June 23, 2026 |
Share on

ചുട്ടുപൊള്ളിച്ച് ‘ഉഷ്‌ണതരംഗം’, യൂറോപ്യന്‍ രാജ്യങ്ങളിലെ മരണനിരക്കിൽ മൂന്നിരട്ടി വർധന

12 നഗരങ്ങളിലായി 2,300 മരണങ്ങൾക്ക് കാരണം ഉഷ്ണതരംഗം

ജൂൺ അവസാനത്തോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളെ വിഴുങ്ങിയ കടുത്ത ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം മൂന്നിരട്ടി വർധിച്ചതായി റിപ്പോർട്ട്. യൂറോപ്പിലെ ചില പ്രധാന നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം മൂലം വഷളാകുന്ന ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. ജൂൺ 23 നും ജൂലൈ 2 നും ഇടയിൽ യൂറോപ്പിലുടനീളം താപനില കുതിച്ച് ഉയർന്നതിനെ തുടർന്ന് 12 പ്രധാന നഗരങ്ങളിലായി 2,300 പേർ മരിച്ചുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഉഷ്ണതരംഗം മൂലമാണ് 1,500 മരണങ്ങളും ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ അമിത ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം (heatwave) എന്ന് പറയുന്നത്. വടക്കൻ ഇറ്റലി നഗരമായ മിലാനിൽ ആണ് ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ളത്. 499 മരണങ്ങളിൽ 317 എണ്ണവും കാലാവസ്ഥാ വ്യതിയാനം മൂലമാണ്. തൊട്ടുപിന്നാലെ പാരീസും ബാഴ്‌സലോണയും. ലണ്ടനിൽ 273 മരണങ്ങൾ ഉണ്ടായി, അതിൽ 171 എണ്ണവും ഉഷ്ണതരംഗത്തെ തുടർന്നാണ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു ഈ കഴിഞ്ഞത്. ഇറ്റലിയിലെ 27 പ്രധാന നഗരങ്ങളില്‍ 17 ഇടത്തും ഉഷ്ണതരംഗം ബാധിച്ചിട്ടുണ്ട്. ഫ്രാൻസ്, ബെല്‍ജിയം, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളിലും പതിവിലുമധികം ചൂടാണ് അനുഭവപ്പെടുന്നത്.

“ഉഷ്ണതരംഗങ്ങൾ നിശബ്ദ കൊലയാളികൾ എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പഠനം തെളിയിക്കുന്നു,” ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിനിലെ എപ്പിഡെമിയോളജിസ്റ്റും പഠനത്തിന്റെ സഹ രചയിതാവുമായ മാൽക്കം മിസ്ട്രി പറഞ്ഞു. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വർദ്ധിച്ചുവരുന്ന താപനിലയുടെ ഫലമായി മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പ് നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് പ്രായമായവരിലാണെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മരണങ്ങളിൽ 88% വും 65 വയസ്സിനു മുകളിലുള്ളവരിലാണ്. വീടുകളിലും ആശുപത്രികളിലും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയുമാണ് ഇവയിൽ ഭൂരിഭാഗവും മരണങ്ങൾ സംഭവിക്കുന്നത്.

Historic heat wave hits Europe – DW – 07/02/2025

“തീപിടുത്തങ്ങളോ കൊടുങ്കാറ്റുകളോ പോലെ ഉഷ്ണതരംഗങ്ങൾ നാശനഷ്ടങ്ങളുടെ കൃത്യമായ രേഖകൾ അവശേഷിപ്പിക്കില്ല,” ലണ്ടനിലെ ഇംപീരിയൽ കോളേജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും പഠനത്തിന്റെ സഹ രചയിതാവുമായ ബെൻ ക്ലാർക്ക് പറയുന്നു. പാരീസ്, ലണ്ടൻ, മാഡ്രിഡ്, റോം തുടങ്ങിയ നഗരങ്ങളിലെ 10 ദിവസത്തെ കാലയളവിൽ ചൂടുമായി ബന്ധപ്പെട്ട മരണനിരക്ക് കണക്കാക്കാൻ ശാസ്ത്രജ്ഞർ എപ്പിഡെമിയോളജിക്കൽ മോഡലുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനമില്ലാത്ത ഒരു സാങ്കൽപ്പിക സാഹചര്യവുമായി, യഥാർത്ഥ മരണസംഖ്യകളെ താരതമ്യം ചെയ്തുകൊണ്ട്, ആഗോളതാപനത്തിന്റെ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഉണ്ടാകുന്ന സ്വാധീനമാണ് ഇതിലൂടെ ഗവേഷകർ വിലയിരുത്തുന്നത്.

2019 വരെയുള്ള പ്രാദേശിക മരണനിരക്ക് ഡാറ്റയിൽ നിന്നാണ് താപനിലയും മരണവും തമ്മിലുള്ള ബന്ധം ഉരുത്തിരിഞ്ഞതെന്നും അതിനാൽ കാലക്രമേണ ഓരോ നഗരത്തിലെയും ആളുകൾ ഉയർന്ന താപനിലയുമായി എങ്ങനെ പൊരുത്തപ്പെട്ടു എന്നതിനെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ വ്യതിയാനം ചില നഗരങ്ങളിലെ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയതായും 1,500 പേരുടെ മരണത്തിന് ഇത് കാരണമായതായും ഗവേഷകർ പറയുന്നു. 2024-ൽ സ്പെയിനിൽ 224 പേരുടെ മരണത്തിന് കാരണമായ വെള്ളപ്പൊക്കം, 2021-ൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിലുടനീളം 243 പേരുടെ മരണത്തിന് കാരണമായ വെള്ളപ്പൊക്കം, ഫോസിൽ ഇന്ധന മലിനീകരണം മൂലം വഷളായ മറ്റ് കാലാവസ്ഥാ ദുരന്തങ്ങളെ അപേക്ഷിച്ച് ഉഷ്ണതരംഗത്തെ തുടർന്നുള്ള മരണസംഖ്യ കൂടുതലാണെന്ന് പഠനം കണ്ടെത്തി.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി യൂറോപ്പിൽ ശരാശരി 44,000 പേർ ചൂട് മൂലം മരിക്കുന്നുണ്ടെന്ന് മുൻ പഠനങ്ങൾ പറയുന്നു. വെറും 12 നഗരങ്ങളിൽ മാത്രം 2,300 പേരുടെ മരണസംഖ്യ ഒറ്റ ഉഷ്ണതരംഗത്തിൽ നിന്ന് ഈ വേനൽക്കാലം പ്രത്യേകിച്ച് അപകടകരമാക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം ആഗോളതലത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ചൂടേറിയ ജൂണാണിതെന്നും പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ സമുദ്ര ഉഷ്ണതരംഗം അസാധാരണമാം വിധം വർധിച്ചതായും യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ സേവനമായ കോപ്പർനിക്കസ് പറഞ്ഞു.

content summary: climate breakdown tripled death toll in Europe’s June heatwave

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×