July 16, 2026 |
Share on

ടെഹ്‌റാനെ ശിക്ഷിക്കാന്‍ യുഎഇ; ഇറാന്റെ ആസ്തികള്‍ മരവിപ്പിക്കും

ഇറാന്‍ യുഎഇയ്‌ക്കെതിരേ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് തിരിച്ചുള്ള പ്രതികാരം

തങ്ങളുടെ രാജ്യത്തുള്ള ഇറാന്റെ ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള സ്വത്ത് മരവിപ്പിക്കാന്‍ യുഎഇ ഭരണകൂടം ആലോചിക്കുന്നതായി ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലൊന്ന് ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും. യുഎഇ ലക്ഷ്യമാക്കി ഇറാന്‍ ആയിരത്തിലധികം ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട പശ്ചാത്തലത്തിലാണ് പ്രതികാര നടപടിയെക്കുറിച്ച് യുഎഇ ആലോചിക്കുന്നത്. ഈ നീക്കം നടപ്പിലായാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍ക്കുന്നതിനും ആഗോള വ്യാപാര ശൃംഖലകള്‍ ഉപയോഗിക്കുന്നതിനും ഇറാന് വലിയ തടസ്സങ്ങള്‍ നേരിടേണ്ടി വരും.

വര്‍ഷങ്ങളായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ മറികടക്കാന്‍ ഇറാനിയന്‍ ബിസിനസുകളും വ്യക്തികളും പ്രധാന സാമ്പത്തിക കേന്ദ്രമായി ഉപയോഗിക്കുന്നത് യുഎഇയെയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇറാന്‍ തങ്ങളുടെ ആയുധ പദ്ധതികള്‍ക്കും പ്രാദേശിക സായുധ സംഘങ്ങള്‍ക്കും ഫണ്ട് നല്‍കുന്നതെന്ന് യുഎസ് ട്രഷറി ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ ഈ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയുമായുള്ള ഇറാന്റെ ബന്ധത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇറാന്റെ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വിവിധ നടപടികളാണ് യുഎഇ പരിഗണിക്കുന്നത്. വ്യാപാര ഇടപാടുകള്‍ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന ഷാഡോ കമ്പനികളുടെ ആസ്തികള്‍ മരവിപ്പിക്കുക, ബാങ്കിംഗ് ഇതര ചാനലുകളിലൂടെ പണം കൈമാറുന്ന പ്രാദേശിക കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, ഇറാന്റെ പ്രതിരോധ-സുരക്ഷാ മേഖലകളെ നിയന്ത്രിക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐആര്‍ജിസി) ബന്ധപ്പെട്ട അക്കൗണ്ടുകളെയാകും ഈ നീക്കം പ്രധാനമായും ലക്ഷ്യം വെക്കുക. ഇതിനുപുറമെ, യുഎഇ തുറമുഖങ്ങള്‍ വഴിയും ഷിപ്പിംഗ് പാതകള്‍ വഴിയും പ്രവര്‍ത്തിക്കുന്ന ഇറാന്റെ രഹസ്യ എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നേരിട്ടുള്ള നടപടികളും അധികൃതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പരമ്പരാഗതമായി അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും ഇറാനുമായുള്ള സാമീപ്യവും തമ്മില്‍ ബാലന്‍സ് ചെയ്തു പോകുന്ന യുഎഇയുടെ നയത്തില്‍ നിന്നുള്ള വലിയൊരു മാറ്റമായിരിക്കും ഈ ആസ്തി മരവിപ്പിക്കല്‍. ഇതുവരെ തങ്ങളുടെ സാമ്പത്തിക മേഖലയെ അയല്‍രാജ്യത്തിനെതിരെയുള്ള ആയുധമായി യുഎഇ ഉപയോഗിച്ചിരുന്നില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യന്‍ നിക്ഷേപങ്ങളെയും വ്യാപാരികളെയും സ്വാഗതം ചെയ്ത യുഎഇ, പണമിടപാടുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് നേരത്തെ തന്നെ സമ്മര്‍ദ്ദം നേരിട്ടിരുന്നു.

എന്നാല്‍, നിലവിലെ സംഘര്‍ഷം യുഎഇയുടെ സുരക്ഷിത താവളം എന്ന ഖ്യാതിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങള്‍ ദുബായ് വിമാനത്താവളത്തിനും ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഭാഗികമായി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ആസ്തികള്‍ മരവിപ്പിക്കുന്നത് ഇറാന്റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ക്കും ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയിലേക്കും നയിക്കുമോ എന്ന ആശങ്കയും യുഎഇ ഉദ്യോഗസ്ഥര്‍ക്കുണ്ട്. കൂടാതെ, ഇത് റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളെ ബാധിക്കുമോ എന്നും അവര്‍ ഭയപ്പെടുന്നു.

യുഎഇയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇറാനിയന്‍ പൗരന്മാരുടെയും കമ്പനികളുടെയും എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പകരം, ഐആര്‍ജിസിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയായിരിക്കും ഉണ്ടാവുക. 2024-ല്‍ അമേരിക്കന്‍ ബാങ്കുകള്‍ വഴി നടന്ന 9 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ഇടപാടുകളില്‍ 62 ശതമാനവും ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനികളിലേക്കാണ് എത്തിയതെന്ന് യുഎസ് ട്രഷറി വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിഗൂഢമായ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനാണ് യുഎഇ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Content Summary: The UAE government is planning to freeze billions of dollars of Iranian assets held in their country

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×