April 25, 2025 |
Share on

അശാന്തം മണിപ്പൂര്‍, രാഷ്ട്രീയ തിരിച്ചടിയില്‍ ബിജെപി

കോണ്‍റാഡ് സാഗ്മയുടെ എന്‍പിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

വീണ്ടും കലുഷിതമായ മണിപ്പൂരില്‍ രാഷ്ട്രീയ സാഹചര്യങ്ങളിലും വഴിത്തിരിവ്. കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബിജെപി കഴിഞ്ഞാല്‍ ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ഏഴ് എംഎല്‍എമാരുള്ള എന്‍പിപി. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ആഴത്തിലുള്ള ആശങ്ക പങ്കുവച്ചുമാണ് എന്‍പിപി സര്‍ക്കാരില്‍ നിന്നും പിന്മാറുന്നത്.

എന്‍പിപിയുടെ പിന്മാറ്റം എന്‍ ബിരേന്‍ സിംഗ് സര്‍ക്കാരിന് ഉടനടി ഭീഷണിയാകില്ല. 60 അംഗ നിയമസഭയില്‍ 37 എന്ന മാന്ത്രിക സംഖ്യയുമായാണ് ബിജെപി ഭരണത്തില്‍ ഇരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് കോണ്‍റാഡ് സാംഗ്മയില്‍ നിന്നും ബിജെപിക്ക് നേരിട്ടിരിക്കുന്നത്. ശക്തമായ പ്രാദേശിക അടിത്തറയുള്ള എന്‍പിപിയുടെ പിന്മാറ്റം സംസ്ഥാനത്തെ സാഹചര്യം മനസിലാക്കിയുള്ളതാണ്. ജനങ്ങളുടെ പ്രതിഷേധം ഉള്‍ക്കൊള്ളേണ്ടതായി സാഗ്മയുടെ പാര്‍ട്ടിക്ക് വ്യക്തമായിരിക്കുന്നു. ഇത് ബിജെപി സര്‍ക്കാരിനുള്ള വ്യക്തമായ സന്ദേശമാണ്. തങ്ങളുടെ പിന്മാറ്റം സര്‍ക്കാരിന് ഭീഷണിയാകുമെന്ന് തന്നെയാണ് എന്‍പിപി പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ഒരു എന്‍പിപി എംഎല്‍എ അതിന്റെ കാരണം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്; നിലവില്‍ ഏഴ് കുക്കി എംഎല്‍എമാര്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുകയാണ്. അതിനൊപ്പം ഏഴ് എന്‍പിപി എംഎല്‍എമാര്‍ കൂടി പിന്മാറിയാല്‍, അദ്ദേഹം(ബിരേന്‍ സിംഗ്) നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പാടുപെടും’.

മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ കഴിവ് കേടിന്റെ പേരില്‍ ചോദ്യം ചെയ്താണ് പിന്മാറ്റത്തിനുള്ള കാരണത്തെ കോണ്‍റാഡ് സാഗ്മ ന്യായീകരിക്കുന്നത്. സമാധാനം തിരികെ കൊണ്ടുവരാന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന് സാഗ്മ കുറ്റപ്പെടുത്തുന്നു. ‘ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ സംഘര്‍ഷം പരിഹരിക്കുന്നതിലും സമാധാനം പുലര്‍ത്തുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ് എന്‍പിപി വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മണിപ്പൂരിലെ ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണ്’ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡയെ സംബോധന ചെയ്ത് തയ്യാറാക്കിയ കത്തില്‍ എന്‍പിപി അധ്യക്ഷന്‍ കോണ്‍റാഡ് സാഗ്മ വിശദീകരിക്കുന്നു.

”നിരപരാധികളായ നിരവധി മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നതും, ജനം ദുരിതത്തിലാകുന്നതുമായ കാഴ്ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്’ സാഗ്മയുടെ കത്തില്‍ പറയുന്നു.

ഭരണകക്ഷിയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മാറ്റുന്നതിലേക്ക് കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും തുടങ്ങി. സര്‍ക്കാരിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചതിന് പിന്നാലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കെ ഹേമചന്ദ്ര രംഗത്ത് വന്നു. മണിപ്പൂരിന്റെ സമാധാനം തിരികെ പിടിക്കാന്‍ പുതിയൊരു ജനവിധി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരും നിയമസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറാണെന്നാണ് ഹേമചന്ദ്ര അറിയിച്ചിരിക്കുന്നത്.

N Biren Singh- Conrad Sangma

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, കോണ്‍റാഡ് സാഗ്മ

ഭരണകൂടത്തിനെതിരേ ജനം രോഷം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് സംസ്ഥാനത്ത്. ജിരിബാം നദിയില്‍ ഒരു മെയ്തി സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വലിയ സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് തീവച്ചു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ കോളിളക്കത്തിലേക്കും മണിപ്പൂര്‍ വീണത്. ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാതായ സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് നദിയില്‍ കണ്ടെത്തിയത്. ഹ്‌മര്‍ തീവ്രവാദികള്‍ ക്യാമ്പില്‍ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇവരെ കാണാതായത്. സിആര്‍പിഎഫ് ജവാന്മാരുടെ പ്രത്യാക്രമണത്തില്‍ 10 ഹ്‌മര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

മണിപ്പൂര്‍ സംഘര്‍ഷം സംസ്ഥാന ബിജെപി ഘടകത്തിനുള്ളിലും അസ്വസ്ഥതകളും വിഭജനവും സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഏതാനും എംഎല്‍എമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടയിലാണ് എന്‍പിപിയുടെ പിന്മാറ്റം. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ക്ക് ഇതുവരെ ആഭ്യന്തര മന്ത്രിയെ കാണാനുള്ള അവസരം കിട്ടിയിട്ടുമില്ല. ചില പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സംസ്ഥാനത്ത് നിന്നുള്ള ഒരു ബിജെപി എംഎല്‍എ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

അതേസമയം, അമിത് ഷാ മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടു നിന്നുകൊണ്ട് മണിപ്പൂര്‍ സുരക്ഷ സാഹചര്യങ്ങള്‍ ഷാ വിലയിരുത്തുന്നുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. സുരക്ഷ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഷാ ഒരു റിവ്യൂ മീറ്റിംഗ് നടത്തിയിരുന്നു, തിങ്കളാഴ്ച്ച വീണ്ടും യോഗം ചേരുന്നുണ്ട്.

manipur 1

അമിത് ഷായെ കാണാന്‍ ആകാത്തത്തിന്റെ പരിഭവും മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ക്കുണ്ട്. ഖുറായില്‍ നിന്നുള്ള എംഎല്‍എ എല്‍ സുശീന്ദ്രോ ഡല്‍ഹിയില്‍ ആഭ്യന്ത്ര മന്ത്രിയെ കാണാന്‍ എത്തിയ സമയത്താണ് നാട്ടില്‍ അദ്ദേഹത്തിന്റെ വീട് കത്തിച്ചത്. ആഭ്യന്തര മന്ത്രിയെ കാണാന്‍ തനിക്ക് സാധിച്ചില്ലെന്നും, ഇംഫാലില്‍ തിരിച്ചെത്തിയ താന്‍ ഇപ്പോള്‍ കത്തിത്തീര്‍ന്ന വീട്ടില്‍ നിന്നും ബാക്കിയയാ സാധാനങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.

അതേസമയം സംസ്ഥാനത്തെ ബിജെപി നേതൃത്വം പറയുന്നത്, പുതിയതായി എംഎല്‍എമാരൊന്നും ഡല്‍ഹിയില്‍ പോയിട്ടില്ലെന്നാണ്. നേരത്തെ ചില എംഎല്‍എമാര്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു എന്നതല്ലാതെ ഇപ്പോള്‍ ആരും പോയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വലിയൊരു വിഭാഗം ബിജെപി എംഎല്‍എമാരും നിര്‍ബന്ധിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് പരിഹാരം തേടാനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു കിട്ടുന്ന വിവരമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് 19 എംഎല്‍എമാര്‍ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയത്. അതുകൊണ്ട് ഒന്നും മാറിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഘര്‍ഷം തെളിയിക്കുന്നത്.  Conrad Sangma’s NPP withdraws support to N Biren Singh govt in Manipur

Content Summary; Conrad Sangma’s NPP withdraws support to N Biren Singh govt in Manipur

Leave a Reply

Your email address will not be published. Required fields are marked *

×