March 28, 2025 |

അദാനിക്ക് വേണ്ടി ആറ് അമേരിക്കൻ എം.പിമാർ

സൗരോർജ്ജ കരാറിലെ കൈക്കൂലി ആരോപണം പുനപരിശോധിക്കണമെന്ന് ആവശ്യം

അദാനിയ്ക്കെതിരെയുള്ള ആരോപണങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ പമേല ബോണ്ടിയ്ക്ക് കത്തയച്ച് യുഎസ് പാർലമെന്റഗംങ്ങൾ. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തായിരുന്നു അദാനി ഗ്രൂപ്പിനെതിരെ യുഎസ് നീതിന്യായ വകുപ്പ് ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നതായിരുന്നു അദാനിയ്ക്കെതിരെ ആരോപിതമായ കുറ്റം.

അദാനി ഗ്രൂപ്പിനെതിരായ കുറ്റപത്രം ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇന്ത്യയുമായുള്ള ബന്ധത്തെ അപകടത്തിലാക്കി എന്ന് കോൺഗ്രസ് അംഗങ്ങളായ ലാൻസ് ഗുഡൻ, പാറ്റ് ഫാലൺ, മൈക്ക് ഹരിഡോപോളോസ്, ബ്രാൻഡൻ ഗിൽ, വില്യം ആർ ടിമ്മൺസ്, ബ്രയാൻ ബാബിൻ എന്നിവർ അവകാശപ്പെട്ടു. കേസുകൾ രജിസ്റ്റർ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങളിൽ അമേരിക്കയുടെ തീരുമാനങ്ങൾ ഇന്ത്യ പോലുള്ള അടുത്ത സഖ്യകക്ഷികളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുമെന്ന് ഇവർ ആരോപിക്കുന്നു. ബൈഡൻ ഭരണകൂടത്തിന്റെ ചില വിവേകശൂന്യമായ തീരുമാനങ്ങൾ കാരണം രാജ്യങ്ങൾ തമ്മിലുള്ള ഈ ചരിത്രപരമായ പങ്കാളിത്തത്തിൽ വിള്ളലേറ്റിട്ടുണ്ടെന്ന് സംയുക്ത കത്തിൽ പരാമർശിക്കുന്നു.

ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ തയ്യാറെടുപ്പുകൾ നടത്തിയെന്ന ആരോപണത്തിലായിരുന്നു കേസ്. കേസ് ഇന്ത്യൻ അധികാരികൾക്ക് കൈമാറുന്നതിനുപകരം, യുഎസ് താൽപ്പര്യങ്ങൾക്ക് പരിക്കേൽക്കാതെ കമ്പനിയുടെ എക്സിക്യൂട്ടീവുകൾക്ക് മേൽ കുറ്റം ചുമത്താൻ ബൈഡൻ മുൻകൂട്ടി തീരുമാനിച്ചതായി അവർ കൂട്ടിച്ചേർത്തു. ഇന്ത്യ പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം സങ്കീർണ്ണമാക്കുന്ന രീതിയിൽ കേസ് നടത്തേണ്ട ആവശ്യകത നിലവിൽ നിലനിൽക്കുന്നില്ലെന്ന് കോൺഗ്രസുകാർ പറഞ്ഞു.

“അമേരിക്കയുടെ സാമ്പത്തിക അഭിവൃദ്ധി പുനരുജ്ജീവിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രതിബദ്ധത കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിലപ്പെട്ട പങ്കാളികളുമായുള്ള നമ്മുടെ സാമ്പത്തിക ബന്ധം ആ ലക്ഷ്യം കൈവരിക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്നും അവർ കൂട്ടിചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് യുഎസ് പ്രോസിക്യൂട്ടർമാർ ഗൗതം അദാനിയ്ക്കും അദാനി ഗ്രൂപ്പിലെ നിരവധി എക്സിക്യൂട്ടീവുകൾക്കും ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികൾക്കുള്ള കരാറുകൾ നേടുന്നതിനായി 250 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായി ആരോപണമുയരുന്നത്.

വിദേശ സര്‍ക്കാരുകള്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിട്ടിരുന്നു. യുഎസ് പൗരന്മാര്‍ക്കാണ് നേരിട്ട് ബാധകമെങ്കിലും ട്രംപിന്റെ തീരുമാനം അദാനി ഗ്രൂപ്പിന് ആശ്വാസമായേക്കും.

അദാനിയ്ക്കും അനന്തരവൻ സാഗർ അദാനിയ്ക്കും നിരവധി കൂട്ടാളികൾക്കുമെതിരെ നിയമവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിൽ ലാഭകരമായ ഹരിത ഊർജ്ജ കരാറുകൾ ഉറപ്പാക്കുന്നതിനായി 250 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായാണ് അവർക്കെതിരെയുള്ള ആരോപണം. വ്യാപകമായ അഴിമതിയിൽ ഏർപ്പെടുമ്പോൾ തന്നെ അദാനി ഗ്രൂപ്പ് തങ്ങളുടെ കൈക്കൂലി വിരുദ്ധ നടപടികളെക്കുറിച്ച് യുഎസ് നിക്ഷേപകരോട് കള്ളം പറഞ്ഞുവെന്ന ആരോപണവും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. എന്നാൽ പ്രസ്താവനയിൽ പരാമർശിച്ച പ്രകാരമുള്ള ആരോപണങ്ങൾ, കമ്പനി ആരോപണങ്ങൾ നിരസിച്ചു. അദാനി ഗ്രീനിന്റെ ഡയറക്ടർമാർക്കെതിരെ യുഎസ് നീതിന്യായ വകുപ്പും എസ്ഇസിയും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് ശക്തമായി നേരിടുമെന്നും ഗ്രൂപ്പ് പറഞ്ഞു.

content summary: Six US Congressmen have requested Attorney General Pamela Bondi to review the decision aganist adani

Leave a Reply

Your email address will not be published. Required fields are marked *

×