ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കാൻ 21 ദശലക്ഷം ഡോളർ യുഎസ് അനുവദിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയും നടത്തിയ അവകാശവാദങ്ങൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് 21 ദശലക്ഷം ഡോളർ നൽകിയിട്ടില്ലെന്ന് യുഎസ് എംബസി സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
യുഎസ് സർക്കാർ ഏജൻസിയായ യുഎസ്എയ്ഡ് വഴി ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തുന്നതായി ട്രംപ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന്, വിദേശകാര്യ മന്ത്രാലയം യുഎസ് എംബസിയോട് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ യുഎസ്എയ്ഡ്ൻ്റെ ധനസഹായത്തോടെ ഇന്ത്യയിൽ നടപ്പാക്കിയ എല്ലാ പദ്ധതികളുടെയും വിവരങ്ങൾ അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം യുഎസ് എംബസിയുമായി നടത്തിയ ആശയവിനിമയത്തെ ഉദ്ധരിച്ചാണ് രാജ്യസഭയിൽ മറുപടി നൽകിയത്. ട്രംപിന്റെയും ഡോജിന്റെയും അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഈ സ്ഥിരീകരണം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, വിദേശ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
തുടർന്ന്, യുഎസ് എംബസി നൽകിയ വിശദീകരണത്തിൽ 2014 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് യുഎസ്എയ്ഡ് 21 ദശലക്ഷം ഡോളർ ഫണ്ട് നൽകിയിട്ടില്ലെന്നും, അത്തരം പ്രവർത്തനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും എംബസി അറിയിച്ചു.
ഫെബ്രുവരി 16-നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി ഇന്ത്യയിലെ വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കാൻ അനുവദിച്ച 21 ദശലക്ഷം ഡോളറിൻ്റെ ധനസഹായവും റദ്ദാക്കുന്നതായി വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നത്. ട്രംപ് ഈ ആരോപണം പലതവണ ആവർത്തിച്ചിരുന്നു. അതിനെത്തുടർന്ന് കോൺഗ്രസ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ സ്വാധീനം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് ബിജെപി രംഗത്തു വന്നിരുന്നു. ഈ ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ, വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും അത്തരത്തിൽ ഒരു ഫണ്ടും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതോടെ ഈ വിവാദങ്ങൾ കൂടിയാണ് കെട്ടടങ്ങുന്നത്
വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കാൻ 21 ദശലക്ഷം ഡോളറിൻ്റെ ധനസഹായം ഇന്ത്യയിലേക്കല്ല, മറിച്ച് ബംഗ്ലാദേശിനാണ് നൽകിയത്. 2022 ജൂലൈ മാസത്തിൽ യുഎസ്എയ്ഡ്ൻ്റെ ‘അമർ വോട്ട് അമർ’ (എൻ്റെ വോട്ട് എൻ്റെതാണ്) എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ തുക ബംഗ്ലാദേശിന് നൽകിയത്. ഈ റിപ്പോർട്ട്, ഇന്ത്യയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ സഹായം ലഭിച്ചു എന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
യുഎസ്എയ്ഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായും സർക്കാർ സ്ഥിരീകരിച്ചു. 2022 നും 2024 നും ഇടയിൽ, ടിബറ്റൻ സമൂഹങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ, പുനരുപയോഗ ഊർജ്ജം, എച്ച്ഐവി/എയ്ഡ്സ് പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് യുഎസ്എയ്ഡ് ഇന്ത്യയിൽ ഫണ്ട് ചെയ്തിരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിലും ഇവർ പണം മുടക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
content summary: Citing the U.S. Embassy, the government confirms there is no 21 million dollar USAID election grant in India.