June 23, 2026 |
സുമ സണ്ണി
സുമ സണ്ണി
Share on

കാലാവസ്ഥ വ്യതിയാനവും പെരുകുന്ന പണപ്പെരുപ്പവും

കാലാവസ്ഥ വ്യതിയാനം മൂലം ഭക്ഷ്യവിലകളില്‍ .67 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രവചനം

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള യുഎസ് ഗവണ്‍മെന്റിന്റെ ഗവേഷണത്തിനുള്ള കേന്ദ്രമായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ വെബ്സൈറ്റ് തിങ്കളാഴ്ച ട്രംപ് ഭരണകൂടം അടച്ചുപൂട്ടി. ആഗോളതാപനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളോട് പ്രതികരിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ഈ നടപടി തടസ്സപ്പെടുത്തുമെന്ന് പറഞ്ഞ് ശാസ്ത്രജ്ഞന്മാര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

യുഎസ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് പ്രോഗ്രാം (USGCRP) ഹോസ്റ്റ് ചെയ്യുന്ന globalchange.gov എന്ന വെബ്സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ വിലയിരുത്തലിന്റെ (NCA) അഞ്ച് പതിപ്പുകളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളിലേക്കും ഡാറ്റ, മാപ്പുകള്‍, വിദ്യാഭ്യാസ വീഡിയോകള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ പൊതുജനങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയിലേക്കും ഈ സൈറ്റ് മുന്‍പ് സൗജന്യ ആക്സസ് നല്‍കിയിരുന്നു.

കാലാവസ്ഥ വ്യതിയാനം എന്നൊരു കാര്യം ഇല്ല എന്നാണ് ട്രംപിന്റെ നിലപാട്. അതുകൊണ്ടാണ് ഈ മേഖലയിലെ ഗവേഷണത്തിനും മറ്റും ഫണ്ട് ചെലവാക്കുന്നതിനോട് ട്രംപ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാലാവസ്ഥാ വ്യതിയാനം അമേരിക്കയെ സാരമായി ബാധിക്കുന്നുന്നുണ്ട്. താപനിലയിലെ വര്‍ദ്ധനവ്, മഴയുടെ രീതികളിലെ മാറ്റങ്ങള്‍, ഉഷ്ണതരംഗങ്ങള്‍, പെട്ടെന്നുള്ള കനത്ത മഴ തുടങ്ങിയ സംഭവങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചിട്ടും ഈ ഒരു കാര്യം അംഗീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് തയ്യാറല്ല. ഈ മാറ്റങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ആണ് പ്രവചനങ്ങള്‍.

കാലാവസ്ഥ മാറ്റം ജീവനും, സ്വത്തിനും ഭീഷിണി ഉണ്ടാക്കുന്നതിലുപരി പണപ്പെരുപ്പം സൃഷ്ടിക്കുന്നുണ്ടോ? നാളുകളായി കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, പണപ്പെരുപ്പം എങ്ങനെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടേ? അമേരിക്കയിലും യൂറോപ്പിലും മാത്രമാണോ ഇത് പ്രശ്‌നമുണ്ടാക്കുന്നത്?

കാര്‍ഷിക ഉത്പന്ന വില

കാലാവസ്ഥ വ്യതിയാനം വിളവ്, വിതരണം, ആവശ്യകത എന്നിവയെ സ്വാധീനിച്ചുകൊണ്ട് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയെ സാരമായി ബാധിക്കുന്നുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ കടുത്ത കാലാവസ്ഥാ സംഭവങ്ങള്‍ ക്ഷാമത്തിനും വില വര്‍ദ്ധനവിനും കാരണമാകും. അതേസമയം, ദീര്‍ഘകാല കാലാവസ്ഥാ വ്യതിയാനങ്ങള്‍ സീസണുകളെ മാറ്റുകയും കാര്‍ഷിക രീതികളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഇതും വിലകളെ ബാധിക്കുന്ന കാര്യമാണ്.

ജലലഭ്യത കുറയുന്നത് വിളകളുടെ വിളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ഇത് ഗോതമ്പ്, ചോളം, സോയാബീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നു. ഉദാഹരണത്തിന്, ബ്രസീലിലെ വരള്‍ച്ച കാപ്പിയുടെയും സോയാബീന്റെയും വിലകളെ ബാധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ കാപ്പിത്തോട്ടങ്ങളെ കഴിഞ്ഞ വര്‍ഷം കനത്ത മഴ ബാധിച്ചതിനാല്‍ കാപ്പി ഉല്‍പ്പാദനത്തില്‍ കുറവ് ഉണ്ടായിരുന്നു.

ശക്തമായ കാറ്റും ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും വിളകളെ നശിപ്പിക്കുകയും വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനത്തെ ബാധിക്കുകയും വിളവിനെ ബാധിക്കുകയും കീടനാശിനികളുടെയും മറ്റ് ചികിത്സകളുടെയും ആവശ്യകത വര്‍ദ്ധിപ്പിക്കുകയും, വിലകളെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

കൊക്കോയുടെ പ്രധാന ഉത്പാദകരായ പശ്ചിമാഫ്രിക്കയിലെ വരണ്ട കാലാവസ്ഥയാണ് വിലയില്‍ റെക്കോര്‍ഡ് വര്‍ധനവിന് കാരണമായത്. കാലാവസ്ഥാ വ്യതിയാനം ഒലിവ് ഓയില്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയ വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയെ ബാധിക്കുന്നു.

Impacts of climate change

climate change and rising of inflation
Table source: https://ccafs.cgiar.org

യൂറോപ്പിലെ ഒലിവ് ഓയില്‍ ഉല്‍പാദനത്തെയും വിലയെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയും തീവ്രമായ താപനിലയും വിളവ് കുറയുന്നതിനും ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ചില രാജ്യങ്ങളില്‍ വര്‍ഷംതോറും 50% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വില വര്‍ദ്ധനവ് ആണ് അനുഭവപ്പെടുന്നത്.

അറുപതോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ട്രോപിക്കാനയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ കമ്പനി പാപ്പരാകുമെന്ന വാര്‍ത്ത കേട്ട് മറന്നിട്ട് അധികമായില്ല.

ഓറഞ്ച് ജ്യൂസിന് പേരുകേട്ട ഈ കമ്പനി, ഓറഞ്ച് കൃഷിയിലുണ്ടായ പ്രതിസന്ധി മൂലം ഒന്നിലധികം മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്നു. ട്രോപ്പിക്കാന ബ്രാന്‍ഡ് ഗ്രൂപ്പിന്റെ വില്‍പ്പനയും ലാഭവും കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ കുത്തനെ ഇടിഞ്ഞു എന്ന് കണക്കുകള്‍ കാണിക്കുന്നു.

കൂടിയ വില, മത്സരം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകള്‍ എന്നിവയാണ് ട്രോപ്പിക്കാനയെ ബാധിച്ചത്. ഫ്‌ലോറിഡയിലെ ചുഴലിക്കാറ്റ് പോലുള്ള കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദുരന്തങ്ങള്‍ കാരണം ഓറഞ്ച് കൃഷിയില്‍ അമേരിക്കയില്‍ കമ്പനി വിതരണക്ഷാമം നേരിടുന്നുണ്ട്. 70 ശതമാനത്തോളം കൃഷി സ്ഥലമാണ് കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചിരിക്കുന്നത്.

കര്‍ഷകന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നു

കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതിലൂടെ സാധാരണ കര്‍ഷകന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മാസങ്ങളോളം, അല്ലെങ്കില്‍ വര്‍ഷങ്ങളോളം വളര്‍ത്തിയശേഷം, വിളവെടുപ്പ് സമയമടുക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ വരുന്നതോ,വരള്‍ച്ച വരുന്നതോ അല്ലെങ്കില്‍ കാലം തെറ്റിയ മഴ വരുന്നതോ ഉല്‍പ്പാദനം കുത്തനെ ഇടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കര്‍ഷകരെ വിവിധ രീതിയിലാണ് ബാധിക്കുന്നത്. വിളവ് കുറയല്‍, മണ്ണിന്റെ വളക്കൂറ് നഷ്ടമാകുന്നത്, പരമ്പരാഗത കൃഷിരീതികളിലെ തടസ്സങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലം രൂക്ഷമാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കന്നുകാലികള്‍ക്കും വിള ഉല്‍പാദനത്തിനും നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.

ഉയര്‍ന്ന താപനിലയും മഴയുടെ രീതികളിലെ മാറ്റങ്ങളും വിളകളുടെ വളര്‍ച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില വിളകള്‍ മറ്റുള്ളവയേക്കാള്‍ പെട്ടെന്ന് നശിക്കാനും ഇത് കാരണമാകുന്നു. വര്‍ദ്ധിച്ചുവരുന്ന മഴയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഇന്ത്യയില്‍ കൂടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നിലവിലുള്ള മണ്ണിന്റെ നശീകരണ പ്രശ്നങ്ങളായ ലവണാംശം, പോഷകങ്ങളുടെ കുറവ് എന്നിവ വര്‍ദ്ധിപ്പിക്കും. ജലസേചനം, കീടനിയന്ത്രണം, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മറ്റ് നടപടികള്‍ എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം.

ഇന്ത്യയിലെ ദരിദ്ര കര്‍ഷകരെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) സമീപകാല റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
”അന്യായമായ കാലാവസ്ഥ: ഗ്രാമീണ ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അളക്കല്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട്, ചൂടിന്റെ സമ്മര്‍ദ്ദം, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയവ കാരണം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കാര്‍ഷിക സമൂഹങ്ങള്‍ നേരിടുന്ന ദുര്‍ബലതകളെ വെളിപ്പെടുത്തുന്നു. സാധാരണ കര്‍ഷകര്‍ക്ക് പലപ്പോഴും കാലാവസ്ഥാ വ്യതിയാനം എന്നൊരു കാര്യം ഉണ്ടെന്ന് ബോധ്യപ്പെടാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. അത്തരമൊരു കാര്യം ഉണ്ടെന്ന് മനസ്സിലായാല്‍ ഇതിനെ നേരിടാന്‍ ഒരുക്കുന്നതിന് എളുപ്പമായിരിക്കും. ചെറുകിട കര്‍ഷകര്‍ക്ക് പലപ്പോഴും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം വിളനാശം ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാനല്ലാതെ ഒന്നും ചെയ്യാന്‍ ആകുന്നില്ല. ചെറുകിട കര്‍ഷകരെ മാത്രമേ ഇത് ബാധിക്കുന്നുള്ളൂ എന്നതാണ് ഇതിലെ ശ്രദ്ധേയമായ ഒരു കാര്യം. വന്‍കിട കാര്‍ഷിക കമ്പനികള്‍ക്ക് കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പേ തന്നെ ലഭിക്കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. അതുകൊണ്ട് അതിനെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്കാകുന്നു. വന്‍ വിതരണ ശൃഖലകള്‍ ഉള്ള കുത്തക കൃഷി കമ്പനികള്‍ക്ക് വിളവ് സൂക്ഷിക്കാനും, പെട്ടെന്ന് വിപണികളിലേക്ക് എത്തിക്കാനും സംവിധാനമുള്ളതിനാല്‍ നഷ്ടം വരുന്നില്ല.

പണപ്പെരുപ്പം കാലാവസ്ഥ മാറ്റത്തിലൂടെ

കൊക്കോ, കാപ്പി, അരി, ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയുടെ എല്ലാം വിലകള്‍ നമ്മുടെ നാട്ടിലും പല മാസങ്ങളിലും കുതിച്ചുയരുന്നതിനു കാരണം കാലംതെറ്റി വന്ന മഴയോ, വെള്ളപ്പൊക്കമോ വരള്‍ച്ചയെ ആണ്. അമിതമായ ചൂട് വിളകളെ സമ്മര്‍ദ്ദത്തിലാക്കുകയും വിളവ് കുറയ്ക്കുകയും കന്നുകാലികളെ ബാധിക്കുകയും അതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിലയെ ബാധിക്കുകയും ചെയ്യും.

കാര്‍ഷിക ഉത്പന്നങ്ങളുടെ വില സ്ഥിരതയെ ആണ് കാലാവസ്ഥാ മാറ്റം ബാധിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഉയരുന്നത് പണപ്പെരുപ്പം കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. ദരിദ്ര രാജ്യങ്ങളെ മാത്രമല്ല, സമ്പന്ന രാജ്യങ്ങളെയും, കാര്‍ഷിക ഉത്പന്ന വിലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പം പിടിച്ചുലയ്ക്കുന്നുണ്ട്.

2035 ആകുമ്പോഴേക്കും ഈ പ്രവണതകള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലെയും ഗവേഷകര്‍ പറയുന്നു. ‘കാലാവസ്ഥാ പണപ്പെരുപ്പം’ കാരണം അടുത്ത ദശകത്തില്‍ ഭക്ഷ്യവിലക്കയറ്റം പ്രതിവര്‍ഷം 3 ശതമാനം പോയിന്റ് വരെ വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള പണപ്പെരുപ്പം ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതല്ല മറിച്ച് അത് തുടങ്ങി കഴിഞ്ഞു എന്ന മുന്നറിയിപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഭക്ഷ്യ വിലകളില്‍ .67 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവചനം. 2060 ആകുമ്പോഴേക്കും ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റം 4% വരെ ഉയരുമെന്ന് വേറെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥ മൂലം വിളവ് കുറയുന്നു എന്ന പ്രശ്‌നത്തോടൊപ്പം ഉല്‍പ്പാദന ചെലവ് കൂടുന്നു എന്ന വലിയ പ്രശ്‌നവുമുണ്ട്.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സുകള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നുള്ളത് വലിയ പ്രശ്‌നമാണ്. ആഗോളതലത്തില്‍ പോലും 20 മുതല്‍ 30 ശതമാനം വരെ മാത്രമേ ഇതുമായി ബന്ധപ്പെട്ടുള്ള ഇന്‍ഷുറന്‍സ് നിലവിലുള്ളൂ. യൂറോപ്പിലും, അമേരിക്കയിലും കാലാവസ്ഥ വ്യതിയാനം ഭക്ഷ്യവിളകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ അത് കുഞ്ഞുങ്ങളില്‍ പോലും പട്ടിണിയും പോഷകാഹാര കുറവും ഉണ്ടാക്കും. വില നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമല്ലാത്തതിനാല്‍ സാധാരണ ജനങ്ങളുടെ പോഷകാഹാര നിലയെയും ഇത് ബാധിക്കും. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും അത് ഭക്ഷ്യ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിനെ പറ്റിയും ധാരാളം അക്കാദമിക് പഠനങ്ങള്‍ വരുന്നുണ്ടെങ്കിലും, അത് സര്‍ക്കാര്‍ നയങ്ങളായി സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്കെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. Climate change and rising inflation 

Content Summary: Climate change and rising inflation

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×