ് ലിബര്‍ട്ടി ബഷീറും ഫെഡറേഷന്റെ മറ്റു ചില ഭാരവാഹികളും പറയുന്നത്. കാരണം, ഇവരുടെയെല്ലാം തിയേറ്ററുകളില്‍ പുതിയ റിലീസിംഗുകളില്ല. പടം കളിക്കാന്‍ കൊടുക്കുന്നില്ല എന്നതു തന്നെ. ഇതിനെതിരായാണ് ബഷീറും കൂട്ടരും ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തെ എഗ്രിമെന്റ് ചെയ്ത തീയേറ്ററുകളില്‍ പോലും സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കാത്തത് പക വീട്ടലിന്റെ ഭാഗം തന്നെയാണെന്നു ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇനിയൊരു തിയേറ്റര്‍ അടച്ചിടല്‍ സമരം ഉണ്ടാകരുതെന്നു പറഞ്ഞയാളാണ് ദിലീപ്. ഇപ്പോള്‍ 25 തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നത് ആരു കാരണമാണെന്ന് ഓര്‍ക്കണമെന്നും ബഷീര്‍ പറയുന്നു.
എന്നാല്‍ തങ്ങള്‍ ആര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സിനിമ ഏതൊക്കെ തീയേറ്ററില്‍ റിലീസ് ചെയ്യണം എന്നു തീരുമാനിക്കുന്നത് നിര്‍മാതാക്കളും വിതരണക്കാരും ആണെന്നുമാണ് പുതിയ സംഘടന ഭാരവാഹികള്‍ പറയുന്നത്. ആ ‘ തീരുമാനം’ തന്നെയാണ് ബഷീറിന്റെയും കൂട്ടരുടെയും ഭാഷയില്‍ പറയുന്ന ഉപരോധം. ആര്‍ക്ക് ആരോടുള്ള പകയുടെ പേരില്‍ ആയാലും 25 തീയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാതെ വരുമ്പോള്‍ അതില്‍ ആര്‍ക്കും നഷ്ടം ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ബാക്കി കിടക്കുന്നു. അങ്ങനെയൊരു നഷ്ടം വന്നാലും സഹിച്ചോളാം എന്നാണ് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നതെങ്കില്‍, പ്രേക്ഷകന് സിനിമ കാണാനുള്ള അവസരം നിഷേധിക്കുന്ന നിലപാടിന് എന്തു ന്യായം പറയും?
ഒരു സംഘടനയും കൂടി ഉണ്ടാകുന്നു എന്നതല്ലാതെ സിനിമയുടെ ഭാവിക്ക് എന്തെങ്കിലും നേട്ടമോ, സംഭവിച്ച നഷ്ടത്തിനു പരിഹാരമോ ഉണ്ടാകുന്നില്ല. കുറെക്കാലം സിനിമയുടെ ഭരണകര്‍ത്താക്കളായി നിന്നവര്‍ക്ക് വീഴ്ചയും പുതിയ ചിലര്‍ക്ക് വാഴ്ചയും ആരംഭിച്ചുവെന്നു മാത്രം.
ലിബര്‍ട്ടി ബഷീര്‍ ഇപ്പോഴും പറയുന്നു, തിയേറ്റര്‍ സമരം ഒരു തെറ്റായിരുന്നൂവെന്ന് ഇപ്പോഴും തോന്നുന്നില്ല എന്ന്. സിനിമകള്‍ പിന്‍വലിച്ചതും റിലീസ് ചെയ്യേണ്ടതില്ല എന്നു തീരുമാനിച്ചതും നിര്‍മാതാക്കളും വിതരണക്കാരുമാണെന്ന്. മാത്രമല്ല ഫെഡറേഷനില്‍ ഉണ്ടായിരുന്നവരെല്ലാം തന്നെ ഇപ്പോഴും സംഘടനയ്‌ക്കൊപ്പം ഉണ്ടെന്നും മുന്‍പു രാജിവച്ചു പോയവരാണ് പുതിയ സംഘടനക്കാര്‍ക്കൊപ്പം ഉള്ളതെന്ന ആത്മവിശ്വാസവും ബഷീറിനുണ്ട്. ബഷീറിന്റെ വാക്കാണോ മറുവശത്ത് ഉള്ളവരുടെ വാക്കാണോ വിശ്വസിക്കേണ്ടതും ന്യായമുള്ളതുമെന്നും സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷേ കാക്കത്തൊള്ളായിരം സംഘടനകളുള്ള ഒരു വ്യവസായം ഒന്നരമാസത്തോളം ശ്വാസം നിലച്ചു കിടന്നിട്ടും എന്താണു പരിഹാരം എന്നു കണ്ടെത്തി സിനിമയ്ക്ക് പുനര്‍ജീവനം നല്‍കാന്‍ കഴിയാതെ പോയത് എന്ന് ഒരു പ്രേക്ഷകര്‍ക്ക് ചോദിക്കാനുള്ള അവകാശമുണ്ട്. ആത്യന്തികമായി ഈ സംഘടനക്കാരും സമരക്കാരും അടങ്ങിയ എല്ലാ സിനിമാക്കാരെയും താങ്ങിനിര്‍ത്തുന്നത് അവരുടെ പോക്കറ്റിലെ പണമാണല്ലോ?
ഫൈനല്‍ കട്ട്: സംവിധായകന്‍ കമലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെഫ്കയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കണമെന്നും അതുവേണ്ട സംയമനത്തോടെ നിന്നാല്‍ മതിയെന്നും രണ്ടുതരം അഭിപ്രായം ഉണ്ടെന്നു കേള്‍ക്കുന്നു. കമലിന് അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉണ്ടെന്നും ആ രാഷ്ട്രീയമല്ല സംഘടനയിലെ എല്ലാവര്‍ക്കും ഉള്ളതെന്നും അതുകൊണ്ട് കമലിനു നിരുപാധിക പിന്തുണ കൊടുത്താല്‍ സംഘടന തന്നെ പിളരാം എന്നും ഫെഫ്കയില്‍ അംഗമായവര്‍ തന്നെ പറയുന്നുണ്ട്. സംഘടന പിളര്‍ന്നു കാണാന്‍ കൊതിച്ചു നില്‍ക്കുന്നവര്‍ ഈ അവസരം മുതലാക്കുമെന്ന ഭയവും അവര്‍ പങ്കുവയക്കുന്നു. എന്തായാലും മലയാള സിനിമ എത്രത്തോളം വളരുമെന്നു പറയാന്‍ കഴിയില്ലെങ്കിലും സിനിമസംഘടനകള്‍ ഇനിയും വളരും പിളരും, അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും….