June 03, 2026 |

‘കമ്മ്യൂണിസം എന്നും യുദ്ധത്തിനെതിരാണ്’ ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിമർശനങ്ങൾക്കും ആശങ്കകൾക്കുമുള്ള വിശദീകരണം, മറുപടി പോസ്റ്റിൽ സ്വരാജ് നൽകുന്നുണ്ട്

പാകിസ്ഥാൻ ഭീകരരുടെ പഹൽ​ഗാം ആക്രമണത്തിനും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിനും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ് ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്. യുദ്ധാസക്തരുടെ വിലാപങ്ങൾ അപ്രതീക്ഷിതമല്ല…നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത് . ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിർക്കാതെ വയ്യ എന്നെഴുതി കൊണ്ടാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഇന്ത്യൻ തിരിച്ചടിയുടെ വാർത്ത യുദ്ധത്തെ പിന്തുണയ്ക്കുന്ന തരത്തിലേക്ക് അതിരു കടന്നപ്പോഴാണ് ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്” എന്ന് പരാമർശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സ്വരാജ് ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിന് താഴെ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇതിന് മറുപടിയായി മറ്റൊരു പോസ്റ്റ് കൂടി സ്വരാജ് ഫേസ്ബുക്കിൽ പങ്കുവച്ചത്. എം മുകുന്ദന്റെ ‘ ദൽഹി ഗാഥകൾ ‘ എന്ന നോവലിലെ യുദ്ധവും സമാധാനവും എന്ന ചെറിയ ഒരു ഭാഗം പറഞ്ഞ് കൊണ്ടാണ് സ്വരാജ് തൻ്റെ പോസ്‌റ്റ് ആരംഭിച്ചിരുന്നത്. ആക്രമണത്തിൽ നിരപരാധികൾ മരണപ്പെട്ട വാർത്ത വേദന നൽകുന്നുണ്ടെന്നും സ്വരാജ് തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ആ പോസ്റ്റിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പ്രതികരണങ്ങളുമുണ്ടായിരുന്നു. ” നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരർ ” “ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ് .” ” അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താൻ. ” ” പഹൽഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊള്ളണം .” ” ഇവിടം കൊണ്ട് ഇത് അവസാനിക്കണം ” എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് മുമ്പ് പങ്കു വച്ച പോസ്റ്റിന് താഴെയുണ്ടായിരുന്നത്.

ഈ വിമർശനങ്ങൾക്കും ആശങ്കകൾക്കുമുള്ള വിശദീകരണം മറുപടി പോസ്റ്റിൽ സ്വരാജ് നൽകുന്നുണ്ട്. പാകിസ്ഥാൻ ആരംഭിച്ച ഷെല്ലാക്രമണം ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ സ്വരാജ് പരാമർശിച്ചിരുന്നു. ഇതിനൊപ്പം തന്നെ യുദ്ധത്തിൻ്റെ ഭീകരതയും ദുരന്തവും വിശദീകരിക്കുന്നതും കാണാം. തന്റെ ഈ നിലപാട് സംഘപരിവാറിനെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്ന ആശങ്കയിലായിരുന്നു താനെന്നും എന്നാൽ താനെഴുതിയതിന്റെ അർത്ഥം മനസിലാവാത്ത സം​ഘപരിവാർ അതിന് മുതിരില്ലെന്ന് പിന്നീട് തോന്നിയതായും കുറിപ്പിൽ പറയുന്നു.

എന്നാൽ തന്റെ പോസ്റ്റിനെ നവമാധ്യമങ്ങളിൽ ഇടതുപക്ഷക്കാരായ ചിലർ സമീപിച്ച രീതിയെപ്പറ്റി സ്വരാജ് വ്യക്തമാക്കുന്നുണ്ട്. സോവിയറ്റ് യൂണിയൻ യുദ്ധം ചെയ്തില്ലേ എന്ന ഇവരുടെ ആശങ്കയ്ക്കും കുറിപ്പിൽ സ്വരാജ് മറുപടി നൽകുന്നുണ്ട്. രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടൻ ‘ഹായ് .. യുദ്ധം’ എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടർ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാൻ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടർക്ക് ഓർമയില്ല. ഒടുവിൽ അക്രമിക്കപ്പെട്ടപ്പോൾ , യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയൻ യുദ്ധത്തിനിറങ്ങിയത് . ഹിറ്റ്ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുൻകയ്യെടുത്തത്. ലോകസമാധാന കൗൺസിൽ ( ഡബ്ല്യു പി സി ) നിലവിൽ വന്നത് അങ്ങനെയാണ് . ലോകസമാധാന കൗൺസിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ ഐ പി എസ് ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെങ്കിലും ഇക്കൂട്ടർ ഓർക്കണം. കുറിപ്പിൽ വിശദീകരിക്കുന്നു.

ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാൽ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദ്യത്തിനും സുദീർഘമായ മറുപടിയുണ്ട് പോസ്റ്റിൽ. ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടർ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു തകർക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത് . ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഐ (എം) ഉൾപ്പെടെ ഇന്ത്യയിൽ എല്ലാവരും പിന്തുണച്ചതുമാണ്. അതിൽ ഒരു തർക്കവും നിലവിലില്ലെന്നും പറയുന്നു.

‘ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേൾഡ് പീസ് കൗൺസിലും കമ്മ്യൂണിസ്റ്റുകാരുമാണ്.മനുഷ്യൻ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്നമെന്ന് ഇടതു നാട്യ സന്ദേഹികൾ മനസിലാക്കണം . യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിൻ്റെ ലോകമാണ് കമ്യൂണിസം. ആരും ആരെയും കീഴടക്കാത്ത , അന്യൻ്റെ ശബ്ദം പോലും സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ലോകം സ്വപ്നം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സന്ദേഹികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തിൽ ഇന്നലെ തന്നെ അണിനിരക്കാൻ കുറെ യുദ്ധാസക്തർ ഇറങ്ങിയിരിക്കുകയാണ്. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത് ?
വാർ ഗെയിമുകളിലൂടെ വളർന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാൻ എത്ര എളുപ്പമാണ് എന്ന് തെളിയുന്നു. കൂടുതൽ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു

യുദ്ധത്തിൽ വിജയികളില്ല. ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല. അതായത് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ല. കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ല. കൂടുതൽ വിശദീകരിക്കേണ്ടതുമില്ല. ആ പോസ്റ്റിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തിൽ ഏറെ മുൻപേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ എൻറെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത് . കുറച്ചു മനുഷ്യർക്ക് അത് മനസ്സിലായിട്ടുണ്ട് . അതിൽ സന്തോഷവുമുണ്ട് . അപ്പോൾ പിന്നെ, സംഘപരിവാറുകാർ തെറിവിളിയും ഭീഷണിയും അധിക്ഷേപവും സംഘടിതമായി , കൂടുതൽ ശക്തിയോടെ തുടരുക. പറ്റാവുന്നവരെയൊക്കെ കൂടെ കൂട്ടുക . ഇനിയെങ്ങാൻ ഞാൻ പേടിച്ച് നിലപാട് മാറ്റിയാലോ…..! എന്നെഴുതി കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

content summary: Communism has always stood against war, wrote CPM state member M. Swaraj in a Facebook post

Leave a Reply

Your email address will not be published. Required fields are marked *

×