തമ്മിലടിച്ച് കോണ്‍ഗ്രസ്; സമവായത്തിലെത്താതെ പുനഃസംഘടന

ഗ്രൂപ്പ് പോരുകള്‍ പുനഃസംഘടനയിലും

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിവാദങ്ങളും തര്‍ക്കങ്ങളും തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരെ ജില്ലാ അധ്യക്ഷന്‍മാരായി പരിഗണിക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. എംപിമാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. കെപിസിസി, ഡിസിസി അംഗങ്ങളുടെ പുനഃസംഘടന സംബന്ധിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയാണിത്. എന്നാല്‍, പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച്, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതില്‍ നേതാക്കളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസ്ഥാനത്തെ എംപിമാരുമായും ഹൈക്കമാന്‍ഡ് നേതാക്കളുമായും കൂടിക്കാഴ്ച നടത്താനായി ദില്ലിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് പോരുകള്‍ പുനഃസംഘടനയിലും പ്രതിഫലിക്കുന്നുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പട്ടികയില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും, നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തര്‍ക്കങ്ങള്‍ സജീവമാണ്. ചില നേതാക്കള്‍ കെ.സി. വേണുഗോപാലിനോടും മറ്റ് ചിലര്‍ വി.ഡി. സതീശനോടും ചേര്‍ന്നാണ് നിലകൊള്ളുന്നത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ അവ്യക്തതയുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ അന്തിമ ധാരണയായിട്ടില്ല. ചര്‍ച്ചകള്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും, പുനഃസംഘടന ആഗസ്റ്റ് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. എന്നാല്‍, ഗ്രൂപ്പ് തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ നേതൃത്വം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായാണ് നേതൃത്വം തലസ്ഥാനത്തെത്തിയത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റേണ്ടതില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. വയനാട്, ആലപ്പുഴ, കോട്ടയം, ഇടുക്കി ഡിസിസികള്‍ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നുണ്ട്.

പുതിയ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ നിയമിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. അടുത്ത വര്‍ഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകാത്ത രീതിയില്‍ എല്ലാ വിഭാഗങ്ങളെയും ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍, കഴിഞ്ഞ തവണത്തേതുപോലെ, ഇത്തവണയും കെപിസിസിക്ക് ഒരു ജംബോ കമ്മിറ്റി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന നേതൃത്വം മാറ്റാനിരുന്ന ഡിസിസി അധ്യക്ഷന്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് എംപിമാര്‍ സ്വീകരിച്ചിരിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുമ്പോള്‍ സ്വന്തം ജില്ലകളില്‍ തങ്ങളുടെ അഭിപ്രായവും പരിഗണിക്കുകയും തങ്ങള്‍ക്കും മേല്‍കൈ വേണമെന്ന നിലപാടിലുമാണ് എംപിമാര്‍. എന്നാല്‍ എംപിമാരുടെ ആവശ്യങ്ങളെ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം കൊല്ലം ജില്ലയില്‍ രാജേന്ദ്ര പ്രസാദിനെ നിലനിര്‍ത്തണമെന്നാണ്. എന്നാല്‍ പ്രായാധിക്യത്താല്‍ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നതിനാല്‍ ഊര്‍ജസ്വലനായ ആളെ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ പിസി വിഷ്ണുനാഥാകട്ടെ മറ്റ് പേരുകളാണ് മുന്നോട്ടുവയ്ക്കുന്നത്. തിരുവനന്തപുരത്ത് തട്ടിപ്പ് കേസില്‍ ജയില്‍വാസം അനുഭവിച്ചയാളെ പോലും ഡിസിസി പ്രസിഡന്റാകാനുള്ള സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത്, പാലോട് രവി രാജിവച്ചതിന് ശേഷം എന്‍. ശക്തനാണ് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. അതേസമയം, കെപിസിസി പ്രസിഡന്റും ശശിതരൂരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍, എന്‍ ശക്തന്‍ തന്നെ തുടരട്ടെയെന്നാണ് തരൂരിന്റെ ആവശ്യം.

പത്തനംതിട്ട ഡിസിസി പ്രസിഡന്റിനെ മാറ്റുന്നതിനെ എതിര്‍ത്ത് ആന്റോ ആന്റണിയും, കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ മാറ്റുന്നതിനെ എതിര്‍ത്ത് കെ. സുധാകരനുമാണ് രംഗത്തെത്തിയത്. ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ ബി ബാബുപ്രസാദിനെ മാറ്റരുതെന്ന ലക്ഷ്യത്തിലാണ് രമേശ് ചെന്നിത്തല നേതൃത്വം. അതുപോലെ തന്നെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മാറ്റരുതെന്ന ആവശ്യമാണ് ഹൈബി ഈഡനും ഉന്നയിക്കുന്നത്. തൃശൂര്‍ ഒഴികെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, മോശം പ്രകടനം കാഴ്ചവെച്ചവരെ മാത്രം മാറ്റിയാല്‍ മതിയെന്ന ശക്തമായ അഭിപ്രായമുണ്ട്.

ചുരുക്കപ്പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നും നാലും വരെ പേരുകളാണ് ഓരോ ജില്ലയില്‍ നിന്നും ഉയരുന്നത്. പേരുകളുടെ കാര്യത്തിലും സമവായത്തിലെത്താന്‍ നേതാക്കള്‍ക്കായിട്ടില്ല. നിലവില്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ വ്യക്തത കുറവുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ചുമതല മാറുന്നതോടെ, ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് നീക്കം. മുതിര്‍ന്ന നേതാക്കള്‍ക്കും യുവജനങ്ങള്‍ക്കും കെപിസിസി ചുമതല നല്‍കിയേക്കും.

കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തയ്യാറാക്കിയ പട്ടികയുമായാണ് കെപിസിസി നേതൃത്വവും പ്രതിപക്ഷവും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22-ല്‍ നിന്ന് 40 ആയും, വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍ നിന്ന് പത്തായും, സെക്രട്ടറിമാരുടെ എണ്ണം 76-ല്‍ നിന്ന് 100 ആയും ഉയര്‍ത്താനും സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. Congress leaders clash; reorganization without consensus

Content Summary: Congress leaders clash; reorganization without consensus

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment