June 04, 2026 |
Share on

ക്ലാസ്മുറികളിൽ അടിസ്ഥാന സൗകര്യങ്ങളില്ല; ചുമരുകളിൽ ചാണകം പുരട്ടി കോളേജ് പ്രിൻസിപ്പൽ

നടപടി ​ഗവേഷണത്തിന്റെ ഭാ​ഗമെന്ന് വിശദീകരണം

വേനൽക്കാലത്തെ ചൂടിനെ നേരിടാൻ ക്ലാസ്മുറികളുടെ ചുമരുകളിൽ ചാണകം പുരട്ടി കോളേജ് പ്രിൻസിപ്പൽ. ഡൽഹി സർവകലാശാലയിലെ ലക്ഷ്മിഭായ് കോളേജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയാണ് ​ഗവേഷണത്തിൻ്റെ ഭാ​ഗമായി ക്ലാസ്മുറികളുടെ ചുമരുകളിൽ ചാണകം തേച്ചത്.

പ്രിൻസിപ്പൽ കസേരയിൽ കയറി നിന്ന് ചുമരുകളിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രിൻസിപ്പൽ തന്നെയാണ് കോളേജിലെ ഫാക്കൽറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കുവെച്ചത്.

സി ബ്ലോക്കിലെ ചൂടിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് പരമ്പരാ​ഗതമായ രീതികൾ സ്വീകരിക്കുന്നുണ്ട്. ഇവിടെ ക്ലാസുകൾ നടത്തുന്നവർക്ക് ഉടൻ തന്നെ ഈ മുറികൾ പുതിയ രൂപത്തിൽ ലഭിക്കും. നിങ്ങളുടെ അധ്യാപന അനുഭവം കൂടുതൽ സുഖകരമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്, പ്രിൻസിപ്പൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതി.

പരമ്പരാഗത ഇന്ത്യൻ അറിവ് ഉപയോഗിച്ചുകൊണ്ടുള്ള താപ സമ്മർദ്ദ നിയന്ത്രണത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമാണിതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ​ഗ്രാമീണ മേഖലയിലെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കുന്നതിനായി ചാണകം ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ പ്രയോഗത്തെക്കുറിച്ച് നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ ജിജ്ഞാസ ഉയർന്നിരുന്നു.
ക്ലാസ് മുറിയിൽ ഫാൻ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും ചൂടിനെ മറികടക്കാൻ പ്രകൃതിദത്തമായ പരിഹാരമാണ് പ്രിൻസിപ്പൽ
കണ്ടെത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം,ഫാക്കൽറ്റിയിലെ ഒരു വിഭാഗം ഈ നീക്കത്തെ വിമർശിച്ചു.

കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ഒരു ക്ലാസ് മുറി പഴയതായതിനാൽ അവിടത്തെ അവ​ഗണിക്കുകയല്ല വേണ്ടതെന്നും അക്കാദമിക് കൗൺസിൽ (എസി) അംഗവും കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ നീലം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൗൺസിലിൽ പാസാക്കാതെ ക്ലാസ് മുറികളിൽ എങ്ങനെ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും നീലം ആരോപിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശുചിമുറികൾ വൃത്തിഹീനമാണ്. ക്ലാസ് മുറിയിലെ ജനൽച്ചില്ലുകൾ തകർന്നിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് നമുക്ക് പ്രായോഗിക പരിഹാരങ്ങളാണ് വേണ്ടത് – ചുവരുകളിൽ ചാണകം പുരട്ടലല്ല, അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരാഴ്ചയായി താപനില ഉയരുന്നതിനെക്കുറിച്ചും ഫാൻ തകരാറുകളെക്കുറിച്ചും നിരവധി പരാതികൾ ലഭിക്കുകയാണെന്നും ചാണകം പുരട്ടിയ ശേഷം ക്ലാസ് മുറി എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ വിദ്യാർത്ഥികളോട് സംസാരിക്കുമെന്നും കോളേജിലെ വിദ്യാർത്ഥി യൂണിയനിൽ അംഗമായ വിദ്യാർത്ഥി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം സമീപനങ്ങൾ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നതിനു പകരം പിന്നിലേക്കാണ് കൊണ്ടുപോകുന്നത്. പ്രായോഗിക പരിഹാരങ്ങൾ ഉപയോഗിച്ച് ക്യാമ്പസിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, ശിലായുഗത്തിലെ പ്രവർത്തനങ്ങളിലേക്കാണ് നാം തിരിയുന്നത്.ലദേശീയ വിദ്യാഭ്യാസ നയത്തിന്റെ നാലാം വർഷത്തിലേക്ക് നാം കടക്കാൻ പോകുകയാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ എങ്ങനെ ഉൾക്കൊള്ളാൻ പോകുമെന്നതിന് ഇപ്പോഴും വ്യക്തമായ പരിഹാരങ്ങളൊന്നുമില്ല, ഇന്ത്യൻ നാഷണൽ ടീച്ചേഴ്‌സ് കോൺഗ്രസ് ചെയർമാൻ പ്രൊഫ. പങ്കജ് ഗാർഗ് പറഞ്ഞു.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള നിരവധി കോളേജുകൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Summary: Classrooms lack basic facilities, walls are smeared with cow dung by Delhi University’s Lakshmibai College Principal

Leave a Reply

Your email address will not be published. Required fields are marked *

×