കർണാടക സർക്കാരിന്റെ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കുന്ന തരത്തിലാണ് നിലവിലെ റിപ്പോർട്ടുകൾ . സ്ഥിതിഗതികൾ വിലയിരുത്താൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയെ കഴിഞ്ഞ ദിവസം കോൺഗ്രസ് നിയോഗിച്ചതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
തന്റെ മൂന്ന് ദിവസത്തെ കർണാടക സന്ദർശനത്തിനിടെ എല്ലാ എംഎൽഎമാരെയും എംഎൽസിമാരെയും നേരിൽ കാണാൻ സുർജേവാല പദ്ധതിയിടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാരുമായും, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികളുമായും, മറ്റ് നേതാക്കളുമായും സുർജേവാല സംവദിക്കും. രാഷ്ട്രീയപരമായ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് നേതാക്കളുമായുള്ള സുർജേവാലയുടെ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു.
നേതൃമാറ്റം സംബന്ധിച്ച് നിയമസഭാംഗങ്ങളുടെ അഭിപ്രായം മനസ്സിലാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രമത്തിന്റെ ഭാഗമായാണ് എംഎൽഎമാരുമായുള്ള സുർജേവാലയുടെ കൂടിക്കാഴ്ചയെന്നാണ് ഉയർന്ന മറ്റൊരു വിമർശനം. അതേസമയം, സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹങ്ങളെ കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്.
2023 മെയിൽ അധികാരത്തിലെത്തുമ്പോൾ സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിക്കുമെന്നായിരുന്നു ധാരണയായത്. എന്നാൽ നിലവിൽ സിദ്ധരാമയ്യ വിഭാഗം ഈ കരാറിനെ നിഷേധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോൺഗ്രസിൽ നിലവിൽ ഉള്ള ഒരേയൊരു പിന്നോക്ക വിഭാഗ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്നും, അടുത്തിടെ രൂപീകരിച്ച ഒബിസി ഉപദേശക സമിതിയുടെ ആദ്യ യോഗം ജൂലൈ 15 ന് ബെംഗളൂരുവിൽ ചേരുന്നതോടെ അദ്ദേഹത്തിന്റെ നിലപാട് കൂടുതൽ ശക്തമാകുമെന്നും സിദ്ധരാമയ്യ വിഭാഗത്തിലെ ഒരു നേതാവ് പറഞ്ഞു. ഈ നേതൃമാറ്റ ചർച്ചകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരുടെ വാദം.
അതേസമയം, എംഎൽഎമാർക്കിടയിലെ അതൃപ്തിയാണ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ കർണാടക സന്ദർശനത്തിന് കാരണമായതെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നത്.
ഫണ്ട് വിതരണത്തിലെ അസമത്വത്തെക്കുറിച്ച് ചിലർ പരസ്യമായി പരാതിപ്പെടുകയും നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. ആശങ്കയറിയിച്ച എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് ആലോചിച്ചിരുന്നുവെന്നും എന്നാൽ ആഭ്യന്തര കാര്യങ്ങളിൽ ആശങ്കകൾ കേൾക്കാനും വിവേചനാധികാരം പ്രയോഗിക്കാനും സുർജേവാല നേതാക്കളെ നേരിട്ട് കാണുന്നതാണ് നല്ലതെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ വരുമോയെന്ന ചോദ്യത്തോട്, ഹൈകമാൻഡാണ് തീരുമാനമെടുക്കുന്നതെന്നും അതിനുള്ള അധികാരം അവർക്കാണെന്നുമാണ് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. സുർജേവാലയുടെ പ്രതികരണത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ഖാർഗെ അറിയിച്ചിരുന്നു.
സിദ്ധരാമയ്യയുടെ സഖ്യകക്ഷിയായ സഹകരണ മന്ത്രി കെ എൻ രാജണ്ണ, സെപ്റ്റംബറിന് ശേഷം വിപ്ലവകരമായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയും ശിവകുമാറിന് പകരം സതീഷ് ജാർക്കിഹോളിയെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റാക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയിലുള്ള ചർച്ചകളിലേക്കും നീങ്ങിയിരുന്നു. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചർച്ചകളും പ്രചരിക്കുന്നുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ സുർജേവാലയുടെ സന്ദർശനം അദ്ദേഹത്തിന്റെ പതിവ് കടമകളുടെ ഭാഗമാണെന്നാണ് അഭ്യൂഹങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ മറുപടി. നേതൃമാറ്റത്തെക്കുറിച്ചുള്ള കിംവദന്തികൾ അഭ്യൂഹങ്ങളായി മാത്രം തുടരുമന്നാണ് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞത്. മാത്രമല്ല, സുർജേവാലയുടെ സന്ദർശനത്തിന് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും അവയേതൊക്കെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഓരോ മണ്ഡലത്തിലെയും സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടി പദ്ധതികളുടെ സ്ഥിതി, വികസന പ്രവർത്തനങ്ങളിലുള്ള നിയമസഭാംഗങ്ങളുടെ താൽപര്യം, പ്രാദേശികമായി കോൺഗ്രസ് സംഘടനയുടെ ശക്തി തുടങ്ങിയ കാര്യങ്ങളാണ് ജി. പരമേശ്വര സുർജേവാലയുടെ സന്ദർശനോദ്ദേശമായി അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അധികാരം ലഭിച്ച സമയത്ത് ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയ കോൺഗ്രസ്, രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിപദവും വാഗ്ദാനം ചെയ്തു. അതുപ്രകാരം ഒക്ടോബറിലോ നവംബറിലോ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Content Summary: CM change in Karnataka: Will the promise made to D.K. Shivakumar remain just words?
Leave a Comment