മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ യുക്രെയ്‌നുള്ള സാമ്പത്തിക സഹായമായി ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍(ഇ.യു) നേതാക്കള്‍ വ്യാഴാഴ്ച തീരുമാനമെടുക്കും. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിര്‍ണായകമായ നിമിഷമാണ്.
എന്താണ് ഈ പദ്ധതി?
റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 210 ബില്യണ്‍ യൂറോയുടെ(ഏകദേശം 18.9 ലക്ഷം കോടി രൂപ) ആസ്തികള്‍ യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബ്രസ്സല്‍സിലെ ‘യൂറോക്ലിയര്‍’ എന്ന സ്ഥാപനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തിന്റെ നാലാം വാര്‍ഷികം അടുക്കുമ്പോള്‍, ഈ പണം ഉപയോഗിച്ച് യുക്രെയ്‌ന് വായ്പ നല്‍കാനാണ് ഇ.യു ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം, യൂറോക്ലിയറില്‍ നിന്ന് പണം കടമെടുത്ത് യുക്രെയ്‌ന് 90 ബില്യണ്‍ യൂറോ(8.1 ലക്ഷം കോടി) പ്രാഥമിക വായ്പയായി നല്‍കും. ഇത് 2026, 2027 വര്‍ഷങ്ങളില്‍ യുക്രെയ്‌ന് ആവശ്യമായ തുകയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്. ബാക്കി തുക മറ്റ് സഖ്യകക്ഷികള്‍ നല്‍കുമെന്ന് ഇ.യു പ്രതീക്ഷിക്കുന്നു.
യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌ന്റെ പുനര്‍നിര്‍മ്മാണത്തിനായി റഷ്യ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിക്കുമ്പോള്‍ മാത്രമേ യുക്രെയ്ന്‍ ഈ തുക ഇ.യുവിന് തിരിച്ചുനല്‍കേണ്ടതുള്ളൂ. തുടര്‍ന്ന് ഇ.യു ആ തുക യൂറോക്ലിയറിന് നല്‍കും. ഈ പ്രക്രിയയിലുടനീളം ആസ്തികളുടെ നിയമപരമായ ഉടമസ്ഥാവകാശം റഷ്യയ്ക്ക് തന്നെയായിരിക്കും.
എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം?
യൂറോസോണിന്റെ(യൂറോ നാണയമായി ഉപയോഗിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ 20 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖല) സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ഭയത്താല്‍ ആസ്തികള്‍ തൊടാന്‍ ജര്‍മ്മനിയും ഫ്രാന്‍സും മടിച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ജര്‍മ്മനിയുടെ പുതിയ ചാന്‍സലറായെത്തിയ ഫ്രീഡ്രിക്ക് മെര്‍സ് ഈ പദ്ധതിയെ പിന്തുണച്ചതോടെ സാഹചര്യങ്ങള്‍ മാറി. റഷ്യയുടെ സാമ്രാജ്യത്വ മോഹങ്ങളാണ് യൂറോപ്പിന് വലിയ സാമ്പത്തിക ഭീഷണിയെന്ന് ജര്‍മ്മനി ഇപ്പോള്‍ കരുതുന്നു.
കൂടാതെ, ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ സൈനിക സഹായം നിര്‍ത്തലാക്കിയതും യുക്രെയ്‌ന്റെ സാമ്പത്തിക പ്രതിസന്ധിയും യൂറോപ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. 2026-ഓടെ യുക്രെയ്ന്‍ പാപ്പരാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുംവന്നതോടെ ഈ പണം കണ്ടെത്തുക എന്നത് അത്യാവശ്യമായി മാറുകയായിരുന്നു.
റഷ്യയുടെ പ്രതികരണം
തങ്ങളുടെ ആസ്തികള്‍ വായ്പയ്ക്കായി ഉപയോഗിക്കുന്നത് ‘മോഷണം’ ആണെന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തിയത്. ഇതിന് പകരമായി പാശ്ചാത്യ രാജ്യങ്ങളുടെ സ്വകാര്യ-സര്‍ക്കാര്‍ ആസ്തികള്‍ റഷ്യയില്‍ പിടിച്ചെടുക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ യൂറോക്ലിയറിനെതിരെ റഷ്യന്‍ ബാങ്ക് വലിയ തോതിലുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബെല്‍ജിയത്തിന്റെ എതിര്‍പ്പ്
ഭൂരിഭാഗം ആസ്തികളും സൂക്ഷിച്ചിരിക്കുന്ന ബെല്‍ജിയം ഈ നീക്കത്തെ എതിര്‍ക്കുന്നു. റഷ്യന്‍ കോടതികള്‍ യൂറോക്ലിയറിനെതിരെ വിധി പുറപ്പെടുവിച്ചാല്‍, ഖസാക്കിസ്ഥാന്‍ അല്ലെങ്കില്‍ ചൈന പോലുള്ള രാജ്യങ്ങള്‍ വഴി ബെല്‍ജിയത്തിന്റെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. മറ്റ് ഇ.യു രാജ്യങ്ങള്‍ ഇതിന് പൂര്‍ണമായ ഗ്യാരണ്ടി നല്‍കണമെന്നാണ് ബെല്‍ജിയത്തിന്റെ ആവശ്യം.
മറ്റ് വഴികള്‍
ഇ.യു ബജറ്റിലെ ബാക്കി തുക ഉപയോഗിച്ച് വായ്പ നല്‍കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ ഇതിന് എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതം വേണം. ഹംഗറി ഇതിനെ എതിര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ വഴി പ്രായോഗികമല്ല. എന്നാല്‍ ആസ്തികള്‍ ഉപയോഗിച്ചുള്ള വായ്പയ്ക്ക് ഭൂരിപക്ഷം വോട്ട് മതിയാകും.
ധാരണയിലെത്തിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയന്റെ വിശ്വാസ്യത തകരും. യൂറോപ്പ് ഒറ്റക്കെട്ടല്ല എന്ന സന്ദേശം ഇത് ലോകത്തിന് നല്‍കുമെന്നും, ഭാവിയില്‍ സമാധാന ചര്‍ച്ചകളില്‍ യൂറോപ്പിന്റെ സ്വാധീനം കുറയുമെന്നും ചാന്‍സലര്‍ മെര്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
ധാരണയിലെത്തിയാലും, ഇത് നിയമമാക്കുന്നതിനും യുകെയ്‌ന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള വന്‍തുക കണ്ടെത്തുന്നതിനും ഇനിയും കടമ്പകള്‍ ഏറെയാണ്.
Content Summary; Financial assistance to Ukraine using Russia’s immobilised assets; What will be the European Union’s decision? Russia-Ukraine war
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.